2014-01-30 10:28:08

മാർപാപ്പമാരും മാധ്യമങ്ങളും: ഫാ.ലൊംബാർദിയുടെ വീക്ഷണങ്ങൾ


29 ജനുവരി 2014, വത്തിക്കാൻ
മാർപാപ്പമാരും മാധ്യമലോകവും തമ്മിലുള്ള രസതന്ത്രത്തെക്കുറിച്ച് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദിയുടെ അനുഭവങ്ങൾ സ്പാനിഷ് റേഡിയോ ശ്രോതാക്കൾക്ക് നവ്യാനുഭവമായി. സ്പെയിനിലെ ടൊളെദോയില്‍ നടന്ന ഒരു പുരസ്കാര സ്വീകരണ ചടങ്ങിലാണ് മാർപാപ്പമാരും മാധ്യമലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തന്‍റെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും ഫാ.ലൊംബാർദി പങ്കുവയ്ച്ചത്. ടൊളെദോയിലെ സാന്താ മരിയ റേഡിയോയും, രൂപതാതല ടെലിവിഷൻ കേന്ദ്രവുമാണ് ഫാ.ഫെദറിക്കോ ലൊംബാർദിയെ കത്തോലിക്കാ മാധ്യമപ്രവർത്തനത്തിനുള്ള വിശിഷ്ട പുരസ്ക്കാരം നൽകി ആദരിച്ചത്.
കരുത്തുറ്റ ആശയസംവേദകനായിരുന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ. ജീവതാന്ത്യത്തില്‍ ശബ്ദം നഷ്ടമായപ്പോൾപോലും അംഗചലനങ്ങളിലൂടേയും ഭാവപ്രകടനങ്ങളിലൂടേയും അദ്ദേഹം ആശയസംവേദനം നടത്തിയത് ലോകം ആശ്ചര്യത്തോടെ ദർശിച്ചു.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ആശയസംവേദന ശൈലി വ്യത്യമായിരുന്നു. സുവ്യക്തമായ ആശയങ്ങളും തനിമയാർന്ന ചിന്താശൈലിയുമാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടനൽകാത്തത്ര വ്യക്തവും ക്ലിപ്തവുമാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ. വിമർശനങ്ങളോട് പ്രതികരിക്കുമ്പോൾ അദ്ദേഹം പ്രകടമാക്കിയ ക്ഷമയും എളിമയും ഹൃദയസ്പർശിയായിരുന്നുവെന്നും ഫാ.ലൊംബാർദി പറഞ്ഞു.
ജന മനസുകളിലേക്ക് നേരിട്ടെത്തുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ശൈലി. ചിത്രങ്ങളും ഉപമകളും ഉദാഹരണങ്ങളുമൊക്കെ ഉപയോഗിച്ച് മാർപാപ്പ നൽകുന്ന സന്ദേശങ്ങള്‍ക്കുവേണ്ടി ലോകം മുഴുവനും കാതോർക്കുന്നു. മാധ്യമലോകത്തിന്‍റെ അസാധാരണമായ പിന്തുണയും ഫ്രാൻസിസ് പാപ്പയ്ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് പാപ്പായുടെ സ്വാഭാവികമായ ആശയസംവേദന ശൈലി പുതിയൊരു ആശയസംവേദന മാർഗ്ഗമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.