2014-01-30 10:33:08

പാപ്പായ്ക്ക് കത്തുകളുടെ പ്രവാഹം


പാപ്പായ്ക്ക് കത്തുകളുടെ പ്രവാഹം
29 ജനുവരി 2014, വത്തിക്കാൻ
ഫ്രാൻസിസ് പാപ്പായ്ക്ക് കത്തുകളുടെ പ്രവഹാം. ലോകമെമ്പാടും നിന്ന് ആയിരക്കണക്കിനു കത്തുകളാണ് ഓരോ ആഴ്ച്ചയിലും പാപ്പായെ തേടി വത്തിക്കാനിലെത്തുന്നത്. കത്തുകൾ മാത്രമല്ല, ആശംസാ കാർഡുകളും സമ്മാനപ്പൊതികളുമൊക്കെ ഇക്കൂട്ടത്തിലുണ്ടെന്ന് അപ്പസ്തോലിക അരമനയിലെ കത്തിടപാടുകൾക്കുവേണ്ടിയുള്ള കാര്യാലയം വെളിപ്പെടുത്തി. പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചും, ഉപദേശം ആരാഞ്ഞും, ആശംസകൾ അർപ്പിച്ചും പാപ്പായ്ക്ക് എഴുതുന്നവരുണ്ട്. കത്തിലൂടെ തുറന്ന കുമ്പസാരം തന്നെ നടത്തുന്നവരുമുണ്ട്. മാർപാപ്പായ്ക്ക് സമ്മാനങ്ങളയക്കാനാണ് മറ്റു ചിലർക്കു താല്‍പര്യം. സാന്താ മാർത്താ മന്ദിരത്തിലാണ് പാപ്പ താമസിക്കുന്നതെന്നറിയാവുന്നതിലാൽ , ഫ്രാൻസിസ് പാപ്പ, സാന്താ മാർത്താ മന്ദിരം, വത്തിക്കാൻ (Casa S. Marta, Città del Vaticano)എന്ന വിലാസത്തിലാണ് മിക്കവരും പാപ്പായ്ക്ക് കത്തെഴുതുന്നത്. എല്ലാ കത്തുകളും വായിക്കുവാൻ പാപ്പായ്ക്ക് സാധിക്കാത്തതിനാൽ കത്തുകള്‍ക്കെല്ലാം മറുപടി തയ്യാറാക്കാനും പ്രധാനപ്പെട്ടവ പാപ്പായുടെ കയ്യിലെത്തിക്കാനും സഹായിക്കുകയാണ് കത്തിടപാടുകൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്‍റെ ചുമതല. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നെത്തുന്ന പലഭാഷകളിലുള്ള കത്തുകൾ ഭാഷാടിസ്ഥാനത്തില്‍ വേർതിരിക്കുന്നതു തന്നെ ബുദ്ധിമുട്ടുള്ള പണിയാണെന്ന് കാര്യാലയത്തിന് മേൽനോട്ടം വഹിക്കുന്ന മോൺ.ജൂലിയാനോ ഗലോറിനി സാക്ഷൃപ്പെടുത്തുന്നു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.