2014-01-29 10:24:23

മെത്രാൻമാരുടേയും വൈദികരുടേയും നിശബ്ദസേവനത്തിന് പാപ്പായുടെ പ്രശംസ


28 ജനുവരി 2014, വത്തിക്കാൻ
മെത്രാൻമാരുടേയും വൈദികരുടേയും നിശബ്ദസേവനത്തിന് പാപ്പായുടെ പ്രശംസ. തിങ്കളാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തില്‍ അർപ്പിച്ച പ്രഭാതബലിയിലാണ് ദൈവത്തിന്‍റെ അഭിക്ഷിക്തരുടെ വിശുദ്ധമായ ജീവിതമാതൃകയും നിശബ്ദമായ ശുശ്രൂഷയും പാപ്പ കൃതജ്ഞതാപൂർവ്വം അനുസ്മരിച്ചത്. പതിവുപോലെ ദിവ്യബലി മധ്യേ വായിച്ച വിശുദ്ധഗ്രന്ഥ ഭാഗങ്ങൾ ആസ്പദമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം.
സഭയെ ഒരു മാനുഷിക സ്ഥാപനമായി പരിഗണിക്കരുത്. ദൈവത്താല്‍ അഭിഷിക്തരായ വ്യക്തികൾ പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ദൈവജനത്തെ ശുശ്രൂഷിക്കുന്നു എന്ന യാഥാർത്ഥ്യം, സഭാ ജീവിതത്തെ വ്യതിരിക്തമാക്കുന്നുവെന്ന് മാർപാപ്പ പ്രസ്താവിച്ചു. ദൈവജനത്തിന്‍റെ ശുശ്രൂഷയ്ക്കായി അഭിഷിക്തരായവരാണ് വൈദികരും മെത്രാൻമാരും. തങ്ങളുടെ അനുദിന ശുശ്രൂഷ വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന വിശുദ്ധരായ വൈദികരുടെ നിശബ്ദജീവിതം പാപ്പ മുക്തകണ്ഠം പ്രശംസിച്ചു.

ഒരു മെത്രാന്‍റേയോ വൈദികന്‍റേയോ ദുർവൃത്തിയെക്കുറിച്ച് പത്രത്തില്‍ വായിച്ചുവെന്ന് ചിലരൊക്കെ പറയാറുണ്ട്. താനും അത്തരം വാർത്തകൾ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ വൈദികർ ചെയ്യുന്ന നല്ല കാര്യങ്ങളും അവരുടെ നിസ്വാർത്ഥ സേവനവും എന്തുകൊണ്ടാണ് പത്ര വാർത്തയാകാത്തത് എന്ന മറുവാദം ഉന്നയിച്ചു. പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം അനേകം വൈദികർ എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നു, ഉപവി പ്രവർത്തനങ്ങളിലേർപ്പെടുന്നു, നിസ്വാർത്ഥമായ ശുശ്രൂഷയിലൂടെ ദൈവജനത്തെ നയിക്കുന്നു, പക്ഷേ അതൊന്നും വാർത്തയാകുന്നില്ല. വീഴുന്ന ഒരു മരമാണ് വളരുന്ന കാടിനേക്കാൾ ശബ്ദമുണ്ടാക്കുന്നതെന്ന പഴഞ്ചൊല്ല് ഇക്കാര്യത്തില്‍ അന്വർത്ഥമാവുകയാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. നല്ലവരായ മെത്രാൻമാരേയും വൈദികരേയും അനുസ്മരിച്ച് കൃതജ്ഞതയോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരേയും ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍റെ വാക്കുകൾ ഉപസംഹരിച്ചത്.


Reported: Vatican Radio, TG







All the contents on this site are copyrighted ©.