2014-01-27 15:56:11

ക്രൈസ്തവരുടെ ഭിന്നത അപമാനകരം: മാർപാപ്പ


27 ജനുവരി 2014, വത്തിക്കാൻ
ക്രൈസ്തവരുടെ ഇടയിലെ വിഭാഗീയതയും ഭിന്നിപ്പും അപമാനകരമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളായ ജനുവരി 25-ന് റോമന്‍ ചുവരിനു പുറത്ത് ശ്ലീഹായുടെ നാമത്തിലുള്ള പുരാതന ബസിലിക്കയില്‍ സഭൈക്യവാരത്തിന്‍റെ സമാപന പ്രാർത്ഥനാ യോഗത്തില്‍ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ക്രൈസ്തവരുടെ ഇടയിലെ വിഭജനങ്ങള്‍ ക്രിസ്തുവിന്‍റെ തിരുഹിതത്തിന് എതിരാണ്. ഭിന്നിപ്പും വിഭാഗീയതയും അപമാനകരമാണെന്നും, അത് സുവിശേഷ പ്രഘോഷണത്തിന്‍റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നും രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പ്രമാണ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പ പ്രസ്താവിച്ചു. വി.പൗലോസ് അപ്പസ്തോലൻ ആവശ്യപ്പെടുന്ന ഐക്യത്തിന്‍റേയും കൂട്ടായ്മയുടേയും സാക്ഷ്യം മാനുഷീക പദ്ധതികളിലൂടേയും കരുനീക്കങ്ങളിലൂടേയും നേടിയെടുക്കാവുന്ന ഒന്നല്ലെന്നും പാപ്പ വിശദീകരിച്ചു. ക്രിസ്തുവിന്‍റെ മനോഭാവം കരഗതമാക്കിയെങ്കില്‍ മാത്രമേ ക്രൈസ്തവ സഹോദരങ്ങൾക്ക് സമ്പൂർണ്ണ ഐക്യത്തിലെത്തിച്ചേരാൻ സാധിക്കൂ. ക്രിസ്തു വിഭജിക്കപ്പെട്ടു കൂടാ എന്ന ബോധ്യം ക്രൈസ്തവർ തമ്മിലുള്ള പൂർണ്ണവും ദൃശ്യവുമായ ഐക്യത്തിലേക്കുള്ള യാത്ര തുടരാൻ കരുത്തും പ്രോത്സാഹനവുമേകുമെന്ന് മാർപാപ്പ ഉത്ബോധിപ്പിച്ചു.
തന്‍റെ മുൻഗാമിമാരായ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ, പോൾ ആറാമൻ മാർപാപ്പ, ജോൺപോൾ രണ്ടാമൻ മാർപാപ്പ എന്നിവർ സഭൈക്യരംഗത്ത് നൽകിയ നിസ്തുല സംഭാവനകളെക്കുറിച്ച് പാപ്പ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. അവരുടെ പരിശ്രമങ്ങൾ സഭൈക്യ സംവാദങ്ങള്‍ പേപ്പൽ ശുശ്രൂഷയുടെ അവിഭാജ്യഭാഗമാക്കി മാറ്റിയിരിക്കുന്നതിനാല്‍, ഇന്ന്, പേപ്പൽ ശുശ്രൂഷയെക്കുറിച്ച് പൂർണ്ണമായ ധാരണയുണ്ടാകാൻ ഇതര ക്രൈസ്തവ സഭാംഗങ്ങളോടുള്ള തുറന്ന സമീപനം കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. സഭൈക്യസംരംഭങ്ങള്‍ പേപ്പൽ ശുശ്രൂഷയെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ഗാഢമാക്കാൻ സഹായകരമായിട്ടുണ്ടെന്നും, ഭാവിയിലും അതങ്ങനെ തന്നെ തുടരുമെന്നാണ് താൻ പ്രത്യാശിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.

‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ’ (1 കൊറി 1, 1-17) എന്ന വചനസന്ദേശം ആസ്പദമാക്കി ജനുവരി 18ന് ആരംഭിച്ച സഭൈക്യവാരം 25ാം തിയതി ശനിയാഴ്ച വൈകീട്ട് ഫ്രാൻസിസ് മാർപാപ്പ നയിച്ച പ്രാർത്ഥനാ യോഗത്തോടെയാണ് റോമില്‍ സമാപിച്ചത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.