22 ജനുവരി 2014, വത്തിക്കാൻ ഫ്രാൻസിസ് മാർപാപ്പ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുമായി
കൂടിക്കാഴ്ച്ച നടത്തുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. മാർച്ച് 27നാണ് കൂടിക്കാഴ്ച്ചയെന്നും
വത്തിക്കാൻ ജനുവരി 21ന് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഫ്രാൻസിസ്
പാപ്പായും ബരാക് ഒബാമയും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച്ചയാണിത്. 2013 മാർച്ച് 19ന് ഫ്രാൻസിസ്
പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ വൈസ്പ്രസിഡന്റ് ജോ ബൈഡനാണ് യു.എസിനെ പ്രതിനിധീകരിച്ചത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആർച്ചുബിഷപ്പ് പിയത്രോ പരോളിനും യു.എസ് സ്റ്റേറ്റ്
സെക്രട്ടറി ജോൺ കെറിയും കൂടിക്കാഴ്ച്ച നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് മാർപാപ്പയും
ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച്ചയെ സംബന്ധിച്ച വാർത്ത വൈറ്റ് ഹൗസ് പുറത്തുവിട്ടത്. 2009ല്‍
ബെനഡിക്ട് പതിനാറാമൻ പാപ്പായും യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.