2014-01-23 16:32:10

എളിയവരെ തിരഞ്ഞെടുക്കുന്ന ദൈവം


23 ജനുവരി 2014, വത്തിക്കാൻ
എളിയവർക്കും ദുർബലർക്കും ദൈവദൃഷ്ടിയില്‍ മുൻഗണനയെന്ന് ഫ്രാൻസിസ് പാപ്പ. സാന്താമാർത്താ മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച രാവിലെ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ വചന സന്ദേശത്തിലാണ് എളിയവരേയും ദുർബലരേയും തിരഞ്ഞെടുക്കുന്ന ദൈവസ്നേഹത്തെക്കുറിച്ച് പാപ്പ വാചാലനായത്.
ദൈവ – മനുഷ്യ ബന്ധം വ്യക്തിപരമാണ്. നാമോരോരുത്തരേയും ദൈവം പേരുചൊല്ലി വിളിക്കുന്നു. ഏളിയവരും ദുർബലരുമാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെന്നും പാപ്പ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.
മാമ്മോദീസായിലൂടെ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരായി മാറിയവരാണ് നാമെല്ലാവരും. പാപം മൂലം ദൈവത്തില്‍ നിന്ന് അകന്നുപോയാലും പശ്ചാതാപത്തോടെ, സ്വയം എളിമപ്പെടുത്തി ദൈവസന്നിധിയില്‍ അഭയം തേടണമെന്ന് ദാവീദു രാജാവിന്‍റെ ജീവിത കഥ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ വിശദീകരിച്ചു.
എളിമയും വിനയവും സൗമ്യതയും ക്രിസ്തീയ ജീവിതത്തിലെ വിലയേറിയ പുണ്യങ്ങളാണ്. ദൈവത്തോട് വിശ്വസ്തരായിരിക്കാനും എളിയവരായിരിക്കാനും ഈ പുണ്യങ്ങൾ നമ്മെ സഹായിക്കും. എളിയവരായിരുന്നെങ്കില്‍ മാത്രമേ ദൈവത്തോടുള്ള ഭാഷണം തുടരുവാൻ സാധിക്കൂവെന്നും പാപ്പ കൂട്ടിച്ചേർത്തു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.