2014-01-22 10:48:51

ലോക സാമ്പത്തിക ഉച്ചകോടിക്ക് പാപ്പായുടെ സന്ദേശം


22 ജനുവരി 2014, വത്തിക്കാൻ
ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കൾക്ക് ഫ്രാൻസിസ് പാപ്പ ആശംസാ സന്ദേശമയച്ചു. സ്വിറ്റ്‌സര്‍ലന്‍റിലെ ദാവോസില്‍ ബുധനാഴ്ച ആരംഭിച്ച സമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ മനുഷ്യാന്തസ്, പൊതുക്ഷേമം ലക്ഷ്യമാക്കുന്ന സാമ്പത്തിക വ്യവസ്ഥ, സാമൂഹ ക്ഷേമം, ദാരിദ്യ്രത്തിനെതിരേയുള്ള പോരാട്ടം, അഭയാർത്ഥി സംരക്ഷണം എന്നീ വിഷയങ്ങളെക്കുറിച്ചാണ് പാപ്പ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്. ലോക സാമ്പത്തിക മാന്ദ്യത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഗാഢമായി ചിന്തിക്കുവാൻ ലോക നേതാക്കളേയും സാമ്പത്തിക വിദഗ്ദരേയും ക്ഷണിച്ച പാപ്പ എല്ലാവരേയും ഉൾച്ചേർക്കുന്ന സാമ്പത്തിക നയത്തിന്‍റെ അനിവാര്യതയെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. ലോകത്തിന്‍റെ ഒരു ഭാഗത്ത് പട്ടിണിമൂലം ആളുകൾ മരണമടയുമ്പോൾ മറ്റൊരു ഭാഗത്ത് നല്ലൊരു ശതമാനം ഭക്ഷണം പാഴായിപോകുന്നത് അസഹനീയമാണ്. മനുഷ്യാന്തസ് ആദരിക്കുകയും ആരേയും പാർശ്വവല്‍ക്കരിക്കാതെ എല്ലാവരേയും ഉൾച്ചേർക്കുന്ന സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുവാൻ പരിശ്രമിക്കണമെന്ന് പാപ്പ അവരെ ഉത്ബോധിപ്പിച്ചു. അനേകം അഭയാർത്ഥികൾ നേരിടേണ്ടി വരുന്ന ദയനീയാവസ്ഥയെക്കുറിച്ച് സന്ദേശത്തില്‍ പരാമർശിച്ച പാപ്പ, മാന്യമായ ജീവിത സാഹചര്യങ്ങളോ നല്ല സ്വീകരണമോ ലഭിക്കാതെ പോകുന്നതിനു പുറമേ, ജീവരക്ഷാർത്ഥമുള്ള പലായത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുണ്ടെന്നും ചൂണ്ടിക്കാട്ടി. മനുഷ്യത്വപൂർണ്ണമായ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ നയങ്ങൾ രൂപീകരിക്കാൻ രാഷ്ട്രനേതാക്കളെ പാപ്പ ക്ഷണിച്ചു. മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളില്‍ അടിയുറച്ച സുസ്ഥിര വികസന പദ്ധതികൾ ആവിഷ്ക്കരിക്കാൻ അവർക്ക് പ്രോത്സാഹനം പകര്‍ന്നുകൊണ്ടാണ് പാപ്പ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നായി രാഷ്ട്രത്തലവന്മാര്‍, വ്യവസായികള്‍, സാമ്പത്തികവിദഗ്ധര്‍ എന്നിവരടക്കം 2000-ലധികം പ്രതിനിധികള്‍ ചതുര്‍ദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Reported: Vatican Radio, TG








All the contents on this site are copyrighted ©.