2014-01-22 15:50:02

ക്രിസ്തീയ സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പാ ഫ്രാൻസിസ്


21 ജനുവരി 2014, വത്തിക്കാൻ
ദൈവവചനത്തോടുള്ള വിധേയത്വവും അനുസരണവുമാണ് ക്രിസ്തീയ സ്വാതന്ത്ര്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. തിങ്കളാഴ്ച രാവിലെ സാന്താമാർത്താ മന്ദിരത്തിലെ കപ്പേളയില്‍ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ വചന സന്ദേശത്തിലാണ് ക്രിസ്തീയ സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളില്‍ സൂക്ഷിക്കാനാവില്ല എന്ന വചനഭാഗം ഉദ്ധരിച്ച പാപ്പ, പുതിയ തോൽക്കുടങ്ങളായി മാറാനുള്ള ധൈര്യം ക്രൈസ്തവർക്കുണ്ടായിരിക്കണമെന്ന് ഉത്ബോധിപ്പിച്ചു. ദൈവാത്മാവിന്‍റെ സ്വരം ശ്രവിച്ച് അതനുസരിച്ച് പ്രവർത്തിക്കണം. ദൈവസ്വരം വിവേചിച്ചറിയുകയെന്നാല്‍ അത് ആപേക്ഷികവൽക്കരിക്കുകയെന്നല്ല അർത്ഥം. വചനം തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കുകയല്ല, ദൈവാത്മാവ് നമ്മോടാവശ്യപ്പെടുന്നതെന്താണെന്ന് വിവേചിച്ചറിയുകയാണ് വേണ്ടത്. നമ്മുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വിപരീതമായ കാര്യമായിരിക്കാം ദൈവം നമ്മോടാവശ്യപ്പെടുന്നതെങ്കിലും അതു സ്വീകരിച്ച് നാം അതനുസരിച്ച് ജീവിക്കണം. ദൈവഹിതം വിവേചിച്ചറിഞ്ഞ് അതനുസരിച്ച് ജീവിക്കാൻ വേണ്ട കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ഏവരേയും ക്ഷണിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.