2014-01-21 15:51:26

അഭയാർത്ഥികളുടെ വേദനയില്‍ പങ്കുചേർന്ന് മാർപാപ്പ


20 ജനുവരി 2014, വത്തിക്കാൻ
ഫ്രാൻസിസ് പാപ്പ ലോക അഭയാർത്ഥി ദിനം ആചരിച്ചത് റോമിലെ അഭയാർത്ഥി സമൂഹത്തോടൊപ്പം. ലോക അഭയാർത്ഥി ദിനമായി കത്തോലിക്കാ സഭ ആചരിച്ച ജനുവരി 19ാം തിയതി ഞായറാഴ്ച അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും അഭയമേകുന്ന ഒരിടവക ദേവാലയത്തിലേക്ക് പാപ്പാ ഇടയ സന്ദർശനം നടത്തി. സലേഷൃൻ സന്ന്യസ്ത സമൂഹം അജപാലന ശുശ്രൂഷ നിർവഹിക്കുന്ന തിരുഹൃദയ ഇടവക ദേവാലയത്തിലെത്തിയ പാപ്പ,
ഇടവകയോട് ചേർന്ന് പ്രവർത്തിക്കുന്ന അഭയാർത്ഥികേന്ദ്രത്തിലെ അഭയാർത്ഥിസമൂഹത്തേയും സന്ദർശിച്ചു. സൊമാലിയ, എറിത്രേയ, ഈജിപ്ത്, ഗാംബിയ,ഘാന, കാമറൂൺ, കോംഗോ, ഐവറി കോസ്റ്റ്, അഫിഗാനിസ്ഥാൻ, ഇറാക്ക്, ഇറാൻ, കുർദിസ്ഥാൻ, ഈജിപ്ത്, സിറിയ, സുഡാൻ, തുർക്കി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാനൂറോളം അഭയാർത്ഥികളാണ് അവിടെയുള്ളത്.

അവരുടെ വേദനയിലും വിഷമങ്ങളിലും പങ്കുചേർന്ന പാപ്പ, നർമ്മകഥയും നുറുങ്ങു ചിന്തകളും പങ്കുവയ്ച്ചുകൊണ്ട് അവർക്ക് പ്രത്യാശയുടെ സന്ദേശമേകി. അവരോടൊപ്പമായിരിക്കുമ്പോൾ ഒരു കുടുംബാന്തരീക്ഷത്തിന്‍റെ ഊഷ്മളത തനിക്ക് അനുഭവവേദ്യമാകുന്നു എന്നു പറഞ്ഞുകൊണ്ടാണ് പാപ്പ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. പങ്കുവയ്പ്പാനുഭവമാണ് കുടുംബജീവിതം ഊഷ്മളമാക്കുന്നതെന്ന് പാപ്പ വിശദീകരിച്ചു. നല്ല കാര്യങ്ങൾ മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്നത്. അനേകം പ്രതിസന്ധികൾ ജീവിതത്തിലുണ്ടായാലും അവയില്‍ നിന്നെല്ലാം കരകയറാൻ കർത്താവ് നമ്മെ സഹായിക്കും. അതേസമയം, സ്വന്തം വേദനയും സഹനവുമാണ് ഏറ്റവും കഠോരമെന്നു കരുതി വിലപിക്കരുതെന്നും അവരെ ഉത്ബോധിപ്പിച്ചു. തന്‍റെ ജീവിതത്തില്‍ സംഭവിച്ചതിനേക്കാൾ ദയനീയമായ കാര്യങ്ങള്‍ അന്യരുടെ ജീവിത്തില്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന ബോധ്യമുണ്ടായിരിക്കണം എന്നു വിശദീകരിച്ച പാപ്പ, വി.പത്രോസ് അപ്പസ്തോലനെക്കുറിച്ചുള്ള ഒരു നർമ്മകഥയും അവരോടു പങ്കുവയ്ച്ചു. “ഒരിക്കൽ യേശുവിനോട് പത്രോശ്ലീഹാ പരാതിപ്പെട്ടു, സ്വന്തം കുരിശിന് താങ്ങാനാവാത്ത ഭാരമാണെന്ന്. പത്രോശ്ലീഹായുടെ പരാതി പരിഹരിക്കാൻ വേണ്ടി യേശു അദ്ദേഹത്തെ കുരിശുകൾ വച്ചിരിക്കുന്ന അറയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെയിരുന്ന കുരിശുകളില്‍ നിന്ന് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുത്തുകൊള്ളാൻ അനുവാദം നൽകി. പത്രോശ്ലീഹ ഓരോ കുരിശുമെടുത്തു നോക്കി, എല്ലാ കുരിശുകൾക്കും നല്ല ഭാരമുണ്ടായിരുന്നു. ഒടുവില്‍ മുപ്പതോ നാൽപതോ കുരിശുകൾ പരിശോധിച്ചതിനു ശേഷം ഒരു കുരിശെടുത്തിട്ടു പറഞ്ഞു, ‘ഇതു കുഴപ്പമില്ല, എനിക്ക് ചുമക്കാവുന്ന ഭാരമേയുള്ളൂ ഈ കുരിശിന്’ ‘അതു പക്ഷേ നിന്‍റെ കുരിശു തന്നെയാണല്ലോ!’ എന്നായിരുന്നു യേശുവിന്‍റെ മറുപടി ”.
സ്വന്തം കുരിശിന് താങ്ങാനാവാത്ത ഭാരമാണെന്ന് നമുക്കു തോന്നിയേക്കാം. അല്ല, അതു നമ്മുടെ കുരിശാണ്. നമ്മേക്കാൾ ഭാരമുള്ള കുരിശ് വഹിക്കുന്നവരുണ്ട്.
അഭയാർത്ഥി സംഗമങ്ങൾ, പങ്കുവയ്പ്പിന്‍റേയും പരസ്പരസഹായത്തിന്‍റേയും വേദികളായി മാറണമെന്നും ഓരോരുത്തരും സ്വന്തം വിശ്വാസം പങ്കുവയ്ക്കണമെന്നും പാപ്പ അവരെ ഉത്ബോധിപ്പിച്ചു.

മാർപാപ്പ അവരോട് സംസാരിച്ച മറ്റൊരു വിഷയം ശാരീരികവും ആത്മീയവുമായ വിശപ്പും ദാഹവുമായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ വലയുന്നവരുണ്ട്. അവർ അനുഭവിക്കുന്നത് ശാരീരികമായ വിശപ്പും ദാഹവുമാണ് . അതേസമയം, ഭൗതികമായി ക്ഷേമത്തില്‍ കഴിഞ്ഞിട്ടും, ആന്തരീക വിശപ്പനുഭവിക്കുന്ന, സ്നേഹത്തിനും, ദൈവത്തിനും വേണ്ടി ദാഹിക്കുന്ന മനുഷ്യരുമുണ്ട്. സ്വന്തം ആത്മാവിന്‍റെ ദാഹം തിരിച്ചറിയാൻ പോലുമാകാത്തവരാണ് അവരില്‍ പലരുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ശാരീരിക വിശപ്പ് തിരിച്ചറിയുന്നതുപോലെ ആത്മീയ വിശപ്പ് തിരിച്ചറിയുവാൻ അത്ര എളുപ്പമല്ല. വിശപ്പും ദാഹവുമുള്ളവരാണ് നാമെല്ലാവരും. നമ്മുടെ ചുറ്റുമുള്ളവരുടെ വിശപ്പും ദാഹവും തിരിച്ചറിഞ്ഞ് അവരെ സഹായിക്കാൻ നാം സന്നദ്ധരായിരിക്കണമെന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.