2014-01-16 15:38:16

സ്റ്റേറ്റ് സെക്രട്ടറിമാരുടെ കൂടിക്കാഴ്ച്ച നിർണ്ണായകമെന്ന്


15 ജനുവരി 2014, വത്തിക്കാന്‍
വത്തിക്കാന്‍ - യു.എസ് സ്റ്റേറ്റ് സെക്രട്ടറിമാരുടെ കൂടിക്കാഴ്ച്ച നിർണ്ണായകമെന്ന് വത്തിക്കാനിലെ യു.എസ് അംബാസിഡർ കെന്നത്ത് ഹാക്കെറ്റ്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും നിയുക്ത കർദിനാളുമായ പിയെത്രോ പരോളിന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബാസിഡർ കെന്നത്ത് ഹാക്കെറ്റും കൂടിക്കാഴ്ച്ചയില്‍ സന്നിഹിതനായിരുന്നു.
ഇരു സ്റ്റേറ്റ് സെക്രട്ടറിമാരും നടത്തിയ ദൈർഘ്യമേറിയ കൂടിക്കാഴ്ച്ച സുപ്രധാനമാണ്. സിറിയന്‍ പ്രതിസന്ധിയുൾപ്പെടെ വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചർച്ചാവിധേയമായി. അക്രമവും യുദ്ധവുമല്ല സിറിയന്‍ പ്രശ്നത്തിന് പരിഹാരമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വ്യക്തമാക്കിയതായി അംബാസിഡർ ഹാക്കെറ്റ് വെളിപ്പെടുത്തി. ജനീവയിലെ രണ്ടാം വട്ട പ്രശ്നപരിഹാര ചർച്ചയില്‍ പ്രതീക്ഷയുണ്ട്. ചർച്ചയില്‍ പങ്കെടുക്കുന്നവരുടെ നിലപാട് സിറിയന്‍ പ്രശ്ന പരിഹാരത്തില്‍ നിർണ്ണായകമായിരിക്കും. ക്രിയാത്മക തീരുമാനവും ശരിയായ നടപടിയും കൈക്കൊള്ളാന്‍ ജനീവാ സമ്മേളനത്തിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും വത്തിക്കാനിലെ യു.എസ് അംബാസിഡർ കെന്നത്ത് ഹാക്കെറ്റ് പറഞ്ഞു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.