2014-01-16 15:38:02

വത്തിക്കാന്‍ - യു.എസ് സ്റ്റേറ്റ് സെക്രട്ടറിമാരുടെ കൂടിക്കാഴ്ച്ച


15 ജനുവരി 2014, വത്തിക്കാന്‍
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും നിയുക്ത കർദിനാളുമായ പിയെത്രോ പരോളിന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായി കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച്ച രാവിലെ വത്തിക്കാന്‍ രാഷ്ട്ര കാര്യാലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

വത്തിക്കാനിലെ അമേരിക്കൻ അംബാസിഡറും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരും ജോൺ കെറിയോടൊപ്പമുണ്ടായിരുന്നു. പരിശുദ്ധസിംഹാസനത്തിന്‍റെ ഭാഗത്തു നിന്ന് വത്തിക്കാന്‍ വിദേശബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആർച്ചുബിഷപ്പ് ഡൊമനിക് മെംബേർത്തിയും, റോമന്‍ കൂരിയായിലെ രണ്ട് ഉദ്യോഗസ്ഥരും നിയുക്ത കർദിനാൾ പിയത്രോ പരോളിനോടൊപ്പം ചർച്ചയില്‍ പങ്കെടുത്തു.

ഇരു സ്റ്റേറ്റ് സെക്രട്ടറിമാരുടേയും കൂടിക്കാഴ്ച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി പ്രസ്താവിച്ചു.
ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയിൽ, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രശ്നങ്ങളാണ് മുഖ്യമായും ചർച്ചചെയ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിറിയന്‍ പ്രതിസന്ധിയും ജനീവയില്‍ നടക്കാൻ പോകുന്ന സമാധാനചർച്ചകളുടെ പ്രാധാന്യവും മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു. സിറിയന്‍ വിഷയത്തില്‍ സഭയുടെ നിലപാടും സിറിയയില്‍ സമാധാനം സംസ്ഥാപിക്കപ്പെടേണ്ടതിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ നയതന്ത്രജ്ഞർക്കു നൽകിയ പുതുവത്സര സന്ദേശത്തില്‍ പ്രതിപാദിച്ചതും സംഭാഷണത്തില്‍ പരാമർശവിധേയമായി. സമാധാനപരമായ പ്രശ്നപരിഹാരത്തിനും ദുരിതാശ്വാസപ്രവർത്തനത്തിനുമാണ് സഭ ഊന്നല്‍ നൽകുന്നതെന്നും ഫാ.ലൊംബാർദി വ്യക്തമാക്കി.

ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നത്തെക്കുറിച്ചും, ആഫ്രിക്കന്‍ രാജ്യങ്ങളിലെ, പ്രത്യേകിച്ച് സുഡാനിലെ സംഘർഷാവസ്ഥയെക്കുറിച്ചും ഇരു സ്റ്റേറ്റ് സെക്രട്ടറിമാരും ചർച്ച ചെയ്തു. യു.എസ്.എയിലെ ചില കാര്യങ്ങളും സംഭാഷണ വിഷയമായി. മതസ്വാതന്ത്ര്യം, വിവാദമായ ആരോഗ്യസംരക്ഷണ നിയമം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടേയും ഉത്കണ്ഠ പരിശുദ്ധസിംഹാസനം യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് പങ്കുവയ്ച്ചു.
വത്തിക്കാന്‍ - യു.എസ് സ്റ്റേറ്റ് സെക്രട്ടറിമാരുടെ കൂടിക്കാഴ്ച്ച സുപ്രധാനവും ക്രിയാത്മകവുമായിരുന്നു. കൂടിക്കാഴ്ച്ചയുടെ ദൈർഘ്യം തന്നെ അതിന്‍റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ടെന്ന് ഫാ.ലൊംബാർദി കൂട്ടിച്ചേർത്തു.
Reported: Vatican Radio, TG








All the contents on this site are copyrighted ©.