2014-01-14 16:52:56

സി.ബി.സി.ഐ. സമ്മേളനത്തിന് പാലാ ഒരുങ്ങുന്നു


14 ജനുവരി 2014, പാല
ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പാലാ രൂപതയില്‍ ആരംഭിച്ചു. പാലാ രൂപതയിലെ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ഫെബ്രുവരി 5 മുതല്‍ 12 വരെ തീയതികളിലാണ് സമ്മേളനം.

ഫെബ്രുവരി 5ന് രാവിലെ 9 മണിക്ക് സി.ബി.സി.ഐ. അധ്യക്ഷന്‍ കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ മുഖ്യകാർമ്മികത്വത്തില്‍ സെന്‍റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ദേശീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ സമ്പൂർണ്ണ സമ്മേളനം ആരംഭിക്കും.

ഫെബ്രുവരി എട്ടിനു വൈകുന്നേരം പാലാ സെന്‍റ് തോമസ് കോളജ് സ്റ്റേഡിയത്തില്‍ പൗരാവലിയുടെ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. സ്വീകരണസമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കും.
മെത്രാന്‍ സമതിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍ വിവിധ സംഘങ്ങളായി 9ാം തിയതി ഉച്ചകഴിഞ്ഞ് രാമപുരം, കുറവിലങ്ങാട്, അരുവിത്തുറ എന്നീ ഫൊറോനകളിലും പാലാ കത്തീഡ്രലിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11 ന് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലാണ് പരിശുദ്ധ കുര്‍ബാന അർപ്പണം.

ഇന്ത്യയിലെ 165 രൂപതകളില്‍നിന്നായി 200 ബിഷപ്പുമാര്‍ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്പൂർണ്ണ സമ്മേളനത്തില്‍ പങ്കെടുക്കും. 165 രൂപതാധ്യക്ഷന്‍മാര്‍, 12 സഹായമെത്രന്മാര്‍, സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും രണ്ട് കൂരിയ മെത്രാന്മാര്‍, വിരമിച്ച 56 മെത്രാന്മാര്‍ എന്നിവരാണ് സമ്മേളനത്തിന് എത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സാല്‍വത്തോറെ പെനാക്കിയോയും മെത്രാൻ സമിതിയുടെ വാർഷിക സമ്മേളനത്തിൽ സംബന്ധിക്കും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുവർണ്ണജൂബിലി ചൈതന്യമുള്‍ക്കൊണ്ട്, ‘നവീകരിക്കപ്പെട്ട സഭ സമൂഹത്തെ നവീകരിക്കുന്നു’ എന്ന വിഷയമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് സി.ബി.സി.ഐ. സമ്മേളനത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്.

Source: KCBC
RV/TG







All the contents on this site are copyrighted ©.