2014-01-13 16:53:41

മാമ്മോദീസാ, വിശ്വാസത്തിന്‍റെ വിസ്മയം


13 ജനുവരി 2014, വത്തിക്കാന്‍
ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഓരോ കുട്ടിയും വിശ്വാസത്തിന്‍റെ വിസ്മയവും ദൈവിക കുടുംബത്തിലെ വിരുന്നുമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുന്നാളില്‍ നല്‍കിയ ത്രികാല പ്രാർത്ഥനാ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുന്നാളില്‍ 32 കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ ജ്ഞാനസ്നാനം നൽകി. ഞായറാഴ്ച രാവിലെ 9.30ന് വത്തിക്കാനിലെ വിശ്വവിഖ്യാതമായ സിസ്റ്റൈന്‍ കപ്പേളയില്‍ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേയായിരുന്നു ജ്ഞാനസ്നാന തിരുക്കർമ്മം . പാപ്പായിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചവരിൽ ഭൂരിഭാഗവും വത്തിക്കാൻ ജീവനക്കാരുടെ മക്കളാണ്.
ദിവ്യബലിമധ്യേ നൽകിയ വചന സന്ദേശത്തിൽ വിശ്വാസകൈമാറ്റത്തില്‍ മാതാപിതാക്കൾക്കുള്ള കടമയെക്കുറിച്ച് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. ക്രിസ്തു തന്‍റെ സ്വർഗാരോഹണത്തിനു മുൻപ് നൽകിയ കല്പന, “നിങ്ങൾ ലോകമെങ്ങും പോയി സകല ജനതകളേയും ജ്ഞാനസ്നാനപ്പെടുത്തുവിൻ” സഭ ഇന്നും നിറവേറ്റിക്കൊണ്ടിരിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഓരോ കുഞ്ഞും ഈ കൽപനയില്‍ കണ്ണിചേർക്കപ്പെടുകയാണ്. ഭാവിയില്‍ അവർ അവരുടെ കുഞ്ഞുങ്ങൾക്കും ജ്ഞാനസ്നാനം നല്‍കും. സ്വന്തം മാതാപിതാക്കളില്‍ നിന്നും സ്വീകരിക്കുന്ന വിശ്വാസമാണ് അവർ അവരുടെ കുഞ്ഞുങ്ങള്‍ക്കു പകർന്നു നൽകുകയെന്ന് മാർപാപ്പ ദിവ്യബലിയിൽ സന്നിഹിതരായിരുന്ന എല്ലാ മാതാപിതാക്കളേയും ഓർമ്മിപ്പിച്ചു.
ജ്ഞാനസ്നാനം സ്വീകരിച്ച കുഞ്ഞുങ്ങളെക്കുറിച്ച് വാത്സല്യത്തോടെ സംസാരിച്ച പാപ്പ, ഗായക സംഘത്തിന്‍റെ ശ്രുതിമധുരമായ ഗാനാലാപനത്തേക്കാൾ മനോഹരമാണ് കരഞ്ഞു ബഹളം വയ്ക്കുന്ന കുഞ്ഞുങ്ങളുടെ ശബ്ദമെന്ന് പറഞ്ഞു. ജ്ഞാസ്നാന തിരുക്കർമ്മത്തിലെ നായകർ കുഞ്ഞുങ്ങളാണെന്ന് പ്രസ്താവിച്ച പാപ്പ അവരുടെ വിശ്വാസപരിശീലനത്തെക്കുറിച്ച് മാതാപിതാക്കളെ ഒരിക്കൽക്കൂടി അനുസ്മരിപ്പിച്ചുകൊണ്ടാണ് വചനസന്ദേശം ഉപസംഹരിച്ചത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.