2014-01-13 16:54:14

കർദിനാൾ സംഘത്തിലെ മാറ്റം


13 ജനുവരി 2014, വത്തിക്കാന്‍
പുതിയ കർദിനാൾമാരുടെ പ്രഖ്യാപനം കർദിനാൾ സംഘത്തിലെ വോട്ടവകാശമുള്ള​ അംഗങ്ങളുടെ നിശ്ചിത സംഖ്യയ്ക്ക് വ്യത്യാസം വരുത്തുന്നില്ലെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി. ഫെബ്രുവരി 22ന് നടക്കാൻ പോകുന്ന കൺസിസ്റ്ററിയില്‍ (കർദിനാൾമാരുടെ യോഗം) കർദിനാൾമാരായി വാഴിക്കാൻ പോകുന്നവരുടെ പേരുവിവരം ജനുവരി 12ന് മാർപാപ്പ വെളിപ്പെടുത്തിയതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വോട്ടവകാശമുള്ള 16 പേരടക്കം 19 പുതിയ കർദിനാൾമാരെയാണ് ഫ്രാൻസിസ് പാപ്പ കർദിനാൾ സംഘത്തിലേക്കു ചേർക്കുന്നത്.

മാർപാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള (80 വയസിൽ താഴെയുള്ള) കർദിനാള്‍മാരുടെ നിശ്ചിത സംഖ്യയില്‍ (120) വ്യത്യാസം വരാത്ത വിധത്തിലാണ് ഫ്രാൻസിസ് പാപ്പ വോട്ടവകാശമുള്ള 16 പുതിയ കർദിനാൾമാരെ വാഴിക്കുന്നതെന്ന് വത്തിക്കാൻ വാർത്താ കാര്യാലയത്തിന്‍റെ മേധാവിയും വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടർ ജനറലുമായ ഫാ.ലൊംബാർദി എസ്.ജെ വ്യക്തമാക്കി. വോട്ടവകാശമുള്ള 107 അംഗങ്ങൾ ഇപ്പോൾ കർദിനാൾ സംഘത്തിലുണ്ട്, മെയ് മാസം അവസാനത്തോടെ മൂന്നു കർദിനാൾമാർക്കു കൂടി 80 വയസു പൂർത്തിയാകുന്നതോടെ വോട്ടവകാശമുള്ള കർദിനാൾമാരുടെ ഗണത്തിൽ 16 പേരുടെ ഒഴിവ് വരും. പുതിയ കർദിനാൾമാരുടെ നിയമനത്തിലൂടെ ഈ ഒഴിവ് നികത്തപ്പെടുമെന്ന് ഫാ.ലൊംബാർദി വിശദീകരിച്ചു.

ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്ത, വോട്ടവകാശമുള്ള 16 കർദിനാൾമാരിൽ നാലിലൊരുഭാഗം (4 പേർ) റോമൻ കൂരിയായിലെ അംഗങ്ങളും ബാക്കിയുള്ള 12 പേർ വിവിധ ലോക രാജ്യങ്ങളിലെ അജപാലക ശ്രേഷ്ഠരുമാണ്. ഭൂമിശാസ്ത്രപരമായി വിലയിരുത്തിയാല്‍ യൂറോപ്പിൽ നിന്ന് 2, വടക്കേ അമേരിക്കയിൽ നിന്ന് 3, തെക്കേ അമേരിക്കയില്‍ നിന്ന് 3, ആഫ്രിക്കയിൽ നിന്ന് 2, ഏഷ്യയില്‍ നിന്ന് 2 എന്നീ ക്രമത്തിലാണ് പാപ്പ പുതിയ കർദിനാൾമാരെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫാ.ലൊംബാർദി നിരീക്ഷിച്ചു. ബുർക്കിനോ ഫസോയിലും, ഹെയ്ത്തിയിലും നിന്ന് കർദിനാൾമാരെ തിരഞ്ഞെടുത്തിരിക്കുന്നത് ദാരിദ്ര്യദുഃഖം അനുഭവിക്കുന്ന ജനതകളോട് പാപ്പായ്ക്കുള്ള പ്രത്യേക താല്‍പര്യമാണ് വെളിവാക്കുന്നെന്ന് ഫാ.ഫെദറിക്കോ ലൊംബാർദി അഭിപ്രായപ്പെട്ടു.

80 വയസിലധികമുള്ള അജപാലക ശ്രേഷ്ഠരിൽ നിന്ന് കർദിനാൾസ്ഥാനത്തേക്കുയർത്തപ്പെട്ടവരിൽ ആർച്ചുബിഷപ്പ് ലോറിസ് ഫ്രാൻസിസ് കാപ്പോവില്ല സവിശേഷ ശ്രദ്ധയർഹിക്കുന്നു. വിശുദ്ധപദത്തിലേക്കുയർത്തപ്പെടാൻ പോകുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പായുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. നിയുക്ത കർദിനാൾമാരില്‍ ഏറ്റവും മുതിർന്ന വ്യക്തിയാണ് 98 വയസുപ്രായമുള്ള ആർച്ചുബിഷപ്പ് കാപ്പോവില്ല. നിയുക്ത കർദിനാൾമാരില്‍ ഏറ്റവും ചെറുപ്പം, 55 വയസു പ്രായമുള്ള ഹെയ്തിയിലെ ലെസ് കായെസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് കിബ്ലി ലാങ്ഗ്ലോയിസാണെന്നും ഫാ.ലൊംബാർദി നിരീക്ഷിച്ചു.

Reported: Vatican Radio, TG









All the contents on this site are copyrighted ©.