2014-01-11 11:54:34

ജ്ഞാനസ്നാനം : അവബോധത്തിലേയ്ക്കും
സ്നേഹത്തിലേയ്ക്കുമുള്ള ഉണര്‍വ്


RealAudioMP3
വി. മത്തായി 3, 13-17 യേശുവിന്‍റെ ജ്ഞാനസ്നാനം

യേശു യോഹന്നാനില്‍നിന്നു സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍നിന്നും ജോര്‍ദ്ദാനില്‍ അവന്‍റെ അടുത്തേയേക്കു വന്നു. ഞാന്‍ നിന്നില്‍നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുത്തേയ്ക്കു വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍, യേശു പറഞ്ഞു ഇപ്പോള്‍ ഇതു സമ്മതിക്കുക. അങ്ങനെ സര്‍വ്വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്നാനം കഴിഞ്ഞയുടന്‍ ക്രിസ്തു വെള്ളത്തില്‍നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ തന്‍റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന ഒരു സ്വരം സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു.

ആശീര്‍വ്വദിച്ച പുതിയ ഇടവക ദേവാലയം കാണാന്‍ പോയ കാര്യം ഓര്‍ത്തുപോകയാണ്. രണ്ടു മൂന്നു ചെറുപ്പക്കാര്‍ കൂടെയുണ്ടായിരുന്നു. പുതിയ പള്ളിയുടെ വാതില്ക്കല്‍ പതിവുള്ള ഹന്നാന്‍ വെള്ളം, ആശീര്‍വ്വദിച്ച ജലം കാണാതെ വന്നപ്പോള്‍, കൂട്ടത്തില്‍ കുസൃതിക്കാരന്‍ ഷെറിന്‍ ചോദിച്ചു, അച്ചോ, ഈ പള്ളിയില്‍ പുത്തന്‍വെള്ളം ഇല്ലേ?! ദേവാലയത്തിന്‍റെ പ്രവേശന കവാടത്തില്‍ പതിവുള്ള തീര്‍ത്ഥജലത്തെക്കുറിച്ചാണ് ഷെറിന്‍ കമന്‍റടിച്ചത്.
സത്യമായിരുന്നു അവന്‍ പറഞ്ഞത്, പുതിയ ദേവാലയ കവാടത്തില്‍ ആശീര്‍വ്വദിച്ച ജലം സൂക്ഷിച്ചിട്ടില്ല, അതിനുള്ള സൗകര്യവും അവിടെ കണ്ടില്ല.

പരിഷ്ക്കാരത്തിന്‍റെ പേരില്‍ സംഭവിക്കുന്ന ചില ക്രമക്കേടുകളാണിത്. പുതമയ്ക്കുവേണ്ടി, അര്‍ത്ഥമുള്ള അനുഷ്ഠനങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നു. ഇന്ന് നമ്മുടെ പള്ളികളില്‍ ഹന്നാന്‍ വെളളം, ദേവാലയ കവാടത്തില്‍ ആശീര്‍വ്വദിച്ച ജലം സൂക്ഷിക്കുന്ന പതിവ് ഇല്ലാതായി വരുന്നുണ്ട്. തല്‍സ്ഥാനത്ത് ഉണങ്ങിവരണ്ട പാത്രങ്ങള്‍ കണ്ടേക്കാം. പരിഷ്ക്കാരം മൂത്ത് അവ വേണ്ടെന്നുവയ്ക്കുന്ന പള്ളികളുമുണ്ട്. “നവീകരണത്തിന്‍റെ പേരില്‍ നല്ലതു നശിപ്പിക്കരുത്,” എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളാണ്.

എന്താണ് ദേവാലയ കവാടത്തില്‍ സൂക്ഷിക്കേണ്ട ആശീര്‍വ്വദിച്ച വെള്ളവും അതുകൊണ്ടുള്ള കുരിശുവരയ്ക്കലും സൂചിപ്പിക്കുന്നത് എന്താണെന്ന് കര്‍ത്താവിന്‍റെ ജ്ഞാനസ്നാത്തിരുനാളില്‍ പരിശോധിക്കുന്നത് പ്രസക്തമാണെന്നു കരുതുന്നു.
ജോര്‍ദ്ദനിലെ വെള്ളത്തിന്‍റെ പ്രതീകമാണ് നാം ഉപയോഗിക്കുന്ന ആശീര്‍വ്വദിച്ച ജലം, ഹന്നാന്‍ വെള്ളം അല്ലെങ്കില്‍ പുത്തന്‍വെള്ളം എന്നൊക്കെ പറയുന്നത്.
വ്യക്തികളെ ദൈവത്തിന്‍റെ കുടുംബത്തിലെ അംഗമാക്കുന്ന ജ്ഞാനസ്നാനജലത്തിന്‍റെ പ്രതീകമാണത്. ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ നാം ദൈവമക്കളാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പ്രതീകാത്മകമായ കര്‍മ്മമാണത്.
പെസഹാരാത്രിയില്‍ ആശീര്‍വ്വദിച്ച ജലം പകര്‍ന്നാണ് ഒരാണ്ടു മുഴുവനും നാം ഈ കര്‍മ്മാനുഷ്ഠാനത്തിന് ഉപയോഗിക്കുന്നത്. അതുപോലെ ജ്ഞാനസ്നാന കര്‍മ്മത്തിനും പെസഹാരാത്രിയില്‍ ആശീര്‍വ്വദിച്ച ജലംതന്നെയാണ് ഉപോയോഗിക്കുന്നത്. പഴയനിയമത്തില്‍ ഇസ്രായേല്‍, ദൈവജനം കടന്ന രക്ഷയുടെയും വിമോചനത്തിന്‍റെയും പ്രതീകമാണ് ആശീര്‍വ്വദിച്ച ജലം. പുതിയ നിയമത്തില്‍ ക്രിസ്തു യോര്‍ദ്ദാനില്‍ മുങ്ങിയ ജ്ഞാനസ്നാനത്തിലൂടെ ആരംഭിക്കുന്ന നവമായ രക്ഷണീയ പദ്ധതിയുടെയും, അങ്ങനെ ക്രിസ്തുവില്‍ തുറക്കപ്പെട്ട ദൈവരാജ്യത്തതിന്‍റെയും, അതിലൂടെ നാം പങ്കുചേരുന്ന നവജീവന്‍റെയും പ്രതീകമാണ് ഈ തീര്‍ത്ഥജലം പൂശലും കുരിശു വരയ്ക്കലും.

കര്‍ത്താവിന്‍റെ ആലയത്തില്‍ പ്രവേശിക്കുമ്പോള്‍ നിര്‍മ്മലരായിരിക്കണമെന്നും ഹൃദയവും മനസ്സും ശുദ്ധമായിരിക്കണം, ശുദ്ധിചെയ്യപ്പെടണം എന്ന ആഗ്രഹവുമാണ് ഈ തീര്‍ത്ഥജലം സൂചിപ്പിക്കുന്നത്. ഇതൊരു ഭാരതീയ ദര്‍ശനവുമാണ്. കുളിക്കാതെ, അല്ലെങ്കില്‍ ദേഹശുദ്ധി വരുത്താതെ ഹൈന്ദവസഹോദരങ്ങള്‍ ആരും ക്ഷേത്രസന്ദര്‍ശനം നടത്തുകയില്ല. സ്ഥലശുദ്ധി, ദേഹശുദ്ധി, പിന്നെ മനഃശുദ്ധി എന്നത് ഭാരതത്തിന്‍റെ ആത്മീയ കാഴ്ചപ്പാടാണ്.

1. ക്രിസ്തീയ ജ്ഞാനസ്നാനത്തിന്‍റെ മൂന്നാസ്വാദനം മാത്രമല്ല യേശുവിന്‍റെ യോര്‍ദ്ദാനിലെ സ്നാനം. അവിടുന്ന് യോഹന്നാന്‍റെ സന്നിധിയില്‍ ജോര്‍ദ്ദാനിലെ ജലത്തിലേയ്ക്ക് ഊളിയിട്ടിറങ്ങിയത് സഹനദാസന്‍റെ വിനീതഭാവം വെളിപ്പെടുത്തല്‍ കൂടിയായിരുന്നു. (ഏശയ്യ 42, 48, 53). പാപമില്ലാത്തവനായ മിശിഹാ അനുതാപികള്‍ക്കുവേണ്ടി നടത്തിയ മാതൃകാ സ്നാനമായിരുന്നു അത്. അവിടുന്നില്‍ പാപമൊന്നും ഇല്ലാതിരിക്കെ, സകലനീതിയും പൂര്‍ത്തിയാക്കാന്‍, അതായത്, ദൈവഹിതം നിറവേറ്റുവാന്‍ അവിടുന്ന് താഴ്മയുടെ നെല്ലിപ്പലകവരെ താഴ്ന്നിറങ്ങുന്നു. ഈ ജ്ഞാനത്തിലേയ്ക്കുള്ള സ്നാനമാണ്, ക്രിസ്തുവിന്‍റെ യോര്‍ദ്ദാനിലെ ഊളിയിട്ടിറങ്ങല്‍ തെളിയിക്കുന്നത്. എന്നാല്‍ വെള്ളത്തില്‍നിന്നുള്ള കയറ്റം ദൈവപുത്രന്‍റെ തേജസ്സാണ് പ്രകടമാക്കുന്നത്.
ഈ ഇറക്കത്തിന്‍റെയും കയറ്റത്തിന്‍റെയും വൈരുധ്യതത്ത്വം സുപ്രാധനമാണ്. ഉന്നതത്തിലേയ്ക്ക് കയറണമെങ്കില്‍ പാതാളംവരെ ഇറങ്ങണം. മനുഷ്യപുത്രന്‍റെ ഈ തരംതാഴ്ത്തല്‍ (humiliation) അവിടുത്തെ തേജസ്സ്വീകരണത്തിന്‍റെ നാന്നിയായിരുന്നു. ശൂന്യവത്ക്കരണത്തിന്‍റെ വിനയഭാവത്തിന് ജീവിതത്തില്‍ നാമും തയ്യാറാകേണ്ടതാണ്.

2. മനുഷ്യാനായിത്തീര്‍ന്ന ദൈവം, മര്‍ത്ത്യതയുടെ ഭാഗധേയത്തില്‍ പങ്കുചേരാനായി ദാസന്‍റെ രൂപം ധരിക്കുകയാണ്. “മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനാണ്.” അടിമയുടെ രൂപത്തിലാണ് പുത്രന്‍ പ്രത്യക്ഷപ്പെടുന്നത്. ദൈവപുത്രനാകുന്നത് മറ്റുള്ളവരുടെ അടിമയാകുമ്പോഴാണ്.
മനുഷ്യവര്‍ഗ്ഗത്തോടുള്ള ദൈവപുത്രന്‍റെ ഈ വിധേയത്വമാണ് സര്‍വ്വനീതിയും പൂര്‍ത്തിയാക്കുവാനുള്ള അവിടുത്തെ ക്ഷണത്തില്‍ നാം ദര്‍ശിക്കുന്നത്.

3. യേശുവിന്‍റെ ജ്ഞാനസ്നാനത്തെ സ്മരിക്കുന്ന ജലംകൊണ്ടുള്ള കുരിശുവരയ്ക്കല്‍ അവിടുന്ന് മനുഷ്യവര്‍ഗ്ഗത്തെ രക്ഷിച്ച രണ്ടാമത്തെ സ്നാനമായ കുരിശുമരണത്തെയും ഓര്‍മ്മിപ്പിക്കുന്നു. രക്തംകൊണ്ടുള്ള സ്നാനമായ പെസഹാരഹസ്യത്തെ ഓര്‍മ്മിപ്പിക്കുകയാണത്. നാം ദേവാലയത്തില്‍ പ്രവേശിക്കുന്നത് കുരിശ്ശിലെ ബലിയര്‍പ്പണത്തിന്‍റെ അനുവര്‍ത്തനത്തിനാണല്ലോ.

എന്നാല്‍ ഒന്നോര്‍ക്കണം, എല്ലാ സഹനങ്ങളും ഒരാളെ ക്രിസ്തുവാക്കില്ല. എന്തിന് ഗോല്‍ഗോഥായുടെ ഏറ്റവും താഴത്തെ പടവുകളില്‍പ്പോലും അതു നമ്മെ എത്തിക്കുകയില്ല. കുതറാതെ സഹിക്കുകയാണ് പ്രധാനം. അങ്ങനെയാണല്ലോ ഏശയ്യാ അവിടുത്തെ വിശേഷിപ്പിച്ചതും. “അവന്‍ മര്‍ദ്ദിതനായി, പീഡിതനായി, എങ്കിലും അവന്‍ ഒന്നും ഉരിയാടിയില്ല. കൊല്ലാന്‍ കൊണ്ടുപോകുന്ന കൂഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു” (ഏശയ്യ 53, 7-8). ബലിക്കുവേണ്ടി കൊണ്ടുപോയപ്പോള്‍ അവന്‍ കുതറിയില്ല. ആ പ്രവചനം നിര്‍വത്തിക്കപ്പെടുന്നത് പിന്നെയും എത്രയോ സംവത്സരങ്ങള്‍ക്കു ശേഷമാണ്.
പീലാത്തോസിന്‍റെ അരമനയിലാണ്. അവനെതിരായ ഓരോ ആരോപണങ്ങളും അതിന്‍റെ മുഴുവന്‍ ആസുരതയോടുകൂടി ഉയരുമ്പോള്‍ ക്രിസ്തു നിശ്ശബ്ദനായിരുന്നു. ആരോപണങ്ങള്‍ക്കെതിരെ ക്രിസ്തു മറുപടി പറയായ്കയാല്‍, ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടുവെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു (മത്തായി 27, 14). ചരിത്രത്തിന്‍റെ വിചാരണമുറിയില്‍ ഇതാദ്യമായിരിക്കാം - പരിഭവമില്ലാതെ, ആത്മനിന്ദയില്ലാതെ, സ്നേഹപൂര്‍വ്വം മൗനമായൊരാള്‍ നില്കുന്നു.
ഈ മൗനത്തെയാണ് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന മഹോത്സവത്തില്‍ നാം ധ്യാനിക്കേണ്ടത്.

സഹനത്തെ ക്രിസ്തു അതിമനോഹരമായ പദംകൊണ്ടാണ് വിശേഷിപ്പിക്കുന്നത് – സ്നാനം. “എനിക്കൊരു സ്നാനം സ്വീകരിക്കാനുണ്ട്, അത് സ്വീകരിക്കുവോളം എന്‍റെ ഹൃദയം അസ്വസ്ഥമായിരിക്കും.” (ലൂക്കാ 12, 17) തന്‍റെ മനസ്സിറിഞ്ഞവരോട് ആ സ്നാനം സ്വീകരിക്കുവാന്‍ ഹൃദയപൂര്‍വ്വം അവിടുന്ന് ആഹ്വാനംചെയ്യുന്നു. “ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനാവുമോ നിങ്ങള്‍ക്ക്...” എന്നു ക്രിസ്തു ചോദിക്കുന്നുണ്ട്.
സഹനത്തെ സ്നാനമായി വെളിപ്പെട്ടു കിട്ടുമ്പോള്‍, കുറെയധികം പൊള്ളുന്ന സമസ്യകളുടെ താക്കോലുകളും നമുക്കു കിട്ടും. വലിയൊരു കരുണ്യത്തോടെ ആരോ ഒരനുഷ്ഠാനംപോലെ, നമ്മുടെ മൂര്‍ദ്ധാവിലേയ്ക്ക് ഇറ്റുവീഴ്ത്തിക്കുന്ന തീര്‍ത്ഥംതന്നെയാണ് സഹനം. ഇത് സ്നാനമാണെന്നറിയുമ്പോള്‍, ഈ സഹനജലം നമ്മെ വിമലീകരിക്കുമെന്നറിയുമ്പോള്‍, നാം കുതറുകയില്ല.
മറിച്ച്, തുള്ളിപോലും പാഴാകരുതെന്ന പ്രാര്‍ത്ഥനയോടുകൂടി കൈകൂപ്പി, കൃതജ്ഞതാപൂര്‍വ്വം അതേറ്റു വാങ്ങും.
“സഹനത്തിന്‍റെ സ്നാനം സ്വീകരിക്കുവോളം, നിന്‍റെ ഹൃദയം അസ്വസ്ഥമായിരിക്കും!” (ലൂക്കാ 12, 50) എന്നു ക്രിസ്തു പറഞ്ഞുവച്ചിരിക്കുന്നു.

അങ്ങനെ, ക്രിസ്തു യോര്‍ദ്ദാന്‍ നദിയില്‍ സ്വീകരിച്ച സ്നാനം, അവബോധത്തിലേയ്ക്കും, സ്നേഹത്തിലേയ്ക്കുമുള്ള ഉണര്‍വാണ്. യോഹന്നാന്‍ ഒരിറ്റുജലം അവിടുത്തെ ശിരസ്സിലേക്കിറ്റിച്ച് വീഴ്ത്തിയപ്പോള്‍ ആകാശം സാക്ഷൃപ്പെടുത്തിയത് ആ ഉണര്‍വ്വാണ്. “ഇവനെന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” (മത്തായി 3, 17).
ആ ഉണര്‍വ്വിന്‍റെ പൂവിടല്‍, പിന്നീട് സഹനമെന്ന രണ്ടാംസ്നാനത്തിലാണ് കലാശിക്കുന്നത്. അതായിരിക്കണം ക്രിസ്തു പറയുന്ന അഗ്നികൊണ്ടുള്ള സ്നാനം. ഈ സ്നാനം സ്വീകരിക്കാത്തവരുടെ ധ്യാനവും സ്നേഹവും എന്നും അപൂര്‍ണ്ണമായിത്തന്നെ അവശേഷിക്കും. നിത്യനിദാനമായ ദൈവത്തിന്‍റെ പരിപൂര്‍ണ്ണതയെ തേടുവാനുള്ള ദേഹീദേഹ ഗുണങ്ങള്‍ തരണമേ എന്ന് നമുക്കീ തിരുനാളില്‍ പ്രാര്‍ത്ഥിക്കാം.
_______________________________
Prepared by Nellikal, Vatican Radio







All the contents on this site are copyrighted ©.