2014-01-09 14:58:22

പുതുവര്‍ഷം യേശുവിനോടൊപ്പം


08 ജനുവരി 2014, റോം
അല്‍ഫോന്‍സ് ലിഗോരി ഇടവകദേവാലയത്തിന് അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനമായി പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടവക സന്ദര്‍ശനം. റോമാനഗരത്തിന്‍റെ വടക്കുഭാഗത്തെ ജുസ്തിനിയാന എന്ന സ്ഥലത്തെ ഇടവക ദേവാലയത്തില്‍ തിങ്കളാഴ്ച വൈകീട്ടാണ് മാര്‍പാപ്പയെത്തിയത്. റോം രൂപതാ വികാരി കര്‍ദിനാള്‍ അഗസ്തീനോ വല്ലീനിയോടൊപ്പമാണ് റോമാ രൂപതാധ്യക്ഷന്‍കൂടിയായ മാര്‍പാപ്പ ഇടവക സന്ദര്‍ശനം നടത്തിയത്.
ഇരുന്നൂറോളം ഇടവകാംഗങ്ങള്‍ ചേര്‍ന്നു വേഷവിധാനം ചെയ്ത തിരുപ്പിറവിയുടെ ദൃശ്യാവിഷ്ക്കാരം കണ്ട് സന്തുഷ്ടനായ പാപ്പ കലാകാരന്‍മാരോട് കുശലാന്വേഷണം നടത്തി. പുഷ്പങ്ങളുമായി തന്നെ സ്വീകരിക്കാനെത്തിയ നൂറോളം കുട്ടികളോടും മാര്‍പാപ്പ സരസ സംഭാഷണം നടത്തി. ഉണ്ണിയേശുവിന്‍റെ ഭാഗം ചെയ്തത് രണ്ടുമാസം പ്രായമുള്ള കുഞ്ഞു ഫ്രാന്‍സിസ് പാല്‍പുഞ്ചിരിയോടെയാണ് പാപ്പാ ഫ്രാന്‍സിസിനെ എതിരേറ്റത്. അന്നു രാവിലെ മാമ്മോദീസാ സ്വീകരിച്ച കുഞ്ഞ് ഫ്രാന്‍സിസിനെ സസ്നേഹം വീക്ഷിച്ച പാപ്പാ ഫ്രാന്‍സിസ് വാത്സല്യപൂര്‍വ്വം ആ കുഞ്ഞിന് തന്‍റെ ആശീർവാദമേകി.
തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ വച്ച് ഇടവക ജനത്തോട് സംസാരിച്ച മാര്‍പാപ്പ
യേശുവിനോടൊപ്പം പുതുവര്‍ഷം ആരംഭിക്കുവാന്‍ അവരെ ക്ഷണിച്ചു. തിന്മയ്ക്കുമേല്‍ വിജയം നേടുന്ന യേശു എല്ലായ്പ്പോഴും നമ്മോടൊത്തുണ്ടാകുമെന്നും അവരെ ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും വേണ്ടി, വിശിഷ്യാ കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.
Reported: Vatican Radio, TG







All the contents on this site are copyrighted ©.