2014-01-09 14:57:37

ദരിദ്രരുടെ പിതാവ് ഫാ.സൂക്കോളിന് കണ്ണീരോടെ വിട


08 ജനുവരി 2014, കണ്ണൂര്‍
മലബാറിന്‍റെ മിഷനറി ഫാ.ലിനുസ് മരിയ സൂക്കോള്‍ (98) അന്തരിച്ചു. ആറര പതിറ്റാണ്ടു കാലം മലബാര്‍ മേഖലയില്‍ മിഷനറിയായി ശുശ്രൂഷ ചെയ്ത ഇറ്റാലിയന്‍ സ്വദേശിയായ ഫാ.സൂക്കോള്‍ ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അന്തരിച്ചത്.
ചൊവ്വാഴ് രാവിലെ കോഴിക്കോട് മലാപ്പറമ്പിലെ ഈശോസഭാ ആസ്ഥാനമായ ക്രൈസ്റ്ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഭൗതികദേഹം കണ്ണൂരിലേക്കു കൊണ്ടുപോന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് പരിയാരം മരിയപുരം ദേവാലയത്തില്‍ നടന്ന അന്തിമോപചാര ശുശ്രൂഷയില്‍ സൂക്കോളച്ചന്‍റെ സ്നേഹസഹായം സ്വീകരിച്ച അനേകര്‍ പങ്കെടുത്തു. മലബാറിലെ പാവപ്പെട്ട ആയിരങ്ങള്‍ക്കു വീടുകള്‍ വച്ചുകൊടുത്തും ജീവിതമാര്‍ഗമൊരുക്കിയും ത്യാഗനിഷ്ഠയോടെ ദൈവശുശ്രൂഷ ചെയ്ത വന്ദ്യവൈദികന് ജനം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി.
വടക്കേ ഇറ്റലിയില്‍ ആല്‍പ്‌സ് പര്‍വത മേഖലയില സര്‍നോനിക്കോ എന്ന ഗ്രാമത്തില്‍ ജൂസെപ്പെ-ബാര്‍ബറാ ദമ്പതിമാരുടെ മകനായി 1916 ഫെബ്രുവരി എട്ടിന് ജനിച്ച എല്‍.എം.സുക്കോള്‍ 12ാമത്തെ വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു. 1940 മാര്‍ച്ച് 9ന് പൗരോഹിത്യം സ്വീകരിച്ചു. 1943ല്‍ ഈശോസഭയില്‍ അംഗമായ അദ്ദേഹം ആഫ്രിക്കയിലും ജപ്പാനിലും പ്രേഷിത ശുശ്രൂഷ ചെയ്ത അനുഭവ പരിചയവുമായാണ് ഇന്ത്യയിലെത്തിയത്. 1948 ഏപ്രിലില്‍ കോഴിക്കോട് മിഷന്‍റെ ആസ്ഥാനമായ ക്രൈസ്റ്റ് ഹോളിലെത്തി. അക്കൊല്ലം ജൂണ്‍ മാസത്തിൽ വയനാട്ടിലെ ചുണ്ടേലില്‍ സേവനം തുടങ്ങി. ആറുവര്‍ഷത്തിനു ശേഷം മാടായിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഏതാനും വര്‍ഷം മാടായിയും പഴയങ്ങാടിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ശേഷം 1963 ല്‍ പട്ടുവം ശുശ്രൂഷാ കേന്ദ്രമാക്കി. 1969 ല്‍ മദര്‍ പേത്രമോനിങ്മാന് ദീന സേവന സഭ സ്ഥാപിക്കാന്‍ പ്രോത്സാഹനവും പിന്തുണയും നല്കിയത് സൂക്കോളച്ചനാണ്. കണ്ണൂര്‍ രൂപതയിലെ പ്രഥമ ദൈവദാസി ഉര്‍സുലൈന്‍ സന്ന്യസ്തസഭാംഗമായിരുന്ന സി.മരിയ സെലിന്‍ കണ്ണനായിക്കലിന്‍റെ ആത്മീയ നിയന്താവു കൂടിയായിരുന്നു ഫാ.സൂക്കോള്‍.
1972 മുതല്‍ പരിയാരത്തെ മരിയപുരം ആയിരുന്നു അച്ചന്‍റെ പ്രവര്‍ത്തന കേന്ദ്രം. 39 വര്‍ഷക്കാലം സൂക്കോളച്ചന്‍ ഇവിടെ ശുശ്രൂഷ ചെയ്തു. അതിനിടയില്‍ 1980ല്‍ അച്ചന്‍ ഇന്ത്യന്‍ പൗരത്വവും സ്വീകരിച്ചു. കേരളത്തില്‍ ശുശ്രൂഷ ആരംഭിച്ചതിനു ശേഷം അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം ജന്‍മനാടായ ഇറ്റലി സന്ദര്‍ശിച്ചിരുന്നത്. മലബാറിലെ സാധുക്കള്‍ക്കും നിര്‍ധനർക്കും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച ഫാ.സൂക്കോള്‍ ക്രൈസ്തവര്‍ക്കും മറ്റ് മതസ്ഥര്‍ക്കുമായി പതിനായിത്തോളം വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുകയും ഇരുപതിനായിരത്തിലേറെപ്പേര്‍ക്ക് കിണര്‍ കുഴിക്കാന്‍ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് കറവപ്പശു, ആട്, തയ്യല്‍മെഷീന്‍, ഓട്ടോറിക്ഷ തുടങ്ങിയ ജീവനോപാധികള്‍ നല്‍കിയ അദ്ദേഹം ലക്ഷക്കണക്കിനു രോഗികള്‍ക്ക് ചികില്‍സാസഹായവും നല്‍കിയിട്ടുണ്ട്.


Reported: Vatican Radio/ TG







All the contents on this site are copyrighted ©.