2014-01-06 17:06:11

ദൈവം എല്ലാവരേയും സ്നേഹിക്കുന്നു ക്ഷണിക്കുന്നു: മാര്‍പാപ്പ


06 ജനുവരി 2014, വത്തിക്കാന്‍
ദൈവം എല്ലാവരേയും സ്നേഹിക്കുകയും തന്‍റെ ജനമാകാന്‍ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൂജരാജാക്കന്‍മാരുടെ തിരുന്നാള്‍ ദിനത്തില്‍ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം അനുഭവിച്ചറിഞ്ഞ് അതില്‍ ജീവിക്കുന്ന ജനമാണ് സഭ. ദൈവ – മനുഷ്യ സ്നേഹഗാഥയാണ് സഭാ ജീവിതത്തിന്‍റെ കേന്ദ്രം. ഈ സഭാ സമൂഹത്തിലേക്ക് ദൈവം എല്ലാവരേയും ക്ഷണിക്കുന്നു. ദൈവത്തില്‍നിന്നും സഭയില്‍ നിന്നും അകന്നു കഴിയുന്നവര്‍ക്കും ദൈവം ഈ ക്ഷണം നല്‍കുന്നുണ്ട് . തന്‍റെ ജനമായിരിക്കാന്‍ സ്നേഹത്തോടും ആദരവോടും കൂടി ദൈവം അവരെ ക്ഷണിക്കുന്നുവെന്ന് മാര്‍പാപ്പ വിശദീകരിച്ചു.

ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണ തിരുന്നാളാണ് പൂജരാജാക്കന്‍മാരുടെ തിരുന്നാള്‍. കിഴക്കു നിന്നുള്ള ജ്ഞാനികളുടെ സന്ദര്‍ശനത്തോടെയാണ് ക്രിസ്തു ആദ്യമായി ലോകത്തിനു വെളിപ്പെടുന്നത്. ക്രിസ്തുവിലൂടെ സകല ജനത്തിനും കൈവന്ന രക്ഷയുടെ അടയാളമാണ് ഈ തിരുന്നാളെന്ന് പാപ്പ ഉത്ബോധിപ്പിച്ചു. പൂജരാജാക്കന്‍മാരുടെ സന്ദര്‍ശനത്തെക്കുറിച്ച് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ‘നസ്രത്തിലെ യേശു’ (മൂന്നാം വാല്യം) എന്ന ഗ്രന്ഥത്തില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും പാപ്പാ ഫ്രാന്‍സിസ് തന്‍റെ സന്ദേശത്തില്‍ അനുസ്മരിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.