2014-01-06 17:05:49

തിന്‍മയുടെ ശക്തികളെ കൗശല്യത്തോടെ നേരിടണമെന്ന് മാര്‍പാപ്പ


‘വിശുദ്ധമായ കൗശല്യത്തോടെ’ (holy cunning) വിശ്വാസം കാത്തുസംരക്ഷിക്കാന്‍ പൂജരാജാക്കന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൂജരാജാക്കന്‍മാരുടെ തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച തിരുന്നാള്‍ ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ഹേറോദേസ് രാജാവിന്‍റെ ചതിക്കുഴിയില്‍ വീഴാതെ പൂജരാജാക്കന്‍മാര്‍ യേശുവിനെ കണ്ടെത്തി ആരാധിച്ചു മടങ്ങിയതുപോലെ വിശ്വാസയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളും ചതിക്കുഴികളും തിരിച്ചറിയാന്‍ നമുക്കു കഴിയണം. ദൈവിക പ്രകാശം ഹൃദയത്തില്‍ സ്വീകരിക്കുന്നതോടൊപ്പം ലാളിത്യവും വിവേകവും കൂട്ടുചേരുന്ന വിശുദ്ധമായ കൗശലവും വളര്‍ത്തിയെടുക്കണമെന്നും, “നിങ്ങള്‍ പ്രാവുകളെപ്പോലെ നിഷ്കളങ്കരും സര്‍പ്പത്തെപ്പോലെ വിവേകികളുമായിരിക്കുവിന്‍ (മത്താ 10:16)” എന്ന ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തു.

പൂജരാജാക്കന്‍മാരെപ്പോലെ ജാഗരൂകതയുള്ളവരും ദൈവിക വചനത്തോടും അടയാളങ്ങളോടും തുറവിയുള്ളവരുമായിരിക്കണം വിശ്വാസികള്‍. ദൈവവചനം ‘എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്’(സങ്കീ. 119:105) എന്ന സങ്കീര്‍ത്തന വചനം നമ്മുടെ ജീവിതത്തിലും യാഥാര്‍ത്ഥ്യമാകണം. സുവിശേഷം വായിച്ചു ധ്യാനിച്ച് അത് നമ്മുടെ ആത്മീയ ഭോജ്യമാക്കിമാറ്റുന്നതിലൂടെ ക്രിസ്ത്വാനുഭവത്തിലും ദൈവസ്നേഹത്തിലും നാം വളരുമെന്നും പാപ്പ വിശ്വാസികളെ അനുസ്മരിപ്പിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.