2014-01-04 12:14:33

ക്രിസ്തു ജനതകള്‍ക്കു പ്രകാശം
പ്രത്യക്ഷീകരണ മഹോത്സവം


വി. മത്തായി 2, 1-12
ഹേറോദേസ് രാജാവിന്‍റെ കാലത്ത് യൂദയായിലെ ബെതലഹേമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യ ദേശത്തുനിന്നും ജ്ഞാനികള്‍ ജരൂസലേമിലെത്തി. അവര്‍ അന്വേഷിച്ചു. എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവിടുത്തെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി. അവനോടൊപ്പം ജരൂസലേം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്മാരെയും ജനത്തിന്‍റെ ഇടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു. യൂദയായിലെ ബെതലഹെമിലെന്ന് പ്രവാചകന്‍ എഴുതിയിരിക്കുന്നു. ‘യൂദയായിലെ ബേതലേഹമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല. എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉത്ഭവിക്കുക.’ അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമയയി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടത് എപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബെതലഹേമിലേയ്ക്ക് അയച്ചുകൊണ്ടു പറഞ്ഞു. പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക. അവനെ കണ്ടു കഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും വിവരം അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴുക്കു കണ്ട നക്ഷ്ത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരിന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവിടുത്തെ കുമ്പിട്ട് ആരാധിക്കുകുയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന്, പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്‍റെ അടുത്തേയ്ക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേയ്ക്കു പോയി.

ചന്ദ്രനു ചുറ്റുമുള്ള ആദ്യ പറക്കലിന് നാലു അമേരിക്കന്‍ ബഹിരാകാശചാരികള്‍ ഒരുങ്ങിയത്1968 ഡിസംബര്‍ മാസത്തിലാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ യാത്രയായിരുന്നു അത് എന്നാല്‍, ബ്രിട്ടീഷ് ജ്യോതിഷുക്കളുടെ ഫെഡറേഷന്‍ പരീക്ഷണ പറക്കിലിന്‍റെ ഒരാഴ്ചമുന്‍പ് നക്ഷത്രവാരഫലം പ്രഖ്യാപിച്ചു. ചന്ദ്രനു ചുറ്റുമുള്ള പറക്കല്‍ പരാജയപ്പെടുമെന്നായിരുന്നു വാരഫലം! ജൂപ്പിറ്റര്‍, യുറാനസ് എന്നീ നക്ഷത്രങ്ങള്‍ അടുത്തു വരുന്നതിനാല്‍, ബഹിരാകാശ യാത്രക്കാരില്‍ വ്യക്തിത്വമാറ്റങ്ങള്‍ സംഭവിക്കുമെന്നും, യാത്ര പരാജയത്തില്‍ കലാശിക്കുമെന്നും അവര്‍ പ്രവചിച്ചു. എന്നാല്‍ ചരിത്രം നമുക്കറിയാം. അപ്പോളോ എട്ടിന്‍റെ ബഹിരാകാശയാത്ര വലിയ വിജയമായിരുന്നു. നക്ഷത്രവാരഫലക്കാര്‍ പരാജയപ്പെട്ടു.

കിഴക്കുനിന്നുള്ള ജ്ഞാനികളും നക്ഷത്രത്തെ നോക്കിയാണ് ക്രിസ്തുവിനെ തേടിയത്.. എന്തായിരുന്നു ഫലം? തെറ്റായ സ്ഥലത്താണ് അവര്‍ ചെന്നെത്തിച്ചത് - ഹേറോദേസിന്‍റെ കൊട്ടാരത്തില്‍. എന്നാല്‍, തിരുവചനം അവരെ നയിച്ചത് പുല്‍ത്തൊട്ടിയിലെ ദിവ്യഉണ്ണിയുടെ പക്കലേയ്ക്കായിരുന്നു. കിഴക്കുനിന്നു വന്ന ജ്ഞാനികള്‍ക്ക് തന്നെത്തന്നെ ദൈവം വെളിപ്പെടുത്തുന്ന സംഭവമാണ് നാമിന്ന് വിചിന്തംചെയ്യുന്നത്.

രണ്ടു രംഗങ്ങളുടെ ലഘുനാടകമായി സുവിശേഷകന്‍ മത്തായി ജ്ഞാനികളുടെ സന്ദര്‍ശനത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒന്നാമത്തെ രംഗത്തില്‍ വിജാതീരായ ജ്ഞാനികള്‍ ചരിത്രത്തിലെ മനുഷ്യാവതാരമെന്ന ക്രിസതുസംഭവത്തോട് പ്രസാദാത്മകമായി പ്രകടമാക്കുന്ന പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. നക്ഷത്രത്തിന്‍റെ ഉദയത്തില്‍നിന്ന് ഒരു ദിവ്യശിശുവിന്‍റെ ജനനകഥ അവര്‍ വായിച്ചെടുക്കുന്നു. അവര്‍ ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, രാജകൊട്ടാരത്തില്‍വച്ച് വിശുദ്ധലിഖിതം വായിച്ച പ്രധാന പുരോഹിതന്മാരും ന്യായപ്രമാണത്തിന്‍റെ കാവ‍ല്‍ക്കാരും ക്രിസ്തു ജനിക്കുന്നത് ബെതലഹേമിലാണെന്ന് വ്യക്തമാക്കി. അങ്ങനെയാണ് ജ്ഞാനികള്‍ യേശുവിനെ ബെതലേഹം കുന്നില്‍ കണ്ടെത്തുന്നതും, അവിടുത്തെ ആരാധിക്കുന്നതും.

രണ്ടാമത്തെ രംഗം ഹേറോദേസു രാജാവിന്‍റെ നിഷേധാത്മകമായ പ്രതികരണമാണ് (2, 13-23). ഉണ്ണിയേശുവിനെ ചതിവില്‍ കൊല്ലാനായി അയാള്‍ പരിശ്രമിക്കുന്നു. ക്രിസ്തുവില്‍ ദൈവം മനുഷ്യര്‍ക്ക് നല്കിയ രക്ഷയ്ക്ക് രണ്ടുതരം പ്രതികരണങ്ങളുണ്ടായെന്ന് നമുക്കു മനസ്സിലാക്കാം. + അന്യമതസ്ഥരുടെ പ്രതിനിധികളായ ജ്ഞാനികളുടെ പ്രസാദാത്മകമായ പ്രതികരണവും, ++ സ്വന്തജനമായ ഇസ്രായേലിന്‍റെ പ്രതിനിധിയായ ഹെറോദേസു രാജാവിന്‍റെ നിഷേധാത്മകമായ പ്രതികരണവും. ജ്ഞാനികള്‍ അല്ലെങ്കില്‍ രാജാക്കന്മാര്‍ പ്രസാദാത്മകമായും ഭാവാത്മകമായും പ്രതികരിച്ചു. അവര്‍ രക്ഷകനെ കണ്ടെത്തി, അവിടുത്തെ ആരാധിച്ചു. എന്നാല്‍ തിരഞ്ഞെുടുക്കപ്പെട്ട ജനത്തിന്‍റെ രാജാവും, വിശുദ്ധനഗരമായ ജരൂസലേം മുഴുവനും രക്ഷകന്‍റെ ജനനത്തില്‍ അസ്വസ്ഥമാകുകയും (മത്താ. 2, 3), അവിടുത്തെ കൊല്ലാന്‍ ഒരുമ്പിടുകയായിരുന്നു. അവിടുന്ന് സ്വന്തം ജനത്തിന്‍റെ പക്കലേയ്ക്കു വന്നു, എന്നാല്‍ ജനം അവിടുത്തെ തിരിച്ചറിഞ്ഞില്ല, സ്വീകരിച്ചില്ല.

വിജാതീയര്‍പോലും അംഗീകരിക്കുന്ന രാജാവാണ് നസ്രായനായ യേശുവെന്ന് ഇന്നത്തെ സുവിശേഷസംഭവം വ്യക്തമാക്കുന്നു. എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍, എന്നല്ലേ ജ്ഞാനികള്‍ ചോദിച്ചത്. ‘യഹൂദരുടെ രാജാവ്’ എന്ന ആദ്യത്തെ ശീര്‍ഷകം, പ്രയോഗം, വീണ്ടും സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് പീലാത്തോസിന്‍റെ മുന്നിലുള്ള ക്രിസ്തുവിന്‍റെ വിചാരണ സമയത്താണ്. (മത്തായി 27, 37). ‘യഹൂദരുടെ രാജാവ്’ ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യത്തിന്, ‘അവിടുന്ന് ഇതാ, കുരിശില്‍ തൂങ്ങിക്കിടക്കുന്നു,’ എന്ന് മത്തായി ഉത്തരം നല്കുന്നുണ്ട്. ഈ അര്‍ത്ഥം തന്നെയാണ് ജ്ഞാനികള്‍ ഉണ്ണിയേശുവിനു നല്കിയ മീറയ്ക്കുള്ളത്. വേദന കുറയ്ക്കാനായി മരണസമയത്തു പണ്ടുകാലത്തു നല്കിയിരുന്ന ലഹരിയാണ് മീറ. ശിശുവിന്‍റെ ജനനസമയത്ത്, മരിക്കുന്നവര്‍ക്കു കൊടുക്കുന്ന ലഹരിയായ മീറ, ഇതാ ഇവിടെ ജ്ഞാനികള്‍ സമ്മാനമായി കൊടുക്കുന്നു – ഉണ്ണിയേശുവിനുള്ള പിറന്നാള്‍ സമ്മാനം! കാരണം, രക്ഷ കുരിശില്‍നിന്നാണ്, എന്ന് പ്രതീകാത്മകമായി സമര്‍ത്ഥിക്കുകയാണ് പൂജരാജാക്കളുടെ ഈ സവിശേഷമായ സ്നേഹോപഹാരം.
അപരനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവന്‍ ക്രിസ്തുവിനെ പ്രത്യക്ഷീകരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു.
ജന്മനക്ഷത്രത്തെ പിന്തുടര്‍ന്ന ജഞാനികള്‍ ഹെറോദേസിന്‍റെ വിരുന്നുശാല സന്ദര്‍ശിച്ച് മടങ്ങേണ്ടിവന്നു. ഹേറോദേസാകട്ടെ, തന്‍റെ കിരീടം നഷ്ടമാകുമെന്ന ഭീതിയില്‍ വിലയൊരു പാതകത്തിനൊരുങ്ങുന്നു. രണ്ടു വയസ്സിനു താഴെയുള്ള ബെതലഹേമിലെ ആണ്‍കുഞ്ഞുങ്ങളെ വധിക്കാന്‍, അങ്ങനെ യേശുവിനെ ജനനത്തില്‍ത്തന്നെ വധിക്കാനായിരുന്നു ഹേറോദേസിന്‍റെ ശ്രമം. പകലന്തിയോളം ആടുകള്‍ക്കൊപ്പം അലഞ്ഞ ഇടയന്മാര്‍ റാമായില്‍നിന്നും ഉയര്‍ന്ന വിലാപഗീതങ്ങള്‍ കേട്ട് ഞെട്ടിയുണര്‍ന്നു. ആ രാവില്‍ വീശിയടിച്ച കാറ്റിന് ഇളംരക്തത്തിന്‍റെ ഗന്ധവും അമ്മാരുടെ തേങ്ങലുകളുടെ താളവും ഉണ്ടായിരുന്നു. വാനമേഘങ്ങളില്‍ കാവല്‍ നിന്നിരുന്ന ദേവദൂതര്‍ പാടിയ ഗ്ലോരിയഗീതങ്ങള്‍ വിലാപഗീതികളായ് പരിണമിച്ചു. അപ്പോള്‍ മാലാഖമാരുടെ മിഴിനീര്‍ മുത്തുകള്‍ താഴ്വാരത്തിലെ ശവഗന്ധിപ്പൂക്കളിലെ ഹിമകണങ്ങളായി മാറി.

പുണ്യപാപങ്ങളുടെ കളിത്തൊട്ടിലേയ്ക്ക് ക്രിസ്തുവിനെ ചുരുക്കിയെന്നുള്ളതാണ് നമ്മുടെ മദ്ധ്യേ അവര്‍തീര്‍ണ്ണനായ ദൈവത്തോട് നമ്മള്‍ ചെയ്ത അപരാധം. അവിടുത്തെ സൗന്ദര്യവും പ്രകാശവും പ്രസരിപ്പിക്കുന്ന ധ്യാനചിന്തകളെ ഉള്‍ക്കൊള്ളാന്‍ നമുക്കാകുന്നില്ല. വാക്കുകള്‍ക്കിടയിലെ ചിന്തകളോട് നാം ബധിരരായിപ്പോകുന്നു. ഇത്തിരിപ്പൂവിന് സോളമനേക്കാള്‍ സൗന്ദര്യമുണ്ടെന്നും, ആകാശപ്പറവകളില്‍നിന്ന് ജീവന്‍റെ പാഠങ്ങള്‍ അഭ്യസിക്കാമെന്നും അവിടുന്ന് ഓതുമ്പോഴും, ലാവണ്യം നിറഞ്ഞ വാക്കുകളെ നാം ഗ്രഹിക്കുന്നില്ല. കണ്ണ് നിന്‍റെ ശരീരത്തിന്‍റെ വിളക്കാണെന്ന് ധ്യാനിക്കുമ്പോള്‍ മനസ്സിലേയ്ക്കൊരു നിലാവെട്ടം പടരുകയാണ്. വെറുതെ ഇരിക്കാന്‍ കഴിയുക ജീവിതത്തിന്‍റെ നല്ല ഭാഗമാണെന്ന് ബഥനിയിലെ മാര്‍ത്തയെ ക്രിസ്തു ഓര്‍മ്മിപ്പിക്കുമ്പോള്‍ ഗൂഢാനാന്ദങ്ങളുടെ ആത്മീയതയില്‍ അണയുകയാണ് നാം. മിസ്റ്റിസിസം എന്ന ഗ്രീക്കു പദമാണ് മൂലം. അതിന്‍റെ അര്‍ത്ഥം ആത്മീയതയുടെ ധ്യാനരസം എന്നാണ്.

പൂര്‍ണ്ണ അവബോധത്തിന്‍റെയും പൂര്‍ണ്ണ സ്നേഹത്തിന്‍റെയും മറുപദമാണ് ക്രിസ്തു. പുണ്യപാപങ്ങള്‍ അവിടുത്തെ ചിന്തയുടെ ആനുപാതികമായ ചെറിയൊരു ഘടകം മാത്രമായിരുന്നു. അലംഘനീയമെന്നു വിശേഷിപ്പിക്കാവുന്ന ഘടനയോ, ശൈലിയോ അവിടുന്ന് എല്ലാ കാലങ്ങള്‍ക്കുമായി രൂപപ്പെടുത്തിയില്ല. അതുകൊണ്ടാണ് നിനക്കുള്ളതെല്ലാം ദരിദ്രര്‍ക്ക് കൊടുത്ത് പൂര്‍ണ്ണനാകാന്‍ പറയുന്ന ക്രിസ്തു, ഉള്ളതിന്‍റെ പകുതി ദരിദ്രര്‍ക്ക് കൊടുക്കുവാന്‍ സക്കേവൂസ് എന്ന ചുങ്കക്കാരന്‍ തയ്യാറായപ്പോള്‍, ‘ഇന്ന് നിനക്ക് രക്ഷ കൈവന്നിരിക്കുന്നു’
എന്ന് അയാളോടു പ്രസ്താവിച്ചത്. തന്നെ അനുഗമിക്കാന്‍ തുടങ്ങിയ ഒരാളെ നിരുത്സാഹപ്പെടുത്തിയ ക്രിസ്തു, വാര്‍ദ്ധക്യത്തിലെത്തിയ പിതാവിനെ സംസ്ക്കരിച്ചതിനുശേഷം തന്നെ അനുഗമിക്കാമെന്ന് പ്രത്യുത്തരിച്ച യുവാവിനോട്, ‘മരിച്ചവര്‍ മരിച്ചവരെ സംസ്ക്കിരിക്കട്ടെ’ എന്ന കഠിനവാക്കോതിയത് ഓര്‍മ്മിക്കുന്നില്ലേ.

രാജാക്കന്മാര്‍ കണ്ടെത്തിയ കിഴക്കിന്‍റെ നക്ഷത്രത്തെ തിരിച്ചറിയുകയാണ് പ്രധാനം. കാലപ്പഴക്കത്തില്‍ കൈവിട്ടുപോയ ധ്യാനത്തിന്‍റെയും അവോധത്തിന്‍റെയും തലങ്ങള്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്ക് സമന്വയിക്കപ്പെടുന്ന ഒരാത്മീയതയായിരിക്കും വരുംതലമുറകളിലേയ്ക്കുള്ള അര്‍ത്ഥപൂര്‍ണ്ണമായ ദൂത്. അതു പുറത്തുനിന്നുള്ള രക്ഷകനുവേണ്ടി കാത്തിരിയ്ക്കുകയല്ല, മറിച്ച് ഉള്ളിലെ രക്ഷകനെ തിരിച്ചറിയുന്നതാണ്! കിഴക്കിന്‍റെ മനസ്സില്‍ ഒരു വയലുണ്ട്. അവബോധത്തിന്‍റെയും ധ്യാനത്തിന്‍റെയും സുകൃത ഭൂമി!! അതിനെക്കുറിച്ചാണ് ക്രിസ്തു പറയുന്നത്. നിങ്ങള്‍ അദ്ധ്വാനിച്ചിട്ടില്ലാത്ത വിളവ് ശേഖരിക്കുവാന്‍ നിങ്ങളെ ഞാന്‍ അയയ്ക്കുന്നു. ആ വയലിലെ പൂര്‍ണ്ണ അവബോധത്തിന്‍റെയും പൂര്‍ണ്ണ സ്നേഹത്തിന്‍റെയും കൊയ്ത്തുത്സവത്തിന്‍റെ പേരാണ് ക്രിസ്തു. ക്രിസ്തുവിന്‍റെ പക്കല്‍ ആന്തരീകമായി എത്തിച്ചേരുന്നതാണ് ക്രിസ്തുമസ്. അവിടുത്തെ പ്രാഭവം തിരിച്ചറിയുന്നതും പ്രഘോഷിക്കുന്നതും നാം ആഘോഷിക്കുന്ന പ്രത്യക്ഷീകരണമാണ്!
_________________________________
Prepared by Nellikal, Vatican Radio








All the contents on this site are copyrighted ©.