2014-01-02 20:05:03

ഫെയ്ബറിന്‍റെ വിശുദ്ധപദത്തിന്
പാപ്പായുടെ കാര്‍മ്മികത്വം


2 ജനുവരി 2014, റോം
പീറ്റര്‍ ഫെയ്ബറിനെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ജനുവരി 3-ാം തിയതി വെള്ളിയാഴ്ച, പ്രാദേശിക സമയം രാവിലെ 9 മണിക്ക് റോമിലെ ജെസ്സു ദേവാലായത്തില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയാണ് ഈശോ സഭാംഗമായ പീറ്റര്‍ ഫെയ്ബറിന്‍റെ വിശുദ്ധപദപ്രഖ്യാപനം ആചരിക്കപ്പെടുന്നത്. സഭ വെള്ളിയാഴ്ച ആചരിക്കുന്ന യേശുനാമത്തിന്‍റെ തിരുനാളിലും ഈശോസഭയുടെ സ്ഥാപനദിനത്തിലുമാണ് പീറ്റര്‍ ഫെയ്ബറിന്‍റെ വിശുദ്ധപദം ആഘോഷിക്കപ്പെടുന്നത്.
സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ അഡോള്‍ഫോ നിക്കോളെയും ഈശോസഭാംഗങ്ങളും വിശ്വാസസമൂഹവും പാപ്പായോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും ഈശോസഭാംഗവുമായ ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. ഈശോ സഭാംഗവും, വിശുദ്ധരായ ഇഗ്നേഷ്യസിന്‍റെയും ഫ്രാന്‍സിസ് സേവ്യറിന്‍റെയും സമകാലികനുമായിരുന്ന വിശുദ്ധ ഫെയ്ബര്‍ കിഴക്കിന്‍റെ പ്രേഷിതനായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെതന്നെ ഈശോസഭയില്‍ പടിഞ്ഞാറിന്‍റെ ആത്മീയ നായകനായിരുന്നെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

ഡിസംബര്‍ 17-ാം തിയതി പീറ്റര്‍ ഫെയ്ബറിനെ വിശുദ്ധരുടെപദവിയിലേയ്ക്ക് സ്വാധികാരത്തില്‍ പാപ്പാ ഉയര്‍ത്തിയപ്പോള്‍ ആദ്യമായി വിശുദ്ധനോട് പ്രാര്‍ത്ഥിച്ച വ്യക്തി, ഈശോ സഭാംഗമായ പാപ്പാ ഫ്രാന്‍സിസ്സ് ആയിരുന്നിരിക്കണമെന്ന്, ഈശോ സഭാംഗവും റോം പ്രവിശ്യയുടെ മുന്‍പ്രൊവിന്‍ഷ്യലുമായിരുന്ന ഫാദര്‍ ലൊമ്പാര്‍ഡി പുഞ്ചിരിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകരോടു പ്രത്യുത്തരിച്ചു.
_________________________________
Reported : nellikal, Radio Vatican









All the contents on this site are copyrighted ©.