2014-01-02 17:43:57

പാപ്പായുടെ ജീവിതലാളിത്യം
ബോധ്യങ്ങളുടെ തെളിച്ചം


2 ജനുവരി 2014, വത്തിക്കാന്‍
പാപ്പായുടെ ലാളിത്യമാര്‍ന്ന വസ്ത്രധാരണം ജീവിതബോധ്യങ്ങളുടെ തെളിമയാണെന്ന് ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകനും ഡിസൈനറുമായ ഫ്രാങ്കോ സെഫിറേല്ലി അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ സലീഷ്യന്‍ ബുള്ളറ്റിന്‍റെ Il Bullettino Salesiano നവവത്സര പതിപ്പിലാണ് ഹോളിവൂഡിന്‍റെ പ്രശംസ്ത സംവിധായകനും റോമാക്കാരനുമായ സെഫിറേല്ലി പാപ്പായെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലളിത ജീവിതത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും പ്രതീകമായി സ്ഥാനിക വസ്ത്രത്തിന്‍റെ അലങ്കാരങ്ങള്‍ വേണ്ടെന്നുവച്ച് വെള്ളഅങ്കിയും, ചുവന്നഷൂസ് ഉപേക്ഷിച്ച് സാധാരണ പാദരക്ഷയും, സ്വര്‍ണ്ണക്കുരിശും മാലയും മാറ്റി സാധാരണ ലോഹക്കുരിശും മാലയും ധരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ശൈലി മൗലികമായ ജീവിതകാഴ്ചപ്പാടും പാവങ്ങളായവരോടു പ്രതിപത്തിയുമാണ് പ്രകടമാക്കുന്നതെന്ന്, -‘ജീസസ് ഓഫ് നാസറേത്ത്’ Gesu di Nazare എന്ന പ്രശസ്ത ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ സെഫിറേല്ലി അഭിപ്രായപ്പെട്ടു.

സ്ഥാനരോപിതനായശേഷവും, അതിഥിയായി താമസിച്ചിരുന്ന വത്തിക്കാന്‍റെ ബരോര്‍ഡിങിലെ ബില്ല് അടയ്ക്കാന്‍ പോയതും, പെസഹാവ്യാഴാഴ്ച രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള റോമിലെ ജയില്‍ പുള്ളികളുടെ കാലുകഴുകിയതും ചിലര്‍ക്ക് അസ്വീകാര്യമായെങ്കിലും പാപ്പാ ഫ്രാന്‍സിസിന്‍റെ മൗലികമായ ക്രിസ്തുദര്‍ശനമാണ് തെളിയിക്കുന്നതെന്ന് സെഫിറേല്ലി അഭിപ്രായപ്പെട്ടു. പാപ്പായുടെ വസ്ത്രരീതം കൂടുതല്‍ പൗരുഷം വെളിപ്പെടുത്തുന്നതാണെന്ന് ഇറ്റലിയുടെ പുരുഷന്മാരുടെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍, മേരി ലിസാ ഗവേനാസും അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
_________________________________
Reported : nellikal, Radio Vatican








All the contents on this site are copyrighted ©.