2014-01-02 16:36:57

ദൈവത്തിന്‍റെ പിതൃത്വം
സാഹോദര്യത്തിന്‍റെ അടിത്തറ


1 ജനുവരി 2014, വത്തിക്കാന്‍
വിശ്വസാഹോദര്യത്തിന്‍റെ അടിത്തറ ദൈവത്തിന്‍റെ പിതൃത്വമാണെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ലോക സമാധാനദിന സന്ദേശം പ്രസ്താവിച്ചു. ജനുവരി 1-ാം തിയതി, ബുധനാഴ്ച ആഗോള സഭ ആചരിച്ച ലോകസമാധാനദിനത്തോട് അനുബന്ധിച്ച്, വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥന പരിപാടിയിലാണ് തന്‍റെ സമാധാനസന്ദേശം പാപ്പാ ആവര്‍ത്തിച്ചത്. പിതാവായ ദൈവം മനുഷ്യമനസ്സുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സാഹോദര്യത്തിന്‍റെ ഉള്‍വിളിയോട് മനുഷ്യന്‍ പൂര്‍ണ്ണമായി പ്രത്യുത്തരിക്കണമെന്നും, അപരനിലുള്ള വൈവിധ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് പരസ്പരമുള്ള നിസംഗതയുടെയും സ്വാര്‍ത്ഥതയുടെയും വൈരാഗ്യത്തിന്‍റെയും മനോഭാവം മറികടക്കാന്‍ മനുഷ്യന് സാധിക്കുന്നതായിരിക്കും സമാധാനമെന്ന് ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവത്തിന്‍റെ പിതൃത്വം വ്യംഗ്യമോ അവ്യക്തമോ സാമാന്യമോ അല്ല, വളരെ സ്പഷ്ടവും നിതരസാധാരണവുമായ യഥാര്‍ത്ഥ്യമാണ്. ദൈവസ്നേഹം നാം ഒരിക്കല്‍ അനുഭവിച്ചാല്‍, അത് ക്ലേശകരമായ മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും നമ്മെ അപരനോട് ഒന്നിപ്പിക്കുകയും, ആഴമുള്ള പാരസ്പര്യത്തിലൂടെ ഐക്യദാര്‍ഢ്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയിലേയ്ക്ക് മനുഷ്യരെ നയിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിനെ അംഗീകരിക്കുകയും അവിടുന്നില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ പിതാവായി അംഗീകരിക്കുകയും, അവിടുത്തേയ്ക്കു തങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, എല്ലാറ്റിനും ഉപരിയായി അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്നു. ക്രിസ്തുവില്‍ അനുരഞ്ജിതരായവരാണ് ദൈവത്തെ പിതാവായി കാണുന്നുവെന്നും തല്‍ഫലമായി സാഹോദര്യത്തിന്‍റെ ജീവിതം നയിക്കുകയും ചെയ്യുന്നു. അവര്‍ അപരനെ ഒരിക്കലും പ്രതിയോഗിയോ ശത്രുവോ ആയിട്ടല്ല, ദൈവപുത്രനും പുത്രിയുമായി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ജീവിതങ്ങള്‍ അലക്ഷൃമായി ‘വലിച്ചെറിയാവുന്നതല്ല’, എന്തെന്നാല്‍ വിശ്വവേദിയായ കുടുംബത്തില്‍ ഏവരും ദൈവപിതാവിന്‍റെ മക്കളാണ്. അവര്‍ ക്രിസ്തുവില്‍ ഒന്നായിരിക്കുന്നു. അങ്ങനെ സകലരും ക്രിസ്തുവില്‍ അതുല്യവും പവിത്രവുമായ അന്തസ്സ് ആസ്വദിക്കുന്നുണ്ട്. ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. ക്രൂശിതനായ ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരാണു നാം. അതുകൊണ്ടുതന്നെ ആര്‍ക്കും അവരുടെ സഹോദരങ്ങളോട് നിസംഗരായിരിക്കുവാനോ, ഭിന്നിച്ചിരിക്കുവാനോ സാദ്ധ്യമല്ല.

സകല ജനതകള്‍ക്കും ലഭ്യമാകുന്ന ദിവ്യരക്ഷകനായ ക്രിസ്തുവിന്‍റെ അമ്മയുടെ മാതൃത്വത്തിന്‍റെ മാദ്ധ്യസ്ഥ്യം ഇന്നേ ദിവസം പ്രത്യേകം പ്രാര്‍ത്ഥിക്കാം. പരിശുദ്ധ അമ്മ, നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും സമാധാനത്തില്‍ നയിക്കട്ടെ, വിശിഷ്യാ യുദ്ധത്തിന്‍റെയും അഭ്യാന്തര കലാപത്തിന്‍റെയും പിടിയില്‍പ്പെട്ട് ഉഴലുന്ന ജനതകളെ സമാധാനരാജ്ഞിയായ കന്യകാനാഥ തുണയ്ക്കട്ടെ, എന്നു പ്രാര്‍ത്ഥിച്ച പാപ്പാ ജനങ്ങള്‍ക്കൊപ്പം തൃകാല പ്രാര്‍ത്ഥന ചൊല്ലുകയും പുതുവര്‍ഷപ്പുലരിയില്‍ ഏവരെയും ആശീര്‍വ്വദിക്കുകയും ചെയ്തു.
_______________________
Reported : nellikal, sedoc








All the contents on this site are copyrighted ©.