2013-12-31 17:29:19

വിവേചനമില്ലാത്തെ സഹായഹസ്തമേകുന്ന സഭ


31 ഡിസംബർ 2013, കെയ്റോ
കത്തോലിക്കാ സഭ സിറിയന്‍ ജനതയെ സഹായിക്കുന്നത് ജാതി മതഭേദം നോക്കാതെയെന്ന് അലെപ്പോയിലെ കല്‍ദായ മെത്രാപ്പോലീത്താ ആന്‍റണി ഔദോ. ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോംബാക്രമണവും വിശപ്പും ദാരിദ്ര്യവും തണുപ്പുമെല്ലാം സഹിച്ചുകൊണ്ടാണ് അലെപ്പോയിലെ അജപാലന ശുശ്രൂഷ സഭ തുടരുന്നത്. വിശ്വാസം ജീവിക്കാനും, ജാതി മതഭേദമില്ലാതെ എല്ലാവരോടും പ്രത്യാശയുടെ സന്ദേശം പങ്കുവയ്ച്ചുകൊണ്ട് സാഹോദര്യത്തില്‍ കഴിയാനും കത്തോലിക്കാ സഭ ആഗ്രഹിക്കുന്നത്.
കലാപം തുടരുന്ന അലെപ്പോയില്‍ ക്രിസ്തുമസ് വാരം ബോംബുകളുടെ മഴക്കാലമായിരുന്നു. ക്രിസ്തുമസ് ദിനത്തില്‍ മാത്രം, അലെപ്പോയിലെ വിവിധ സ്ഥലങ്ങളിലായി ഒരു ഡസനിലേറെ ബോംബാക്രമണം നടന്നുവെന്ന് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി. അതേസമയം, ക്രൈസ്തവരും – മുസ്ലീമുകളും തമ്മിലുള്ള സഹകരണവും സാഹോദര്യവും വര്‍ദ്ധിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു. കലാപകാരികളും സൈന്യവും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണത്തിന്‍റെ ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും, അലെപ്പോ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വിശപ്പും ദാരിദ്ര്യവും ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് ബിഷപ്പ് നിരീക്ഷിച്ചു. യുദ്ധകെടുതിയില്‍ കഴിയുന്നവരെ സഹായിക്കാനും ഭക്ഷണവും മരുന്നും ലഭ്യമാക്കാനും കത്തോലിക്കാസഭയുടെ കീഴിലുള്ള പ്രാദേശിക സന്നദ്ധ സംഘടനകള്‍ അഹോരാത്രം അദ്ധ്വാനിക്കുകയാണെന്ന് മെത്രാപ്പോലീത്താ ആന്‍റണി ഔദോ പ്രസ്താവിച്ചു.
Source: Asia News







All the contents on this site are copyrighted ©.