2013-12-31 17:28:58

ബിഷപ്പ് ഗലാന്‍തിനോ ഇറ്റാലിയന്‍ മെത്രാന്‍സമിതിയുടെ സെക്രട്ടറി


31 ഡിസംബർ 2013, വത്തിക്കാൻ
ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതിയുടെ (CEI) താത്കാലിക (interim) സെക്രട്ടറിയായി കലാബ്രിയായിലെ കസാനോ അല്ലൊ ജോനിയോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ന്യൂൺസ്യോ ഗലാന്‍തിനോയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പാപ്പായുടെ നിയമന ഉത്തരവ് ഡിസംബര്‍ 30നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.
മെത്രാന്‍സമിതിയുടെ സെക്രട്ടറിയായി രണ്ടാം വട്ട കാലപരിധി പൂര്‍ത്തിയാക്കിയ ബിഷപ്പ് മരിയാനോ ക്രൌച്യാത്ത സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. താല്‍കാലിക സെക്രട്ടറി, ബിഷപ്പ് ന്യൂൺസ്യോ ഗലാന്‍തിനോയുടെ ശുശ്രൂഷാ കാലപരിധി പാപ്പ നിശ്ചയിച്ചിട്ടില്ല. ദേശീയ മെത്രാന്‍ സമിതി ഉടനടി നിറവേറ്റേണ്ട നിരവധി ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് പാപ്പ ഈ താത്കാലിക നിയമനം നടത്തിയതെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി വിശദീകരിച്ചു.

രൂപതാധ്യക്ഷന്‍റെ പുതിയ നിയമനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് മാര്‍പാപ്പ കസാനോ അല്ലൊ ജോനിയോ രൂപതയിലെ വൈദികർക്കും രൂപതാംഗങ്ങൾക്കും ഒരു കത്തയച്ചു. രൂപതയില്‍ രൂപതാധ്യക്ഷന്‍റെ സാന്നിദ്ധ്യം കുറയുന്നത് ഖേദകരമാണ്. പക്ഷേ ഇറ്റാലിയന്‍ സഭയുടെ സുപ്രധാനമായ ഒരു ശുശ്രൂഷയ്ക്കുവേണ്ടിയാണ് തങ്ങളുടെ പ്രിയപ്പെട്ട മെത്രാന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കി അദ്ദേഹത്തിന് പ്രാർത്ഥനാ സഹായവും പിന്തുണയും നല്കണമെന്ന് കസാനോ അല്ലൊ ജോനിയോ രൂപതാംഗങ്ങളോട് പാപ്പ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.