2013-12-31 17:29:09

പാപമുണ്ടോ?


31 ഡിസംബർ 2013, വത്തിക്കാൻ
‘പാപം’ എന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദേശിക്കുന്നുവെന്ന ഇറ്റാലിയന്‍ പത്രാധിപര്‍ എവുജെനിയോ സ്കല്‍ഫാരിയുടെ പ്രസ്താവം വാസ്തവ വിരുദ്ധമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. പ്രമുഖ ഇറ്റാലിയന്‍ ദിനപത്രങ്ങളിലൊന്നായ ലാ റിപ്പുബ്ലിക്കയില്‍ (La Repubblica) ഞായറാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് പത്രാധിപർ സ്കാല്‍ഫാരി വിവാദ പ്രസ്താവന നടത്തിയത്.
എവുജെനിയോ സ്കല്‍ഫാരി മാര്‍പാപ്പയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചുകൊണ്ട് ലാ റിപ്പുബ്ലിക്ക ഏറെ ശ്രദ്ധ നേടിയിരുന്നു. മാർപാപ്പയുടെ ഉത്ബോധനങ്ങളില്‍ പത്രാധിപർ താൽപര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി എന്നാല്‍ പേപ്പല്‍ പ്രബോധനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് ഖേഃദകരമാണെന്നും അഭിപ്രായപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്ബോധനങ്ങള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും പാപത്തെക്കുറിച്ചും പാപബോധത്തെക്കുറിച്ചും പാപ്പായുടെ നിലപാടുകള്‍ വ്യക്തമാകും. പാപത്തെക്കുറിച്ചും, ദൈവി കാരുണ്യത്തെക്കുറിച്ചും പാപ്പ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. ദൈവിക കാരുണ്യത്തിനാണ് പാപ്പ പ്രാധാന്യം നല്‍കുന്നതെന്ന് സ്കല്‍ഫാരി അടിവരയിട്ടു പറയുന്നത് ശരിയാണ്. ദൈവിക കാരുണ്യത്തെക്കുറിച്ച് പാപ്പ നിരന്തരം ഉത്ബോധിപ്പിക്കുന്നുണ്ട്. പാപികളായ നാം ദൈവിക കാരുണ്യത്തില്‍ ആശ്രയിക്കണമെന്ന് പാപ്പ ഉത്ബോധിപ്പിക്കുന്നു. മനുഷ്യനില്‍ പാപമില്ലെങ്കില്‍ ദൈവിക കാരുണ്യത്തെക്കുറിച്ചുള്ള ഉത്ബോധനം നിരർത്ഥകമാകുമെന്ന് ഫാ.ലൊംബാർദി ചൂണ്ടിക്കാട്ടി. ഇഗ്നേഷ്യന്‍ ആത്മീയതയാണ് പാപ്പ പിന്തുടരുന്നത്. ഒരു മാസം നീളുന്ന ഇഗ്നേഷ്യന്‍ ധ്യാനത്തിന്‍റെ ആദ്യആഴ്ച്ചയില്‍ ലോകത്തിലേയും വ്യക്തിപരവുമായ പാപത്തെക്കുറിച്ചുള്ള ധ്യാനമുണ്ട്. നമ്മുടെ പാപമോചനത്തിനായി മനുഷ്യാവതാരം ചെയ്ത് കുരിശുമരണം വരിച്ച യേശുനാഥനോടുള്ള ആത്മീയസംഭാഷണത്തോടെയാണ് ഈ ഭാഗം സമാപിക്കുന്നതെന്ന് ഈശോസഭാംഗമായ ഫാ.ലൊംബാർദി വിശദീകരിച്ചു. ‘പാപം’ എന്ന യാഥാര്‍ത്ഥ്യം തള്ളിക്കളഞ്ഞാല്‍ ദൈവിക കൃപയുടേയും കാരുണ്യത്തിന്‍റേയും സന്ദേശം മനസിലാക്കാന്‍ പ്രയാസമായിരിക്കുമെന്നും ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.
Reported: Vatican Radio, TG







All the contents on this site are copyrighted ©.