2013-12-31 17:28:17

തിരുക്കുടുംബം, ക്രിസ്തീയ കുടുംബ ജീവിതത്തിനു മാതൃക


30 ഡിസംബര്‍ 2013, വത്തിക്കാന്‍
(തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍ ദിനത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം.)
ക്രിസ്തുമസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച്ച ആരാധനാക്രമപ്രകാരം നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍ നാം ആഘോഷിക്കുന്നു. നാം ഓരോ പുല്‍ക്കൂട്ടിലും യേശുവിനെ കാണുന്നത് ബെത്‌ലെഹെമിലെ കാലിത്തൊഴുത്തില്‍ പരിശുദ്ധമറിയത്തോടും വി.യൗസേപ്പിനോടുമൊപ്പമല്ലേ. നമുക്കുള്ളതുപോലെ തനിക്കും മാതാപിതാക്കളുണ്ടായിരിക്കണമെന്ന് നിശ്ചയിച്ച ദൈവം ഒരു മനുഷ്യകുടുംബത്തില്‍ ജനിക്കാന്‍ തിരുമനസായി.
തിരുക്കുടുംബത്തിന്‍റെ സഹനങ്ങള്‍
തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍ ദിവ്യബലിയില്‍ സുവിശേഷഭാഗത്ത് നാം വായിക്കുന്നത്, പ്രാണരക്ഷാര്‍ത്ഥം ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുക്കുടുംബത്തിന്‍റെ വേദനാജനകമായ അനുഭവമാണ്. വി.യൗസേപ്പും പ.മറിയവും യേശുവും അഭയാര്‍ത്ഥി ജീവിതത്തിന്‍റെ ഭാഗമായ ഭയവും അനിശ്ചിതത്വവും അസൗകര്യങ്ങളും അനുഭവിച്ചറിഞ്ഞു. നിര്‍ഭാഗ്യവശാല്‍, ഇക്കാലത്തും ആയരിക്കണക്കിനു കുടുംബങ്ങള്‍ അഭയാര്‍ത്ഥി ജീവിതത്തിന്‍റെ വേദനയില്‍ കഴിയുന്നുണ്ട്.യുദ്ധമോ, ദാരിദ്ര്യമോ, ഗുരുതരമായ മറ്റേതെങ്കിലും പ്രശ്നം മൂലമോ സ്വദേശത്തു നിന്ന് പലായനം ചെയ്യുന്നവരെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിയുന്നുണ്ടല്ലോ. തനിക്കും തന്‍റെ കുടുംബത്തിനും സുരക്ഷിതത്വവും മാന്യമായി ജീവിക്കാനുള്ള അവസരവും തേടിയാണ് അവരൊക്കെ പലായനം ചെയ്യുന്നത്. എന്നാല്‍, വിദൂരദേശത്ത് ഒരു ജോലി തരപ്പെട്ടാല്‍പോലും അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എല്ലായ്പ്പോഴും നല്ല സ്വീകരണം ലഭിക്കണമെന്നില്ല. അവര്‍ ആദരിക്കപ്പെടുകയോ, അവരുടെ മൂല്യങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയോ ചെയ്തെന്നുവരില്ല. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കെതിരായ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളോടും ബുദ്ധിമുട്ടുകളോടും പൊരുത്തപ്പെടാനാകാതെ അവര്‍ വിഷമിക്കുന്നു. ഈജിപ്തിലേക്കു പലായനം ചെയ്ത തിരുക്കുടുംബത്തെക്കുറിച്ചു ധ്യാനിക്കുമ്പോള്‍, ചൂഷണത്തിനും മനുഷ്യക്കടത്തിനും അടിമവേലയ്ക്കും ഇരയായി, ദുരിതപൂര്‍ണ്ണമായ പ്രവാസ ജീവിതം നയിക്കുന്ന അഭയാര്‍ത്ഥിക്കുടുംബങ്ങളേയും കുടിയേറ്റക്കാരേയും നമുക്ക് അനുസ്മരിക്കാം.
നമുക്കിടയിലെ അഭയാര്‍ത്ഥികള്‍
നമുക്കിടയിലുമുണ്ട് ആരോരുമറിയാതെ ജീവിക്കുന്ന അഭയാര്‍ത്ഥികള്‍. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, സ്വന്തം ഭവനത്തില്‍തന്നെ ഏകാന്തവാസം നയിക്കുന്ന അത്തരക്കാരെ ‘മറഞ്ഞിരിക്കുന്ന അഭയാര്‍ത്ഥികള്‍’ (‘the hidden exiles’) എന്നു വിളിക്കാം. വയോധികര്‍, ഈ ഗണത്തിന് ഒരു ഉദാഹരണമാണ്: ചിലപ്പോഴൊക്കെ അവരുടെ സാന്നിദ്ധ്യം ഒരു ശല്യമായി കാണുന്ന കുടുംബങ്ങളുണ്ട്. ഒരു കുടുംബത്തെ നന്നായി മനസിലാക്കണമെങ്കില്‍ ആ കുടുംബത്തിലെ വയോധികരും കുട്ടികളും എങ്ങനെ പരിചരിക്കപ്പെടുന്നു എന്നു നോക്കിയാല്‍ മതിയെന്ന് തോന്നുന്നു.
വേദനിക്കുന്ന മനുഷ്യനോടൊപ്പം ദൈവമുണ്ട്
ദൈവത്തിന്‍റെ സ്നേഹ സാന്നിദ്ധ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന അനുഭവം ആര്‍ക്കും തന്നെ ഉണ്ടാകാതിരിക്കാനാണ് ഇപ്രകാരം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞ ഒരു കുടുംബത്തിന്‍റെ ഭാഗമായിരിക്കാന്‍ യേശു നിശ്ചയിച്ചത്. ഹേറോദോസിന്‍റെ ഭീഷണിമൂലം ഈജിപ്തിലേക്കു പലായനം ചെയ്തതിലൂടെ ദൈവം നമുക്ക് വെളിപ്പെടുത്തുന്നത് മനുഷ്യന്‍ അപകടത്തിലായിരിക്കുന്നിടത്തും, വേദനിക്കുന്നിടത്തും, അവന്‍ അഭയം തേടുന്നിടത്തും, തിരസ്ക്കരണവും അവഗണനയും അനുഭവിക്കുന്നിടത്തും ദൈവം മനുഷ്യന്‍റെ കൂടെയുണ്ടെന്നാണ്. സന്തുഷ്ടമായ ഭാവിയെക്കുറിച്ച് മനുഷ്യന്‍ സ്വപ്നം കാണുമ്പോഴും, സ്വാതന്ത്ര്യത്തോടെ സ്വദേശത്ത് മടങ്ങാന്‍ പ്രത്യാശിക്കുമ്പോഴും, തന്‍റേയും തന്‍റെ കുടുംബത്തിന്‍റേയും ഭാവി ജീവിതത്തെക്കുറിച്ച് പദ്ധതിയിടുമ്പോഴും ദൈവം അവന്‍റെ കൂടെയുണ്ട്.
ലളിത ജീവിതം
നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ ലളിതമായ ജീവിതത്തെക്കുറിച്ചു ധ്യാനിക്കാനുള്ള അവസരം കൂടിയാണ് തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍. സ്നേഹവാത്സല്യവും, പരസ്പര സഹായവും, ക്ഷമയും അനുഭവിച്ചറിയുന്ന സ്നേഹത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും കൂട്ടായ്മകളായിത്തീരാന്‍ നമ്മുടെ കുടുംബങ്ങളെ തിരുക്കുടുംബം സഹായിക്കും.
കുടുംബകൂട്ടായ്മ വളര്‍ത്തുന്ന 3 വാക്കുകള്‍
കുടുംബ ജീവിതം സമാധാനകരവും ആനന്ദപ്രദവുമാക്കാന്‍ സഹായിക്കുന്ന 3 വാക്കുകള്‍ നമുക്ക് അനുസ്മരിക്കാം. “ദയവായി, നന്ദി, ക്ഷമിക്കണം”: കുടുംബാംഗങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നവരല്ലെങ്കിൽ, സമ്മതം ചോദിക്കാനായി ‘ദയവായി’ എന്ന വാക്കുപയോഗിക്കുന്നു. കുടുംബത്തിലെ അംഗങ്ങൾ സ്വാര്‍ത്ഥരല്ലെങ്കില്‍ അവര്‍ പരസ്പരം ‘നന്ദി’ പറയാന്‍ പഠിക്കും. താന്‍ ചെയതത് മോശമായിപ്പോയി എന്നു തിരിച്ചറിയുന്ന കുടുംബാംഗം, കുടുംബത്തോട് ‘ക്ഷമ’ ചോദിക്കും. ഇങ്ങനെയുള്ള ഒരു കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഈ മൂന്നു വാക്കുകള്‍ നാമോര്‍ത്തിരിക്കണം.
(വി.പത്രോസിന്‍റെ ചത്വരത്തിൽ സന്നിഹിതരായിരുന്ന വൻജനാവലി പാപ്പായുടെ ക്ഷണം സ്വീകരിച്ച് ഈ മൂന്നു വാക്കുകളും പാപ്പായ്ക്കൊപ്പം ആവര്‍ത്തിച്ചു.)
സഭയിലും സമൂഹത്തിലും കുടുംബങ്ങളുടെ സ്ഥാനം
കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും സഭയിലും സമൂഹത്തിലും കുടുംബത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കാനും ഞാനാഗ്രഹിക്കുന്നു. സുവിശേഷപ്രഘോഷണം ജീവിതത്തിന്‍റെ നാനാമേഖലകളിലേക്കെത്തുന്നത് കുടുംബത്തിലൂടെയാണല്ലോ...
യേശുവിന്‍റേയും നമ്മുടേയും അമ്മയായ പരിശുദ്ധമറിയത്തിന്‍റേയും വി.യൗസേപ്പിന്‍റേയും മാധ്യസ്ഥം നമുക്കപേക്ഷിക്കാം. ഈ ലോകത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വെളിച്ചം പകര്‍ന്ന്, സമാശ്വാസമേകി അവരെ വഴിനടത്തണമെന്ന് പ.അമ്മയോട് നമുക്കപേക്ഷിക്കാം. അങ്ങനെ സമാധാനത്തില്‍ ജീവിക്കാനും ദൈവം തങ്ങൾക്കു നൽകിയിരിക്കുന്ന ദൗത്യം നല്ല രീതിയില്‍ നിറവേറ്റാനും കുടുംബങ്ങള്‍ക്കു സാധിക്കട്ടെ.....

Reported: Vatican Radio, TG








All the contents on this site are copyrighted ©.