2013-12-28 17:17:52

വത്തിക്കാന്‍ സ്ഥാനപതിയുടെ ക്രിസ്തുമസ് ദുരിതബാധിതര്‍ക്കൊപ്പം


28 ഡിസംബര്‍ 2013, ഹയാന്‍- ഫിലീപ്പീന്‍സ്
ഫിലിപ്പീന്‍സിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ‍ജ്യുസപ്പേ പിന്‍റോ ക്രിസ്തുമസ് ആഘോഷിച്ചത് ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്കൊപ്പം. നവംബറില്‍ ഫിലപ്പീന്‍സിനെ ആഞ്ഞുലച്ച ചുഴലിക്കാറ്റും ഭൂമികുലുക്കവും നാലായിരം പേരുടെ ജീവനെടുത്തിരുന്നു. ദുരിതബാധിതരോട് തന്‍റെ സ്നേഹവാത്സല്യവും ഐക്യദാര്‍ഡ്യവും അറിയിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടതനുസരിച്ചാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായ ആര്‍ച്ചുബിഷപ്പ് പിന്‍റോ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയത്. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ലെയ്തേ പ്രവിശ്യയില്‍ ദുരിതബാധിതര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിച്ച ആര്‍ച്ചുബിഷപ്പ് പിന്‍റോ ലെയ്തേയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ക്രിസ്തുമസ് ജാഗര പൂജയും തക്ലോബാന്‍ നഗരത്തില്‍ പിറവിത്തിരുന്നാള്‍ ദിവ്യബലിയും അര്‍പ്പിച്ചു. ജനങ്ങളെ സമാശ്വസിപ്പിച്ച് അവര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച അപ്പസ്തോലിക സ്ഥാനപതി അവര്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങളും നല്‍കി.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തങ്ങളോടുള്ള സ്നേഹവും പരിഗണനയുമാണ് പാപ്പായുടെ പ്രതിനിധിയില്‍ തങ്ങള്‍ ദര്‍ശിച്ചതെന്ന് പ്രാദേശിക നിവാസികള്‍ മാധ്യമപ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടു.

Source: ucan
RVM/ TG







All the contents on this site are copyrighted ©.