2013-12-27 16:35:52

സിറിയയ്ക്കുവേണ്ടി ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസിന്‍റെ സമാധാനാഭ്യര്‍ത്ഥന


27 ഡിസംബര്‍ 2013,
സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കണമെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് യൗന്നാന്ന സാസിജി ലോകസമൂഹത്തോടഭ്യര്‍ത്ഥിക്കുന്നു. സിറിയയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കു നല്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാത്രിയാര്‍ക്കീസ് ഊന്നിപ്പറഞ്ഞത്. മാതൃരാജ്യത്തോടുള്ള സ്നേഹവും ആത്മബന്ധവും സന്ദേശത്തില്‍ പ്രകടമാക്കിയ പാത്രിയാര്‍ക്കീസ്, വിഷമകരമായ ഈ സാഹചര്യത്തില്‍ സഭ ഭയപ്പെടുകയോ , സ്വദേശം വിട്ടു പോവുകയോ ഇല്ലെന്ന് വ്യക്തമാക്കി.

സമാധാനത്തിന്‍റെ വക്താക്കളാണ് ക്രൈസ്തവര്‍. പക്ഷേ സ്വയം കീഴടങ്ങുന്നതല്ല സമാധാനം. തങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ തകര്‍ത്തവരെ കീഴടക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുക സാധ്യമല്ലെന്ന് പാത്രിയാര്‍ക്കീസ് പ്രസ്താവിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്സ് , സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്‍മാരുടെ തിരോധാനത്തെക്കുറിച്ചും നിശബ്ദമായിരിക്കാന്‍ കഴിയില്ല. സിറിയന്‍ സ്വദേശികളായ വൈദികരുടേയും അല്മായരുടേയും സഹനം കണ്ടില്ലെന്നു നടിക്കാനാവില്ല. മലൗലയിലെ സന്ന്യാസിനികളുടെ തിരോധാനത്തെക്കുറിച്ചും മൗനം പാലിക്കാനാവില്ല. സമാധാനം തകര്‍ക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരേ ക്രൈസ്തവര്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്ന് പാത്രിയാര്‍ക്കീസ് വ്യക്തമാക്കി.

Source: Asia News
VRM/TG







All the contents on this site are copyrighted ©.