2013-12-27 16:35:25

സഭാ ചരിത്രത്തിലെ നവയുഗപിറവി


27 ഡിസംബര്‍ 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗവും ഫ്രാന്‍സിസ് പാപ്പായുടെ തിരഞ്ഞെടുപ്പും സഭാചരിത്രത്തില്‍ ഒരു നവയുഗത്തിന് തുടക്കം കുറിച്ചുവെന്ന് മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ക്ക് വെല്ലെ. 2013ാം വര്‍ഷാവസാനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കര്‍ദിനാള്‍ വെല്ലെ ഈ പരാമര്‍ശം നടത്തിയത്. കത്തോലിക്കാ സഭയെ സംബന്ധിച്ച് അസാധാരണമായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2013. അപ്രതീക്ഷിതമായ പലകാര്യങ്ങളും മാറ്റങ്ങളും സംഭവിച്ചു. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സ്ഥാനത്യാഗം നൂതന മാറ്റങ്ങള്‍ക്കു വഴിതുറന്നുവെന്ന് കർദിനാള്‍ അഭിപ്രായപ്പെട്ടു. എളിമയുടേയും ദൈവാശ്രയബോധത്തിന്‍റേയും സാക്ഷ്യമായിരുന്നു മുന്‍പാപ്പ ബെ‍ന‍‍ഡിക്ട് പതിനാറാമന്‍റെ സ്ഥാന ത്യാഗം. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം പരിപൂര്‍ണ്ണമായി വിശ്വാസമര്‍പ്പിച്ചിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ സഭയില്‍ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും കര്‍ദിനാള്‍ വെല്ലെ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. നൂതനമായ അജപാലന ശൈലിയാണ് പാപ്പാ ഫ്രാന്‍സിസിന്ത്. ദൈവജനത്തോടൊപ്പം ആയിരിക്കാനും അവരോട് വ്യക്തിബന്ധം സ്ഥാപിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു. പാപ്പായുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും സ്വാധീന ശക്തിയും അദ്ദേഹത്തിന്റെ ധാര്‍മ്മികാധികാരത്തിന്റെ സൂചനയാണ്. സഭയില്‍ എളിമയുടേയും ലാളിത്യത്തിന്‍റേയും അരൂപി വളര്‍ത്തിയെടുക്കാന്‍ മാര്‍പാപ്പ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് അഭിപ്രായപ്പെട്ട കര്‍ദിനാള്‍ വെല്ലെ, സഭാ നവീകരണവും നവസുവിശേഷവല്‍ക്കരണ ദൗത്യവും ഫലമണിയിക്കാന്‍ പരിശുദ്ധാത്മാവിന്റെ സഹായം പാപ്പായ്ക്ക് എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെയെന്നും ആശംസിച്ചു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.