2013-12-27 11:47:08

വിശ്വസാഹോദര്യത്തിന്‍റെ വിളിയായി
പാപ്പായുടെ ക്രിസ്മസ് സന്ദേശം


ക്രിസ്തുമസ് 2013 Urbi et Orbi

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!
ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2, 14).

ലോകം മുഴുവനും റോമിലുമുള്ള സഹോദരങ്ങള്‍ക്ക് എന്‍റെ അഭിവാദ്യങ്ങളും
ക്രിസ്തുമസ് ആശംസകളും!

യേശു പിറന്നപ്പോള്‍ ബെതലഹേമിലെ ഇടയന്മാര്‍ക്ക് മാലാഖമാര്‍ നല്കിയ സന്ദേശമാണ് ഇന്ന് എന്‍റെ ചിന്തയില്‍. സ്വര്‍ഗ്ഗവും ഭൂമിയും കൂട്ടിയിണക്കിയ ഗീതമാണത്, ദൈവത്തിനുള്ള സ്തുതിയും
മഹത്വവുമാണത്, ഒപ്പം ഭൂമിക്കും അതിലെ നിവാസികള്‍ക്കുമുള്ള സമാധാനത്തിന്‍റെ വാഗ്ദാനവും.
ഈ ആനന്ദഗീതത്തില്‍ പങ്കുചേരാന്‍ ഏവരെയും ക്ഷണിക്കുന്നു: നന്മയുള്ള നാളെയുടെ ലോകത്തിനായി രാവും പകലും പാര്‍ത്തിരിക്കുന്നവര്‍ക്കും പ്രത്യേകിച്ച്, സ്വന്തമായുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയിലും മറ്റുള്ളവരെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യുന്നവര്‍ക്കുമുള്ള ഗീതമാണിത്.

ദൈവത്തിനു മഹത്വം!
ക്രിസ്മസ് നമ്മോട് ആവശ്യപ്പെടുന്നത് ഇതാണ് : ദൈവത്തെ സ്തുതിക്കുക, എന്തെന്നാല്‍ അവിടുന്ന് നല്ലവനും വിശ്വസ്തനും കാരുണ്യവാനുമാണ്. യേശുവില്‍ സകലരും ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കും എന്നുള്ള പ്രത്യാശയാണ് ഈ ദിനം നമുക്കു തരുന്നത്. അങ്ങനെ സകലരും ദൈവത്തിന്‍റെ സാമീപ്യം അറിഞ്ഞ്, അതില്‍ ജീവിക്കുകയും, അവിടുത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യും.

ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ജീവിതങ്ങളിലൂടെ
അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ നമുക്കു സാധിക്കട്ടെ.

മനുഷ്യകുലത്തിനു സമാധാനം!
വിപരീത ശക്തികളെ സന്തുലനം ചെയ്യുന്നതല്ല സമാധാനം. കലഹവും ഭിന്നിപ്പും മറച്ചുവയ്ക്കുന്ന കാപട്യത്തിന്‍റെ മൂടുപടവുമല്ല സമാധാനം. അനുദിന ജീവിതസമര്‍പ്പണം ആവശ്യപ്പെടുന്ന കലയും ദൈവികസമ്മാനവുമാണത്. ക്രിസ്തുവിലൂടെ നല്‍കപ്പെട്ട ദൈവകൃപയിലാണ് സമാധാനം ലഭ്യമാകുന്നത്.

പുല്‍ത്തൊട്ടിയില്‍ ശാന്തനായി കിടക്കുന്ന ഉണ്ണിയെ നോക്കുമ്പോള്‍ യുദ്ധത്തിന്‍റെയും കലാപത്തിന്‍റെയും കെടുതിയില്‍പ്പെട്ട പാവങ്ങളായ കുഞ്ഞുങ്ങളിലേയ്ക്കും, പ്രായമായവരിലേയ്ക്കും, പീഡിതരായ സ്ത്രീകളിലേയ്ക്കും, രോഗികളിലേയ്ക്കുമാണ് നമ്മുടെ ചിന്തകള്‍ പോകേണ്ടത്.... യുദ്ധം ജീവിതങ്ങളെ കീറിമുറിക്കുകയും ചിതറിക്കുകയുംചെയ്യുന്നു. പകയും വിദ്വേഷവും ആളിപ്പടിര്‍ത്തിക്കൊണ്ട് സിറിയയിലെ കലാപം അടുത്തകാലത്ത് ആയിരങ്ങളുടെ ജീവനൊടുക്കിയിട്ടുണ്ട്. കലാപങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സിറിയയിലെ സാധാരണക്കാരായ ജനങ്ങളെ യാതനകളില്‍നിന്ന് മോചിച്ച്,
മാനുഷികമായ എല്ലാ സഹായങ്ങളും അവര്‍ക്കു ലഭ്യമാക്കാന്‍ ഇടയാക്കണമേ, എന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയുടെ ശക്തി നമുക്കറിയാവുന്നതാണ്. സിറിയയുടെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ഇതര മതസ്ഥരും പങ്കുചേരുന്നത് ഏറെ സന്തോഷദായകമാണ്. പ്രാര്‍ത്ഥനയിലുള്ള ഉറപ്പും വിശ്വാസവും നഷ്ടപ്പെടുത്തരുത്. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക : സിറിയയ്ക്കും ലോകം മുഴുവനും ദൈവമേ, അങ്ങ് സമാധാനം നല്കണമേ. വിശ്വാസമില്ലാത്തവരെയും സമാധാനം കാംക്ഷിക്കാന്‍ ക്ഷണിക്കുന്നു. സമാധാനവാഞ്ചയാല്‍ അവരും ഹൃദയങ്ങള്‍ തുറക്കട്ടെ: ആഗ്രഹത്തിലും പ്രാര്‍ത്ഥനയിലും നമുക്കൊരുമിച്ച് സമാധാനത്തിനായി പരിശ്രമിക്കാം.

അവഗണിക്കപ്പെടുകയും ഞങ്ങള്‍ പലപ്പോഴും മറന്നുപോവുകയും ചെയ്യുന്ന മദ്ധ്യാഫ്രിക്കയില്‍ ഉണ്ണിയേശുവേ, സമാധാനം വളര്‍ത്തണമേ. ദൈവമേ, അങ്ങ് ആരെയും കൈവെടിയുകയില്ലെന്നറിയാം!
വര്‍ദ്ധിച്ചുവരുന്ന അധിക്രമങ്ങളാലും ദാരിദ്ര്യത്താലും കീറിമുറിക്കപ്പെട്ട് വീടില്ലാതെയും,
ജലം, ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യത്താലും വിഷമിക്കുന്ന ആ നാട്ടില്‍ സമാധാനം വളര്‍ത്തണമേ. തെക്കന്‍ സുഡാനില്‍ ദൈവമേ, ഐക്യം വളര്‍ത്തണമേ. അനേകരുടെ മരണത്തിന് ഇടയാക്കിക്കൊണ്ടും, സമാധാനപൂര്‍ണ്ണമായ സാമൂഹ്യാന്തരീക്ഷം നഷ്ടപ്പെടുത്തിക്കൊണ്ടും അടുത്ത കാലത്ത് അവിടെയുണ്ടായ സംഘട്ടനങ്ങള്‍ അകറ്റണമേ.

സമാധാന രാജാവേ, ജനങ്ങള്‍ അക്രമങ്ങളില്‍നിന്ന് പിന്തിരിഞ്ഞ്, ആയുധങ്ങള്‍ അടിയറവയ്ക്കാന്‍ ഇടയാക്കണമേ, സംവാദത്തിലൂടെ എവിടെയും സമാധാനപാത വളരട്ടെ! നിരപരാധികളെയും നിരാലംബരെയും ഒഴിവാക്കാതെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന നൈജീരിയായെ സംരക്ഷിക്കണമേ. അങ്ങ് ലോകത്ത് അവതരിക്കാന്‍ തിരഞ്ഞെടുത്ത വിശുദ്ധനാട്ടിലും സമാധാനം വളര്‍ത്തണമേ. ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകളെ ഫലവത്താക്കണമേ. നിരന്തരമായ അധിക്രമങ്ങളാല്‍ കലുഷിതമാകുന്ന ഇറാക്കിന്‍റെ സാമൂഹ്യ മുറിവുകളെ ഉണക്കണമേ.

ജീവന്‍റെ നാഥാ, അങ്ങേ നാമത്തില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവരെ സംരക്ഷിക്കണമേ. കിഴക്കെ ആഫ്രിക്കന്‍ രാജ്യങ്ങളിലും കോംഗോയിലും ക്ലേശിക്കുന്ന അഭയാര്‍ത്ഥികളും പരിത്യക്തരുമായവര്‍ക്ക് സമാശ്വാസവും സംരക്ഷണവും നല്കേണമേ. മാന്യമായ ജീവിതാന്തസ്സു തേടുന്ന കുടിയേറ്റക്കാര്‍ക്ക് അഭയം നല്കേണമേ. നിരവധിപേരുടെ മരണത്തിനിടയാക്കിയ ലാംപെദൂസാപോലുള്ള അഭയാര്‍ത്ഥി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കണമേ!

മനുഷ്യക്കടത്തില്‍ വ്യാപൃതരായിരിക്കുന്നവരുടെ ഹൃദയങ്ങളെ ബെതലഹേമിലെ ദിവ്യശിശു സ്പര്‍ശിക്കട്ടെ, അവര്‍ ചെയ്യുന്ന അധിക്രമങ്ങളുടെ ആഴം മനസ്സിലാക്കാന്‍ ഇടയാക്കണമേ.
സായുധ സംഘട്ടനങ്ങളില്‍ അകപ്പെട്ട് മരിക്കുകയും മുറിപ്പെടുകയും ചെയ്യുന്ന കുട്ടികളെയും,
തട്ടിക്കൊണ്ടുപോയി പട്ടാളത്തില്‍ സേവനംചെയ്യാന്‍ നിര്‍ബന്ധിതരായ കുട്ടികളെയും കടാക്ഷിക്കണമേ.

സ്രഷ്ടാവായ ദൈവമേ, മനുഷ്യന്‍റെ ആര്‍ത്തിയാലും ദുര്‍മോഹത്താലും നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്ന ഭൂമിയെ പരിരക്ഷിക്കണമേ, പ്രകൃതിദുരന്തത്തില്‍പ്പെട്ടവരെ കടാക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. വിശിഷ്യ അടുത്തകാലത്ത് ചുഴലിക്കാറ്റിന്‍റെ കെടുതിയില്‍പ്പെട്ട
ഫിലിപ്പീന്‍സിലെ സഹോദരങ്ങളെ തുണയ്ക്കണമേ.

പ്രിയ സഹോദരങ്ങളേ, ഇങ്ങനെയുള്ള ലോകത്തേയ്ക്കാണ് കര്‍ത്താവായ യേശു ഭൂജാതനായത്.
ബെതലഹേമിലെ ദിവ്യശിശുവിന്‍റെ മുന്നില്‍ ശാന്തമായി ധ്യാനിക്കാം. നമ്മുടേ ഹൃദയങ്ങളെ ദിവ്യഉണ്ണി സ്പര്‍ശിക്കട്ടെ. അതില്‍ നാം ഭയപ്പെടരുത്. മാറ്റങ്ങള്‍ വന്നാലോ എന്നോര്‍ത്ത് പേടിക്കരുത്!
പരിവര്‍ത്തനം നമുക്ക് അവശ്യമാണ്. അവിടുത്തെ കൃപാസ്പര്‍ശം നമ്മെ ഊഷ്മളമാക്കട്ടെ.
ആ ദിവ്യസ്പര്‍ശം ഒരിക്കലും നമ്മെ മുറിപ്പെടുത്തുകയില്ല. ദൈവികസ്പര്‍ശം സമാധാനവും ശക്തിയുമാണ്. ജീവിതത്തില്‍ നമുക്കത് ആവശ്യമാണ്. ദൈവം സ്നേഹസമ്പന്നനാണ് : സ്തുതിയും മഹത്വവും എന്നും അവിടുത്തേതാണ്! ദൈവം സമാധാനമാണ് : അനുദിന ജീവിതത്തില്‍ നമ്മെ നയിക്കണമേ, എന്നും പ്രാര്‍ത്ഥിക്കാം. ഞങ്ങളുടെ ജീവിതങ്ങളില്‍ - കുടുംബങ്ങളിലും, സമൂഹങ്ങളിലും, രാഷ്ട്രങ്ങളിലും ലോകമെമ്പാടും സമാധാനം വളര്‍ത്തണമേ, എന്നു പ്രാര്‍ത്ഥിക്കാം. ദൈവികനന്മ നമ്മെ അനുദിനം നയിക്കട്ടെ.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും, മാധ്യമങ്ങളിലൂടെ ഇതില്‍ പങ്കുചേരുന്ന ഭൂമിയുടെ നാനാഭാഗത്തുമുള്ള സഹോദരങ്ങള്‍ക്കും എന്‍റെ ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍! ഈ ദിനത്തില്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ വിരിഞ്ഞ സുവിശേഷത്തിന്‍റെ പ്രത്യാശയാല്‍ പ്രകാശിതരായ നിങ്ങളില്‍ - കുഞ്ഞുങ്ങളിലും പ്രായമായവരിലും, യുവാക്കളിലും കുടുംബങ്ങളിലും, പാവങ്ങളിലും ക്രിസ്തുവിന്‍റെ സന്തോഷവും സമാധാനവും വന്നു നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. നമുക്കായി പിറന്ന ഈശോ, രോഗങ്ങളാല്‍ വിഷമിക്കുന്നവരെ സമാശ്വസിപ്പിക്കട്ടെ. അഗതികളായവരെ പരിചരിക്കുന്ന സഹോദരങ്ങളെയും അവിടുന്ന് പരിപാലിക്കട്ടെ! ഏവര്‍ക്കും ക്രിസ്മസ് ആശംസികള്‍!
+ പാപ്പാ ഫ്രാന്‍സിസ്
വത്തിക്കാനില്‍നിന്നും
_____________________________
Translated : nellikal, Vatican Radio








All the contents on this site are copyrighted ©.