2013-12-26 15:47:30

രക്ഷണപദ്ധതി തിന്മയ്ക്കെതിരായ
പോരാട്ടമെന്ന് പാപ്പാ ഫ്രാന്‍സിസ്


26 ഡിസംബര്‍ 2013, വത്തിക്കാന്‍
സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിരുനാള്‍ ക്രിസ്മസിന്‍റെ സത്ത വെളിപ്പെടുത്തുന്നവെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഡിസംബര്‍ 26-ാം തിയതി വ്യാഴാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുമസ് കഴിഞ്ഞുവരുന്ന ദിവസം, സഭയിലെ പ്രഥമ രക്തസാക്ഷി, വിശുദ്ധ സ്റ്റീഫനെ അനുസ്മരണക്കുമ്പോള്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ആരംഭിച്ച് കാല്‍വരിയിലെ കുരിശില്‍ പരിസമാപ്തിയിലെത്തുന്ന ക്രിസ്തുവിന്‍റെ രക്ഷാരഹസ്യമാണ് പ്രതീകാത്മകമായി സഭ പ്രഘോഷിക്കുന്നതെന്ന് പാപ്പാ വിവരിച്ചു.
ആദിമ സഭയില്‍ ക്രിസ്തുവിനെപ്രതി പാവങ്ങളെ സേവിച്ചും നന്മചെയ്തും ജീവിച്ച സ്റ്റീഫനെ അന്നത്തെ ഭരണകൂടം ബന്ധിയാക്കി പട്ടണത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു കൊലപ്പെടുത്തി.
തന്‍റെ പ്രതിയോഗികളോട് ക്ഷമിച്ചുകൊണ്ട് സഹനവും മരണവും ഏറ്റുവാങ്ങിയ രക്തസാക്ഷിയായ സ്റ്റീഫന്‍ തിന്മയെ നന്മകൊണ്ടും, അധിക്രമത്തെ സ്നേഹംകൊണ്ടും വിദ്വേഷത്തെ ക്ഷമകൊണ്ടും നേരിടാം
എന്ന ക്രിസ്തുമസിന്‍റെ ആഴമായ സന്ദേശത്തിലേയ്ക്ക് ലോകത്തെ നയിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

പൊള്ളയായ ആഘോഷങ്ങളുടെയും ആര്‍ഭാടത്തിന്‍റെയും യക്ഷിക്കഥയല്ല ക്രിസ്തുമസെന്നും, സുവിശേഷം പഠിപ്പിക്കുന്ന മനുഷ്യാവതാരത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യമാണതെന്ന്, അപ്പസ്തോല നടപിടിക്രമം ഉദ്ധരിച്ചുകൊണ്ട് (നടപിടി 6, 7 അദ്ധ്യായ ഭാഗങ്ങള്‍) പാപ്പാ സമര്‍ത്ഥിച്ചു. ദൈവിക രക്ഷണപദ്ധതി പാപത്തിനും തിന്മയ്ക്കും എതിരായ പോരാട്ടമാണെന്ന് രക്തസാക്ഷിയായ സ്റ്റീഫന്‍റെ തിരുനാള്‍ നമ്മെ അനുസമരിപ്പിക്കുന്നു, ഇതാണ് സുവിശേഷം, ഇതാണ് ക്രിസ്മസ്സിന്‍റെ സന്ദേശം. ആകയാല്‍ ക്രിസ്തുമസ് സന്തോഷത്തിന്‍റെ മദ്ധ്യത്തിലും സഭയിലെ പ്രഥമ രക്തസാക്ഷിയെ അനുസ്മരിക്കുന്നത് പ്രതീകാത്മവും അര്‍ത്ഥവത്തുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശുദ്ധ സ്റ്റീഫനില്‍ വിളങ്ങുന്ന ആഴമായ വിശ്വാസവും ആര്‍ദ്രമായ ക്രിസ്തുസ്നേഹവും
ക്രിസ്തുമസ്നാളില്‍ അനുഭവിക്കാന്‍ വിശുദ്ധ സ്റ്റീഫന്‍റെ ജീവിതമാതൃകയും പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യവും ഏവര്‍ക്കും തുണ്യയാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് ത്രികാലപ്രാര്‍ത്ഥന പ്രഭാഷണം
പാപ്പാ ഉപസംഹിച്ചത്. തുടര്‍ന്ന കര്‍ത്താവിന്‍റെ മാലാഖ... എന്ന പ്രാര്‍ത്ഥന ജനങ്ങള്‍ക്കൊപ്പം പാപ്പാ ചൊല്ലി. ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടും സാഹോദര്യത്തിന്‍റെ നല്ല ക്രിസ്തുമസ് നാളുകള്‍ ആശംസിച്ചുകൊണ്ടുമാണ് ത്രികാലപ്രാര്‍ത്ഥന പരിപാടികള്‍ പാപ്പാ ഉപസംഹരിച്ചത്. ശിശിരത്തില്‍ പെയ്തിറങ്ങിയ മഞ്ഞും തണുപ്പും വകവയ്ക്കാതെ പാപ്പായെ കാണുവാനും ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും വിശുദ്ധ പത്രോസിന്‍റെചത്വരം നിറഞ്ഞുനിന്നിരുന്നു. പൊടിമഴഞ്ഞു നിന്ന ജനാവിലിയോട് പാപ്പാ തന്‍റെ സഹതാപം അറിയിക്കനും മറന്നില്ല.
Reported : nellikal, sedoc








All the contents on this site are copyrighted ©.