2013-12-23 16:26:23

ജരൂസലേമില്‍ തുടങ്ങിയ
സഭൈക്യതരംഗം


23 ഡിസംബര്‍ 2013, വത്തിക്കാന്‍
സഭൈക്യസംരംഭത്തിന്‍റെ ആദ്യകാല്‍വയ്പ് ജെരൂസലേമിലായിരുന്നുവെന്ന്, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു. 1965 ഡിസംബര്‍ 7-ാം തിയതി ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ പാപ്പായും കോണ്‍സ്റ്റാന്‍റിനോപ്പിള്‍സിലെ പാത്രിയാര്‍ക്കിസ് ആത്തനാഗോറസ് പ്രഥമനുമായി ജരൂസലേമില്‍വച്ചു നടന്ന പ്രഥമ കൂടിക്കാഴ്ച ആധുനികകാലത്തെ സഭൈക്യസംരംഭത്തിന്‍റെ നാന്നിയായിരുന്നെന്ന് കര്‍ദ്ദിനാള്‍ കോഹ് അനുസ്മരിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാലതവന്‍ പാത്രിയര്‍ക്കിസ് കിരിള്‍ പ്രഥമനെ പീറ്റേഴ്സ്ബര്‍ഗില്‍ ചെന്നു സന്ദര്‍ശിച്ചശേഷം റോമിലെത്തി ഡിസംബര്‍ 21-ാം തിയതി ശനിയാഴ്ച, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ജരൂസലേമില്‍ നടന്ന കത്തോലിക്കാ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ കൂടിക്കാഴ്ചയുടെയും അന്നു പുറത്തിറക്കിയ സംയുക്ത അനുരഞ്ജന പ്രസ്തവനയുടെയും ജൂബിലി അടുത്ത 2014-ല്‍ വിപുലമായി ആചരിക്കുമെന്നും കര്‍ദ്ദിനാള്‍ കോഹ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സത്യത്തിലും ഉപവിയിലും അധിഷ്ഠിതമായി ജരൂസലേമില്‍ ആരംഭിച്ച ന്യായമായ സംവാദത്തിന്‍റെ ഓര്‍മ്മയും അനുഭവവും ഈ മേഖലയില്‍ ഇനിയും സംവാദത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും പാതതുറക്കുമെന്നും കര്‍ദ്ദിനാള്‍ കോഹ് പ്രത്യാശപ്രകടിപ്പിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന ശൈലിയും, ജനങ്ങളോടുള്ള അടുപ്പവും, സാമൂഹ്യവും ധാര്‍മ്മികവുമായ നിലപാടുകളും പാത്രിയര്‍ക്കിസ് കിരിള്‍ നിരീക്ഷിക്കുന്നതായും, അതിലുള്ള സംതൃപ്തിയും സന്തോഷവും അദ്ദേഹം കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു പ്രകടമാക്കിയതായും കര്‍ദ്ദിനാള്‍ കോഹ് അഭിമുഖത്തില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.