2013-12-21 18:07:10

നിശബ്ദതയില്‍ ജീവിക്കേണ്ട ദൈവിക രഹസ്യം


20 ഡിസംബര്‍ 2013, വത്തിക്കാന്‍
ദൈവമനുഷ്യബന്ധം വളരുന്നത് നിശബ്ദതയിലാണെന്ന് മാര്‍പാപ്പ. ദൈവത്തോടൊത്ത് ജീവിക്കുന്നവര്‍ക്ക് അവശ്യം വേണ്ട ഗുണമാണ് ആന്തരിക നിശബ്ദതയെന്ന് പാപ്പ വിശദീകരിച്ചു. വെള്ളിയാഴ്ച്ച രാവിലെ സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ദൈവദൂതന്‍ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള മംഗലവാര്‍ത്ത പരിശുദ്ധ മറിയത്തെ അറിയിക്കുന്ന വചനഭാഗം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സന്ദേശം. തനിക്കു ലഭിച്ച ദൈവിക രഹസ്യം നിശബ്ദമായി ഹൃദയത്തില്‍ സംഗ്രഹിച്ച പ.മറിയം ആ നിശബ്ദത ജീവിതത്തിലുടനീളം കാത്തുപാലിച്ചു. മറിയം അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊന്നും സുവിശേഷകര്‍ രേഖപ്പെടുത്തിയിട്ടില്ല. ഗര്‍ഭധാരണം മുതല്‍ കാല്‍വരി മരണം വരെ തിരുക്കുമാരനോടൊപ്പം മറിയത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഒടുവില്‍ തന്റെ പ്രിയപുത്രന്‍റെ കുരിശുമരണത്തിനും ആ അമ്മ സാക്ഷിയായി. കുരിശിന്‍ ചുവട്ടില്‍ നിന്ന് എന്തൊക്കെ കാര്യങ്ങള്‍ മറിയം ചിന്തിച്ചുകാണും, വാഗ്ദാനത്തിന്‍റെ പുത്രന്‍, ദാവിദിന്‍റെ സിംഹാസനത്തില്‍ ആരൂഢനാകുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമാക്കേണ്ടതിനു പകരം മരക്കുരിശില്‍ ജീവന്‍ വെടിയുന്നു. എല്ലാം കള്ളമായിരുന്നു, താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് വിലപിക്കാമായിരുന്നു മറിയത്തിന്. ഒരു മനുഷ്യ സ്ത്രീയായിരുന്ന മറിയത്തിന്റെ മനസില്‍ എന്തെല്ലാം വികാരങ്ങള്‍ ഉണ്ടായിക്കാണണം! അങ്ങനെയൊന്നുമായിരുന്നില്ല മറിയത്തിന്‍റെ പ്രതികരണം. മൌനം, പൂര്‍ണ്ണ മൌനം. തനിക്കു മനസിലാകാത്ത ദൈവിക രഹസ്യങ്ങള്‍ വളര്‍ന്ന് പ്രത്യാശയുടെ ഫലമണിയാനായി
അവയെല്ലാം മറിയം നിശബ്ദതയില്‍ സൂക്ഷിച്ചു.
നമ്മുടെ ഹൃദയത്തിലും ആത്മാവിലും രഹസ്യമായി വര്‍ത്തിക്കുന്ന ദൈവ സാന്നിദ്ധ്യം നാം അനുഭവിച്ചറിയുന്നുണ്ട്. ഇസ്രയേല്‍ ജനത്തെ ആവരണം ചെയ്ത മേഘസാന്നിദ്ധ്യം പോലെ പരിശുദ്ധാത്മാവ് നമ്മേയും ആവരണം ചെയ്തിരിക്കുന്നു.
രക്ഷാകരചരിത്രത്തിലൊരിടത്തും കൊട്ടും കുരവയുമായി ദൈവം വന്നിട്ടില്ല. നിശബ്ദതയിലാണ് അവിടുന്ന് സ്വയം വെളിപ്പെടുത്തിയത്. ദൈവ മനുഷ്യ ബന്ധം വളരുന്നതും നിശബ്ദതയിലാണ്. ദൈവത്തോടൊത്തുള്ള യാത്ര പ്രദര്‍ശനപരമല്ല, നിശബ്ദമാണ്. ഈ നിശബ്ദതയെ സ്നേഹിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഏവരേയും ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹിച്ചത്.







All the contents on this site are copyrighted ©.