2013-12-21 11:43:49

ജോസഫ് മനംനൊന്ത പിതാവ്
ആഗമനകാലം നാലാംവാരം


RealAudioMP3
വി. മത്തായി 1, 18-24 യേശുവിന്‍റെ ജനനം
യേശുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. അവന്‍റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അയാള്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അയാളോടു പറഞ്ഞു. ദാവീദിന്‍റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവിടുന്ന് തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും. കന്യകഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ‘എമ്മാനുവേല്‍’ എന്ന് അവിടുന്ന് വിളിക്കപ്പെടും, എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു, അയാള്‍ തന്‍റെ ഭാര്യയെ സ്വീകരിച്ചു.

രാത്രിയുടെ നിശ്ശബ്ദതിയില്‍ കുന്നിന്‍ ചെരുവില്‍നിന്നും കുഞ്ഞിന്‍റെ കരച്ചിലുയര്‍ന്നപ്പോള്‍ റാന്തല്‍ വിളക്കുകളുമായി ആദ്യം ഓടിയെത്തിയത് ഇടയസ്ത്രീകളാണ്. അവിടെ ഗുഹയ്ക്കുള്ളിലെ പുല്‍ത്തൊട്ടിയില്‍ പിറന്ന ചോരക്കുഞ്ഞിനെ അവരാണ് ആദ്യം കണ്ടത്. ഗുഹാമുഖത്ത് അവര്‍ ഉയര്‍ത്തിപ്പിടിച്ച റാന്തല്‍ വെട്ടത്തില്‍ കുഞ്ഞിന്‍റെ കരച്ചില്‍ നിലച്ചു. പിന്നെ അവന്‍ മിഴിചിമ്മി, പുഞ്ചിരിച്ചു. അവര്‍ സമ്മാനിച്ച ചെറിയ പുതപ്പിന്‍റെ ചൂടില്‍ ഉറക്കത്തിലേയ്ക്ക് അവന്‍ മിഴിപൂട്ടി. ആ സ്ത്രീകള്‍ പങ്കുവച്ച പാല്‍ക്കട്ടയില്‍ അവന്‍റെ ദരിദ്രരായ മാതാപിതാക്കള്‍ അത്താഴമുണ്ടു.

ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ ഉണ്ണിയുടെ നന്മകള്‍ ഷാരോണിലെ പരിമളംപോലെ ഇസ്രായേല്‍ മുഴുവന്‍ വ്യാപിച്ചു. വാര്‍ദ്ധക്യത്തിലെത്തിയ ഇടയസ്ത്രീകള്‍ പേരക്കിടാങ്ങളെ അരികില്‍ വിളിച്ചു പറഞ്ഞു. “കുഞ്ഞുമക്കളേ, ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമലുകള്‍ വളഞ്ഞതും, ശിരസ്സു കുനിഞ്ഞതും. ഒരായിരം പേരുടെയെങ്കിലും മുമ്പില്‍ അടിമകളെപ്പോലെ ജീവിക്കേണ്ടിവന്നതുകൊണ്ടാണ്. എന്നാല്‍ അന്ന്,
ആ രാവില്‍ ആദ്യമായ് ഒരു കുഞ്ഞിന്‍റെ പിറവിയില്‍ ഞങ്ങളുടെ ശിരസ്സുകള്‍ ഉയര്‍ന്നു. കാരണം അവന്‍ നമ്മളെക്കാള്‍ ദരിദ്രനായിരുന്നു. നമ്മെ വലുതാക്കാന്‍ വേണ്ടിയായിരുന്നു അവന്‍ ചെറുതായത്!
ഇതു കേട്ട കുഞ്ഞുങ്ങളും പിന്നെ ബതലഹേമില്‍ പിറന്ന ഉണ്ണിയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ശിരസ്സുയര്‍ത്തി നിന്നു.
‘ഇമ്മാനുവേല്‍,’ എന്ന പേരിന് ‘ദൈവം നമ്മോടുകൂടെ’ (മത്തായി 1, 23) എന്നു മാത്രമല്ല, ‘നമ്മെ വലുതാക്കാന്‍, നമ്മോടൊപ്പം നമ്മെപ്പോലെ,’ എന്നുകൂടി അര്‍ത്ഥമുണ്ട്!!

മനുഷികമായ എല്ലാ അളവുകോലുകളെയും അതിലംഘിക്കുന്ന പ്രത്യാശയുടെ മഹോത്സവാമാണ് ക്രിസ്മസ്. ജീവിതചക്രവാളത്തിന്‍റെ വിശാലതയിലേയ്ക്ക് പറന്നുയരാന്‍ കഴിയാത്തവിധം ചിറകു നഷ്ടപ്പെട്ടവര്‍ക്കായി ഇതാ, പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും മഹോത്സവം ആസന്നമാകുന്നു. ക്രിസ്മസ്സ് ഒരു ബലിയുടെ ഓര്‍മ്മയാണ്. ഹൊറെബ് മലയില്‍ അബ്രാഹം അര്‍പ്പിച്ച ബലിപോലെ! ക്രിസ്മസ്സിന്‍റെ വര്‍ണ്ണപ്പകിട്ടുകളില്‍ ഓര്‍മ്മിക്കേണ്ടത്, പിതാവായ ദൈവത്തിന്‍റെ അതിരില്ലാത്ത സ്നേഹമാണ്. ‘തന്‍റെ ഏകജാതനെ നല്കുമാറ് അത്രമേല്‍ ഭൂമിയെ ഇഷ്ടപ്പെട്ട’ പിതാവായ ദൈവത്തിന് നന്ദിയര്‍പ്പിക്കാം (യോഹ. 3, 16).

ആദ്യക്രിസ്മസ്സില്‍ മനംനൊന്ത മറ്റൊരു പിതാവിന്‍റെ, യൗസേപ്പിതാവിന്‍റെ ഓര്‍മ്മയാണ് ഇന്നത്തെ സുവിശേഷഭാഗം. ‘തച്ചന്‍റെ മകന്‍’ എന്നായിരുന്നു ക്രിസ്തുവിന് ലഭിച്ച ആദ്യവിശേഷണം. ജോസഫും യേശുവും, അവര്‍ തച്ചപ്പണിക്കാരായിരുന്നു എന്നത് യാദൃശ്ചികമല്ല. പട്ടിക അടിച്ച്, തല്ലിക്കൂട്ടി കോഴിക്കൂടുണ്ടാക്കുന്ന പണിയല്ല തച്ചപ്പണി! ധ്യാനവും ഭാവനയും സര്‍ഗ്ഗാത്മകതയും കൃത്യതയും ആവശ്യമുള്ള സുന്ദരമായ ജോലിയാണത്. തച്ചപ്പണിയില്‍ ഒരാത്മീയതയുണ്ട്. ചിന്തേരിട്ടു സ്വയം ചെത്തിമിനുക്കുന്ന സാധന അതിന്‍റെ ഭാഗമാണ്. അതുകൊണ്ടാവണം നീതിമാനായ തച്ചന്‍, ജോസഫ് നസ്രത്തിലെ ദേവാലയത്തില്‍ ഉണങ്ങിയ കൊമ്പില്‍ തൊട്ടപ്പോള്‍ അത് പൂവിട്ടത്. മേരിയുടെ പ്രതിശ്രുതവരനെ കണ്ടെത്തിയത് ഇങ്ങനെയാണെന്നൊരു പാരമ്പര്യകഥയുണ്ട്.

ക്രിസ്തുവിനെ രൂപപ്പെടുത്തിയ ആത്മീയ പരിസരങ്ങളിലൊന്ന് ജോസഫ് എന്ന തച്ചനായിരുന്നു. സുവിശേഷം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ‘നീതിമാന്‍’ എന്നാണ്. ഓരോരുത്തര്‍‍ക്കും അര്‍ഹതയുള്ള കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതാണ് നീതി. ഒരാള്‍ക്കേറ്റം വാത്സല്യത്തോടെ വിശുദ്ധഗ്രന്ഥം പതിച്ചുനല്‍കുന്ന വിശേഷണമാണ് നീതിമാന്‍. ദൈവത്തോടുള്ള ആരാധനയും വിശ്വസ്തതയും, മേരിക്ക് സംരക്ഷണ, യേശുവിന് വാത്സല്യം. അയാള്‍ ഒന്നും ആര്‍ക്കും നിഷേധിച്ചിട്ടില്ല. എല്ലാം സമൃദ്ധമായി, എന്നാല്‍ നിശ്ശബ്ദമായും സമര്‍പ്പണത്തോടും സ്നേഹത്തോടുംകൂടെ നല്‍കി. ഒത്തിരി അസ്വസ്ഥതകളിലൂടെ ജോസഫ് കടന്നുപോകുന്നുണ്ട്. തെറ്റിദ്ധാരണയുടെയും പരിത്യക്തതയുടെയും പ്രാരാബ്ധത്തിന്‍റെയും അദ്ധ്വാനക്ലേശത്തിന്‍റെയും, കുടിയേറ്റത്തിന്‍റെയും ക്ലേശങ്ങള്‍ ജോസഫ് വളരെ മൗനമായി ഏറ്റുവാങ്ങിയിട്ടുണ്ട്. അത് നീതിമാന്മാരുടെ തലവരയാണ്.

Gospel according to Jesus Christ (Portugal, 1994) എന്ന തനിമയാര്‍ന്ന ക്രിസ്തുചരിതത്തില്‍ ഹൊസ്സെ സരമാഗോ എന്ന പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഉറക്കം നഷ്ടപ്പെട്ട ജോസഫിനെക്കുറിച്ച് എഴുതുന്നു.
ഭവനത്തിന്‍റെ മോന്താഴത്തിലിരുന്ന് തച്ചനായ ജോസഫ് പണിയുകയായിരുന്നു. ആയാള്‍ ഒരു ഗൂഢാലോചന കേട്ടു. ‘നാളെ ഹേറോദേശ് രാജാവ് ബതലഹേമിനും പരിസരപ്രദേശത്തുമുള്ള രണ്ടുവയസ്സിനു താഴെയുള്ള ആണ്‍കുഞ്ഞുങ്ങളെ വധിക്കാന്‍ പോകുന്നുവെന്ന്’ (മത്തായി 2, 16). രാത്രിക്കുരാത്രി ഉണ്ണിയേശുവിനെയും അമ്മയെയുംകൊണ്ട് ജോസഫ് ഈജിപ്തിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. പിന്നീടൊരിക്കലും ജോസഫ് ഉറങ്ങിയിട്ടില്ലെന്നാണ് സരമാഗോ കുറിക്കുന്നത്. താന്‍ കേട്ട രഹസ്യം മറ്റൊരു കുഞ്ഞിന്‍റെ പിതാവിനോടു പറഞ്ഞിരുന്നെങ്കില്‍ ഒരു കുഞ്ഞുകൂടി ഈ ഭൂമുഖത്ത് രക്ഷപ്പെട്ടേനെ, ജീവിച്ചേനേ... എന്ന വ്യഥയുടെ പൊള്ളലാണ് ജോസഫിന്‍റെ ഉറക്കദോഷത്തിനു കാരണമെന്ന് സരമാഗോ വിവരിക്കുന്നു.

ജോസഫ് പലതിന്‍റെയും പ്രതീകമാണ്. ആത്മാഭിമാനവും ആഹ്ലാദവും സ്ഫുരിക്കുന്ന തൊഴില്‍സംസ്ക്കാരത്തിന്‍റെ പ്രതീകമാണ് ജോസഫ്. തൊഴില്‍ ശിക്ഷയാണെന്ന് ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ? നൊന്തു പ്രസവിക്കുന്നത് ശിക്ഷയാണോ? അല്ല. സ്ത്രീക്ക് ഈറ്റുനോവുപോലെ, പുരുഷന് വിയര്‍പ്പില്‍ ചുട്ടെടുക്കുന്ന അപ്പമാണ് അദ്ധ്വാനം. ഓരോ ദിവസവും നാം ഉണരുമ്പോള്‍ ജീവിതത്തിന്‍റെ പരുക്കന്‍ വഴികളിലൂടെ നടന്നുപോയേ തീരൂ. ജീവിതയാത്രയുടെ വഴിയോരത്ത് ക്രിസ്തു നില്ക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയ പറുദീസ തഴമ്പുകൊണ്ടും അദ്ധ്വാനംകൊണ്ടും വീണ്ടെടുക്കാമെന്നതാണ് പണിയാളുടെ സുവിശേഷം. അതിനാല്‍ തൊഴില്‍ എന്തുതന്നെയായാലും, താരതമ്യങ്ങള്‍ ആവശ്യമില്ലാത്ത വിധത്തില്‍ ജീവിതങ്ങള്‍ ധന്യമാണ്.

ജോസഫിനു ദൈവദൂതന്‍ നല്കിയ സന്ദേശം ‘ദൈവം തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും’ (മത്തായി 1, 21) എന്നായിരുന്നു. മനുഷ്യാവതാരത്തിന്‍റെ ലക്ഷൃവും ഇതായിരുന്നു. പാപംചെയ്യുന്നവര്‍ പാപത്തിന് അടിമകളാണ്. അതിനാല്‍ പാപത്തിന്‍റെ ബന്ധനത്തില്‍നിന്നാണ് ആദ്യമോചനം. ദൈവവുമായുള്ള ശരിയായ ബന്ധത്തിലൂടെയാണ് വിമോചനം സാക്ഷാത്ക്കരിക്കേണ്ടത്. ദൈവം മനുഷ്യനായി, മനുഷ്യരോടൊത്തു വസിക്കുന്ന ദൈവം. ഭൂമിയില്‍ മനുഷ്യനിര്‍മ്മിതമായ കൂടാരത്തില്‍ പാര്‍ക്കുന്ന ദൈവിക സാന്നിദ്ധ്യം. അങ്ങനെ മനുഷ്യരെ ദൈവമക്കളുടെ പദവിയിലേയ്ക്ക് ക്രിസ്തു ഉയര്‍ത്തി. ദൈവികപദ്ധതിയോടു വിധേയപ്പെടാന്‍ ആദ്യം മടിക്കുകയും ഭയപ്പെടുകയും ചെയ്ത ജോസഫിനെപ്പോലെ, ദൈവത്തിന്‍റെ പദ്ധതിയോടു ചേരാന്‍ നമുക്കും ഭയപ്പാടുണ്ടാകാം. എന്നാല്‍ ദൈവികശബ്ദമിതാണ്, ‘ഭയപ്പെടേണ്ട.’ ദൈവദൂതന്‍ ജോസഫിനും മറിയത്തിനും നല്കിയ ഉറപ്പാണിത്. ദൈവം ആ ഉറപ്പ് ഇന്നും അവര്‍ത്തിക്കുന്നു. മനുഷ്യനുവേണ്ടി ഇന്നും ഉയരുന്ന ദൈവത്തിന്‍റെ ആശ്വാസ വചസ്സാണിത്. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. ദൈവം നമ്മിലേയ്ക്കുവരാന്‍ മടികാണിക്കാതിരുന്നതുപോലെ, ദൈവത്തിങ്കലേയ്ക്ക് തിരിയാനും, അടുക്കാനും, ദൈവത്തില്‍ ജീവിക്കാനും ഭയപ്പെടരുത്, നാമും മടികാണിക്കരുത്.
ദൈവം നമ്മിലേയ്ക്കു വന്നതിന്‍റെയും, നമുക്കായി അവിടുന്നു നല്കിയ ആത്മീയമോചനത്തിന്‍റെയും ദൈവികജീവന്‍റെയും മഹോത്സവമാണ് ക്രിസ്തുമസ്സ്.

ഈ ദിനങ്ങളില്‍ എങ്ങും കൗതുകത്തോടെ കത്തിനില്ക്കുന്ന നക്ഷത്രവിളക്കുകള്‍, വിശുദ്ധധൂപംപോലെ സായന്തനങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന കരോള്‍ഗീതങ്ങള്‍, ഹൃദയമുണര്‍ത്തുന്ന സാന്ദ്രലയത്തിന്‍റെ ദേവാലയ മണിനാദങ്ങള്‍, കാര്‍ഡുകളുടെയും ഡിജിറ്റല്‍ സന്ദേശങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ക്ക് പിന്നില്‍ തൊട്ടറിയാവുന്ന പ്രിയമുള്ളവരുടെ നന്മയും കനിവും, മെഴുതിരികള്‍ എരിയുന്ന പുല്‍ക്കൂട്ടില്‍ ഉണ്ണിയുടെ പാല്‍പ്പുഞ്ചിരിയും, എല്ലാമെല്ലാം .... പഴയതുപോലെയാവണമെന്നില്ല. എങ്കിലും ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്മസ്സിനെ വരവേല്‍ക്കാം. കാരണം ഓരോ ക്രിസ്മസ്സും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ്.
പ്രളയകാലത്തിനുശേഷം മാനത്ത് മഴവില്ല് തെളിയുന്നു. തിന്മയുടെ വിത്തുവിതച്ച വയലുകളിലും സുകൃതിപൂക്കള്‍ വിരിയുമ്പോള്‍ ദൈവം മനുഷ്യനോടു മന്ത്രിക്കുന്നു, “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു!” God still loves the world… അതിനാല്‍ ‘അവസാനത്തേതെന്ന് പറയരുത്, അരുത്. ഇനിയും പൂക്കള്‍ വിരിയാനുണ്ട്. ഇനിയും കിളികള്‍ ചിലയ്ക്കാനുണ്ട്. ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്. പാവങ്ങള്‍ക്കിനിയും അത്താഴമുണ്ട്.
Prepared by nellikal, Vatican Radio








All the contents on this site are copyrighted ©.