2013-12-21 18:05:34

ജീവിതവിശുദ്ധി സഭാ ശുശ്രൂഷകരുടെ മുഖമുദ്ര


20 ഡിസംബര്‍ 2013, വത്തിക്കാന്‍
റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക് പപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ് മംഗളങ്ങള്‍ നേര്‍ന്നു. ഡിസംബര്‍ 21ാം തിയതി ശനിയാഴ്ച്ച രാവിലെയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ കാര്യാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരോടൊപ്പം മാര്‍പാപ്പയുടെ ക്രിസ്തുമസ് സംഗമം . റോമന്‍ കൂരിയായില്‍ ശുശ്രൂഷ ചെയ്യേണ്ടവര്‍ക്കുണ്ടായിരിക്കേണ്ട മൂന്ന് അടിസ്ഥാന ഗുണങ്ങളെക്കുറിച്ച് അവര്‍ക്കു നല്‍കിയ സന്ദേശത്തില്‍ പാപ്പ പരാമര്‍ശിച്ചു. കര്‍മ്മരംഗത്തെ വൈദഗ്ദ്യം (professionalism) ശുശ്രൂഷാ മനോഭാവം, ജീവിത വിശുദ്ധി എന്നിവയായിരിക്കണം കൂരിയായില്‍ സേവനമനുഷ്ഠിക്കുന്നവരുടെ മുഖമുദ്ര. കൃത്യനിഷ്ഠയോടും, കണിശതയോടും കൂടി പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ കാര്യാലയങ്ങളില്‍ ആത്മാര്‍ത്ഥമായി സേവമനുഷ്ഠിക്കുന്നവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയ പാപ്പ അവരില്‍ ചിലരുടെ പേര് എടുത്തു പറയാന്‍ തനിക്കാഗ്രഹമുണ്ടെന്നും പറഞ്ഞു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കാനൊരുങ്ങുന്നവരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പ അവരുടെ വിലയേറിയ സേവനത്തിന് കൃതജ്ഞയര്‍പ്പിച്ചു. ഒരു വൈദികനും യഥാര്‍ത്ഥത്തില്‍ വിരമിക്കുക സാധ്യമല്ല. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി സമര്‍പ്പിക്കാനുള്ള സമയമാണ് വിശ്രമ ജീവിതമെന്ന് പാപ്പ അഭിപ്രായപ്പെട്ടു.
സഭാ ശുശ്രൂഷയെ പ്രതികൂലമായി ബാധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചും പാപ്പ തദവസരത്തില്‍ പരാമര്‍ശിച്ചു. വ്യര്‍ത്ഥ ഭാഷണവും ഉദ്യോഗസ്ഥ മേധാവിത്വ മനോഭാവവും ഒഴിവാക്കണമെന്ന് പാപ്പ അവരോട് അഭ്യര്‍ത്ഥിച്ചു. വ്യര്‍ത്ഥഭാഷണം വ്യക്തികള്‍ക്കും ജോലിസ്ഥലത്തിനും ഹാനികരമാണ്. ഉദ്യോഗസ്ഥ മേധാവിത്വമാകട്ടെ പരിശുദ്ധാത്മാവിന്‍റെ നൈസര്‍ഗികതയ്ക്ക് തടസം സൃഷ്ടിക്കുമെന്ന് പാപ്പ വിശദീകരിച്ചു.
റോമന്‍ കൂരിയാംഗങ്ങളെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയത്രോ പരോളിന്‍ എന്നിവര്‍ പാപ്പായ്ക്ക് ക്രിസ്തുമസ് മംഗളങ്ങള്‍ നേര്‍ന്നു.







All the contents on this site are copyrighted ©.