2013-12-20 17:07:10

സിനഡുസമ്മേളനത്തിനു മുന്നൊരുക്കമായി പ്രാര്‍ത്ഥനാ സംഗമങ്ങള്‍


20 ഡിസംബര്‍ 2013, വത്തിക്കാന്‍
'കുടുംബങ്ങളുടെ അജപാലനം' പ്രമേയമാക്കിയിരിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിനായി പ്രാര്‍ത്ഥനാ മന്ത്രങ്ങളുയരുന്നു. 2014 ഒക്ടോബര്‍ 5 മുതല്‍ 19 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡു സമ്മേളനത്തിന് മുന്നൊരുക്കമായി ലോകവ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പ്രാര്‍ത്ഥനാ സംഗമങ്ങളെക്കുറിച്ച് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ഡിസംബര്‍ 22ന് സ്പെയിനിലെ ബാര്‍സലോണ തിരുക്കുടുംബ ബസിലിക്കയില്‍ (Sagrada Familia) നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിന് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സ് ചെന്‍സോ പാല്യ നേതൃത്വം നല്‍കും. തിരുക്കുടുംബത്തിന്‍റെ തിരുനാള്‍ദിനമായ ഡിസംബര്‍ 29ന് ഇസ്രയേലില്‍, നസ്രത്തിലെ മംഗലവാര്‍ത്താ ബസിലിക്കയില്‍ (Basilica of the Annunciation) നടത്തുന്ന പ്രാര്‍ത്ഥനാ സംഗമം നയിക്കുക മെത്രാന്‍മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ലൊറെന്‍ സോ ബാള്‍ദിസീറീയാണ്. അന്നു തന്നെ ലൊറെത്തോയില്‍ പ.മറിയത്തിന്‍റെ ഭവനം സ്ഥിതിചെയ്യപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിന് പേപ്പല്‍ പ്രതിനിധി കര്‍ദിനാള്‍ ജൊവാന്നി തൂച്ചി നേതൃത്വം നല്‍കും.
ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച്ച (ഡിസംബര്‍ 29) ഉച്ചയ്ക്ക് വത്തിക്കാനില്‍ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനാ സംഗമത്തിലും സിനഡു സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുമെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.







All the contents on this site are copyrighted ©.