2013-12-20 17:05:28

പാഴാക്കിക്കളയുന്ന ഭക്ഷണംകൊണ്ട് ലോകത്തെ പട്ടിണിമാറ്റാമായിരുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ്


20 ഡിസംബര്‍ 2013, വത്തിക്കാന്‍
പാഴാക്കിക്കളയുന്ന ഭക്ഷണംകൊണ്ട് ലോകത്തെ പട്ടിണി മാറ്റാമായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനയിലെ ആക്രിക്കച്ചവടക്കാര്‍ക്ക് (“cartoneros”) നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ഭക്ഷണം പാഴാക്കുന്നതിനെതിരേ ബോധവല്‍ക്കരണം നടത്തണമെന്നും പാപ്പ അവരോടാവശ്യപ്പെട്ടു. "പരിത്യജിക്കപ്പെട്ട തൊഴിലാളികളുടെ സംഘടന" (Excluded Workers Movement) എന്ന പേരിലറിയപ്പെടുന്ന ആക്രികച്ചവടക്കാരുടെ സംഘടനയുടെ നേതാക്കളുമായി മാര്‍പാപ്പ ഡിസംബര്‍ 5ന് വത്തിക്കാനില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടയില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം ഡിസംബര്‍ 19നാണ് സംഘടന പ്രസിദ്ധീകരിച്ചത്.
"വലിച്ചെറിയല്‍ സംസ്ക്കാരത്തിലാണ് നാമിന്നു ജീവിക്കുന്നത്. വസ്തുക്കള്‍ മാത്രമല്ല വ്യക്തികളും വലിച്ചെറിയപ്പെടുന്ന കാലമാണിത്". പാഴ് വസ്തുക്കള്‍ ശേഖരിച്ച് പുനരുത്പാദനം നടത്തി ജീവിക്കുന്ന
ആക്രികച്ചവടക്കാരുടേത് വിലമതിക്കാനാവാത്ത സേവനമാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. മനുഷ്യനേയും പ്രകൃതിയേയും സഹായിക്കുന്നവരാണവര്‍. അവരുടെ സേവനത്തിന് നന്ദി പറഞ്ഞ പാപ്പ ഭക്ഷണം പാഴാക്കുന്നതിനെതിരേ ബോധവല്‍ക്കരണം നടത്തണമെന്ന് അവരോടഭ്യര്‍ത്ഥിച്ചു.

കര്‍ദിനാള്‍ ബെര്‍ഗോളിയയുടെ അടുത്ത സുഹൃത്തുകളായിരുന്നു ബ്യൂനെസ് എയിരെസിലെ ആക്രി കച്ചവടക്കാര്‍. പാപ്പായുടെ സ്ഥാനാരോഹണ ദിവ്യബലിയിലും ജൂലൈ മാസത്തില്‍ റിയോ ദി ജനീറോയില്‍ നടന്ന ലോകയുവജനസംഗമത്തിലും പാപ്പായുടെ വിശിഷ്ടാത്ഥികളായി ബ്യൂനെസ് എയിരെസിലെ ആക്രി കച്ചവടക്കാരുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ സ്പാനിഷ് ഭാഷയില്‍ നല്‍കിയ സന്ദേശം ഈ ലിങ്കില്‍ ലഭ്യമാണ്: http://www.youtube.com/watch?v=Bkm88broxUE







All the contents on this site are copyrighted ©.