2013-12-20 17:04:51

ക്രിസ്തുമസ് സുവിശേഷാനുസൃതമായി ജീവിക്കണമെന്ന് മാര്‍പാപ്പ


20 ഡിസംബര്‍ 2013, വത്തിക്കാന്‍
സുവിശേഷത്തിനു ചേരുന്ന രീതിയില്‍ ക്രിസ്തുമസ് ജീവിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ക്രിസ്തുമസ് തിരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ട്വിറ്ററിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് ഈ ആഹ്വാനം നല്‍കിയത്. "യേശുവിനെ സ്വജീവിത കേന്ദ്രമായി സ്വീകരിച്ചുകൊണ്ട്, സുവിശേഷാനുസൃതം ക്രിസ്തുമസ് ആഘോഷിക്കാന്‍ നമുക്കു പരിശ്രമിക്കാം." എന്നാണ് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ പാപ്പ ഫ്രാന്‍സിസ് ഒന്‍പതു ഭാഷകളില്‍ കുറിച്ചിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചനല്‍കിയ പൊതു കൂടിക്കാഴ്ച്ചാ സന്ദേശത്തിലും ക്രിസ്തുമസ് ആഘോഷത്തിന്‍റെ ആന്തരീകാര്‍ത്ഥത്തെക്കുറിച്ച മാര്‍പാപ്പ പങ്കുവയ്ച്ചിരുന്നു. ക്രിസ്തുവിന്‍റെ മനുഷ്യാവതാര രഹസ്യത്തെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ അനുസ്മരിക്കേണ്ട രണ്ടു കാര്യങ്ങളാണ് പാപ്പ വിശ്വാസ സമൂഹത്തെ അനുസ്മരിപ്പിച്ചത്.
ഒന്നാമതായി, ദൈവം നമ്മുടെ ഇടയിലേക്ക് വന്നത് സര്‍വ്വാധിപനായ ജഗദീശനായല്ല. സ്വയം ചെറുതായി ഈ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു അവിടുന്ന് . യേശുവിനെപ്പോലെയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതും അപ്രകാരമാണ്. താന്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠനാണെന്ന ഭാവമെല്ലാം വെടിഞ്ഞ് അന്യനെ ശുശ്രൂഷിക്കുന്ന ദാസന്‍റെ മനോഭാവം അവര്‍ സ്വീകരിക്കണം. അഹങ്കാരത്തോടെ തലയുര്‍ത്തി നില്‍ക്കുന്ന ക്രൈസ്തവരെ കാണുന്നതേ ലജ്ജാകരമാണ്. അവരുടേത് വിജാതീയ മനോഭാവമാണ്. യഥാര്‍ത്ഥ ക്രിസ്തുദാസന്‍ ക്രിസ്തുവിനെപ്പോലെയാകാന്‍ സ്വയം ചെറുതാകണം. എളിമയോടും ലാളിത്യത്തോടും കൂടി ദരിദ്രര്‍ക്കും സാധുക്കള്‍ക്കുമൊപ്പം അവരിലൊരാളായി ജീവിക്കണം.
രണ്ടാമതായി, യേശുക്രിസ്തുവിലൂടെ ദൈവം മനുഷ്യനോടൊത്തു വസിച്ചു എന്നതാണ്. അതായത് അവിടുന്ന് നമ്മിലൊരാളായി. അതിനാല്‍ നമ്മുടെ സഹോദരീ സഹോദരന്‍മാരോടു ചെയ്യുന്നതെല്ലാം നാം അവിടുത്തോടാണ് ചെയ്യുന്നത്. നിങ്ങള്‍ ആഹാരം നല്‍കിയതും, കുടിക്കാന്‍ കൊടുത്തതും, സ്വീകരിച്ചതും, സന്ദര്‍ശിച്ചതും, ഉടുപ്പിച്ചതുമെല്ലാം എന്നെയായിരുന്നുവെന്ന് ക്രിസ്തുതന്നെ പറയുന്നുണ്ടല്ലോ. വി.യോഹന്നാന്‍ ശ്ലീഹ പറയുന്നതുപോലെ, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്തെ ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല. (1 യോഹ.4,20)

Source: Vatican Radio







All the contents on this site are copyrighted ©.