2013-12-18 19:38:52

വിശുദ്ധ പീറ്റര്‍ ഫെയ്ബര്‍
വൈദികര്‍ക്കു മാതൃക


18 ഡിസംബര്‍ 2013, റോം
പാപ്പാ ഫ്രാന്‍സിസ് വിശുദ്ധനായി പ്രഖ്യാപിച്ച പീറ്റര്‍ ഫെയ്ബര്‍ പൗരോഹിത്യ ജീവിതത്തിന് മാതൃകയാണെന്ന് ഈശോസഭയുടെ സുപ്പീരിയര്‍ ജനറള്‍, ഫാദര്‍ അഡോള്‍ഫ് നിക്കോളെ പ്രസ്താവിച്ചു. ഈശോസഭാംഗവും സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ സമകാലികനും സഹകാരിയുമായിരുന്ന ഫെയ്ബറിനെ വിശുദ്ധനായി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത് അറിഞ്ഞ ഉടനെ, ഡിസംബര്‍ 17-ാം തിയതി ചെവ്വാഴ്ച രാവിലെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് വിശുദ്ധ ഇംഗ്നേഷ്യസിന്‍റെ 30-ാമത്തെ പിന്‍ഗാമിയായ ഫാദര്‍ അഡോള്‍ഫ് നിക്കോളെ ഇങ്ങനെ പ്രസ്താവിച്ചത്. ആഴമായ ആത്മീയതയും സജീവമായ പൗരോഹത്യ സമര്‍പ്പണവും, ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അഗാധമായ തീക്ഷ്ണതയുമാണ് ഈശോ സഭാപുത്രന്‍ പീറ്റര്‍ ഫെയ്ബറിനെ വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തിയതെന്നും ഫാദര്‍ നിക്കോളെ കൂട്ടിച്ചേര്‍ത്തു.

ജീവിതം: പീറ്റര്‍ ഫെയ്ബര്‍
ഫ്രാന്‍സിലെ സാവോയ്ക്കടുത്ത് വില്ലാരെയിലെ പാവപ്പെട്ട കുടുംബത്തില്‍ 1506 ഏപ്രില്‍ 13-ന് പീറ്ററ്‍ ഫെയ്ബര്‍ ജനിച്ചു. ഇടയച്ചെറുക്കനായിട്ടാണ് ജീവിതമാരംഭിച്ചത്. പള്ളിപ്രസംഗം ഓര്‍മ്മിക്കാനുള്ള അനിതരസാധാരണമായ ഓര്‍മ്മയും ബുദ്ധിശക്തിയുമുണ്ടായിരുന്ന പീറ്ററിന് സ്ഥലത്തെ വികാരി പ്രാഥമിക വിദ്യഭ്യാസത്തിനുള്ള സൗകര്യമൊരുക്കി. 1525-ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിനെത്തിയ യുവാവായ പീറ്റര്‍, അവിടെവച്ചാണ് ഇഗ്നെഷ്യസ് ലൊയോളയെ കണ്ടുമുട്ടിയത്. അങ്ങനെ ഇന്നു ലോകത്തെ ഏറ്റവും വലിയ സന്ന്യാസ സഭയായ, ഈശോ സഭയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ പീറ്റര്‍ ഫെയ്ബര്‍ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വലംകൈയായിരുന്നു. സൊര്‍ബോണില്‍വച്ച് വിശുദ്ധ ഇഗ്നെഷ്യസിന്‍റെയും ഫ്രാന്‍സിസിന്‍റെയും സഹപാഠിയും സന്തതസഹചാരിയുമായിരുന്നു ഫെയ്ബര്‍. പോള്‍ മൂന്നാമന്‍ പാപ്പാ ഫെയ്ബറെ ട്രെന്‍റ് സൂനഹദോസിലെ സഭൈക്യകാര്യങ്ങളുടെ വിദഗ്ദ്ധനും ഉപദേഷ്ഠാവുമായി (peritus) നിയോഗിച്ചു. കത്തോലിക്കാ സഭയില്‍ ഭിന്നതകള്‍ വളര്‍ന്നുവന്ന കാലത്ത് സഭൈക്യത്തിനുവേണ്ടി പരിശ്രമിക്കുകയും, അറിവും പാണ്ഡിത്യവുംകൊണ്ട് വിശ്വാസം സംരക്ഷിക്കാന്‍ കാലികമായി പരിശ്രമിക്കുകയും ചെയ്ത വിശുദ്ധാത്മാവാണ് പീറ്റര്‍ ഫെയ്ബര്‍.
1872-ല്‍ 9-ാം പിയൂസ് പാപ്പാ ഫെയ്ബറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. 1546 ആഗസ്റ്റ്
2-ാം തിയതി 40-ാമത്തെ വയസ്സിയില്‍ ഭിന്നിച്ചുനിന്ന ക്രൈസ്തവരെ ഉന്നിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഫെയ്ബറിന്‍റെ അന്ത്യം റോമിലായിരുന്നു. സിദ്ധന്‍റെ ഭൗതിക ശേഷിപ്പുകള്‍ റോമിലെ ‘ജെസ്സു’ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.