2013-12-17 09:48:58

പുറപ്പാടു നല്കുന്ന
പുതിയനിയമ വീക്ഷണം (68)


RealAudioMP3
പുതിയ നിയമത്തിലേയ്ക്കും അതിലെ രക്ഷാകര സംഭവങ്ങളിലേയ്ക്കും പരോക്ഷമായി വെളിച്ചംവീശുന്ന ഗ്രന്ഥമാണ് പുറപ്പാട്. പ്രത്യേകിച്ച് ഇസ്രായേലിന്‍റെ പൗരോഹിത്യ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന ആരാധനക്രമ ചിട്ടകള്‍ ജരൂസലേം ദേവാലയത്തിലേയ്ക്കും ക്രിസ്തുവിന്‍റെ കാലത്തേയ്ക്കും, പിന്നെ ഇസ്രായേല്‍ ജനത്തിന്‍റെ അനുദിന ജീവിതത്തിലെയ്ക്കും അനുവാചകരെ കൊണ്ടെത്തിക്കുന്നു. ഗ്രന്ഥത്തിന്‍റെ അവസാന ഭാഗത്തേയ്ക്കു കടക്കുന്തോറും ഇസ്രേയേല്‍ ജനത്തിന്‍റെ വിമോചനകഥയും, മോശയുടെ നേതൃത്വത്തിലുള്ള മരുഭൂമികടക്കലും, കല്പനകളുടെ സ്വീകരണവുമെല്ലാം പുതിയ നിയമത്തിലേയ്ക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നതെന്നും, പുനരാവിഷ്ക്കരിക്കപ്പെടുന്നതെന്നും സ്പഷ്ടമാകുന്നു. പൗരോഹിത്യ പാരമ്പര്യകാരന്‍റെ പൂര്‍ണ്ണശ്രദ്ധ ആരാധനക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും മാത്രമാണ്. കൂടാരവും, അതില്‍ ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത അനുഷ്ഠനാങ്ങളെയും ചുറ്റിപ്പറ്റിയുള്ള സാധനസാമഗ്രികളുടെ വിശദമായ വിവരണമാണ് 38-ാം അദ്ധ്യായ ഭാഗത്ത്. സാക്ഷൃകൂടാരം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ കണക്കുകാണിക്കുന്ന പട്ടികയാണ് തുടര്‍ന്നു ശ്രവിക്കുന്നത്.

“മോശയുടെ കല്പനയനുസരിച്ചു പുരോഹിതനായ അഹറോന്‍റെ പുത്രന്‍ ഇത്താമറിന്‍റെ നേതൃത്വത്തില്‍ ലേവ്യരാണ് സാക്ഷൃകൂടാരത്തിനാവശ്യമായ സാധനസാമഗ്രികള്‍ തയ്യാറാക്കിയത്. കര്‍ത്താവു മോശയോടു കല്പിച്ചപ്രകാരം യൂദാ ഗോത്രത്തില്‍പ്പെട്ട ബസാലേല്‍ എല്ലാ നിര്‍മ്മിതിക്കും നേതൃത്വംനല്കി. ദാന്‍ ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിന്‍റെ പുത്രന്‍ ഒഹോലിയാബ് അയാളുടെ സഹായത്തിനായും ഉണ്ടായിരുന്നു.
ഒഹോലിയാബ് കൊത്തുപണിക്കാരനും ശില്‍പവിദഗ്ദ്ധനും വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് ചിത്രത്തുന്നല്‍ നടത്തുന്നവനുമായിരുന്നു. വിശുദ്ധകൂടാരത്തിന്‍റെ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയത് കാണിക്കസ്വര്‍ണ്ണമായിരുന്നു. വിശുദ്ധ മന്ദിരത്തിലെ തോതനുസരിച്ച്, അകം ഇരുപത്തൊന്‍പതു താലന്തും എഴുന്നൂറ്റി മുപ്പതു ഷെക്കലുമാകുന്നു.
ജനസംഖ്യപ്രകാരം ജനങ്ങളില്‍നിന്നു ശേഖരിച്ച വെള്ളിയും മറ്റു ലോഹങ്ങളും വിശുദ്ധമന്ദിരത്തിന്‍റെ തോതനുസരിച്ച് നൂറു താലന്തും (1175) ആയിരത്തിയെഴുന്നൂറ്റി എഴുപത്തഞ്ച് ഷെക്കലുമൂണ്ടായിരുന്നു.”
38, 26 “ഇസ്രായേല്യരില്‍ ഇരുപതുവയസ്സും അതിനുമേലും പ്രായമുള്ളവര്‍ ആളൊന്നിന് ഒരു ബക്കാ – അല്ലെങ്കില്‍ അര ഷെക്കല്‍ കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ (6,003550) ആറുലക്ഷത്തി മൂവ്വായിരത്തി അഞ്ഞൂറ്റിയന്‍പതായിരുന്നു. വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്ക്കുംവേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിന് ഒന്നിന് ഒരു താലന്തുവീതം നൂറുതാലന്തു വെള്ളി ഉപയോഗിച്ചു. ആയിരത്തിയെഴുന്നൂറ്റി എഴുപത്തിയഞ്ചു (1775) ഷെക്കല്‍ വെള്ളികൊണ്ട് തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്‍ഷകങ്ങള്‍ പൊതിയുകയും ചെയ്തു. കാണിക്കയായി ലഭിച്ച ഓട് എഴുപതു താലന്തും (70), രണ്ടായിരിത്തി നാന്നൂറു (2400) ഷെക്കേലുമാണ്. അതുപയോഗിച്ച് അവര്‍ സമാഗമകൂടാരത്തിന്‍റെ വാതിലിന് പാദകുടങ്ങളും, ഓടുകൊണ്ടുള്ള ബലിപീഠവും അതിന്‍റെ അഴിക്കൂടും, ബലിപീഠത്തിലെ ഉപകരണങ്ങളും കൂടാരാങ്കണത്തിനു ചുറ്റുമുള്ള പാദകുടങ്ങളും, അങ്കണകവാടത്തിന്‍റെ പാദകുടങ്ങളും, കൂടാരത്തിന്‍റെ ചുറ്റുമുള്ള അങ്കണത്തിന്‍റെ കുറ്റികളും നിര്‍മ്മിച്ചു.”

കര്‍ത്താവിന്‍റെ തിരുസാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്ന കൂടാരത്തിന് ചുറ്റുമുള്ള ഇടമാണ് കൂടാരാങ്കണം. 38, 9 ജനം നിര്‍മ്മിച്ച കൂടാരത്തിന് ചുറ്റുമൊരു കൂടാരാങ്കണം ഇങ്ങനെയാണ് (പുറപ്പാട് 27, 9-19) ഇസ്രായേല്‍ കെട്ടിയുണ്ടാക്കിയത്.
“ കൂടാരത്തിന്‍റെ തെക്കുവശത്തെ മറ നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറുമുഴം നീളമുള്ളതുമായിരുന്നു.
അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. വടക്കുവശത്തെ മറ നൂറുമുഴം നീളമുള്ളതായിരുന്നു. അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു. പടിഞ്ഞാറുവശത്തെ മറയ്ക്ക് അന്‍പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തു തൂണുകളും, അവയ്ക്ക് പത്ത് പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു. കിഴക്കുവശത്തെ മറ അന്‍പതുമുഴം. അങ്കണകവാടത്തിന്‍റെ വശത്തെ മറകള്‍ക്ക് പതിനഞ്ചു മുഴം നീളമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.”

“അങ്കണകവാടത്തിന്‍റെ മറുവശത്തുള്ള മറയ്ക്ക് പതിനഞ്ചു മുഴം നീളവും, അവയ്ക്കു മൂന്നു തൂണുകളും, തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു. അങ്കണത്തെ ചുറ്റിയുള്ള മറകളെല്ലാം നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണികൊണ്ടുള്ളതായിരുന്നു. തൂണുകളുടെ പാതകുടങ്ങള്‍ ഓടുകൊണ്ടും, അവയുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടും ഉള്ളതായിരുന്നു. അവയുടെ ശീര്‍ഷകങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. അങ്കണത്തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളുണ്ടായിരുന്നു. അങ്കണവാതിലിന്‍റെ യവനിക വര്‍ണ്ണനൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍കൊണ്ട് അലംകൃതമായിരുന്നു. അത് അങ്കണത്തിന്‍റെ മറകള്‍ക്കനുസൃതമായി ഇരുപതു മുഴം നീളവും, അഞ്ചുമുഴം വീതിയും ഉള്ളതായിരുന്നു. അതിനു നാലു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാല് പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും വെള്ളി പൊതിഞ്ഞ ശീര്‍ഷകങ്ങളും വെള്ളിപ്പട്ടകളും ഉണ്ടായിരിരുന്നു. കൂടാരത്തിന്‍റെയും ചുറ്റുമുള്ള അങ്കണത്തിന്‍റെയും കുറ്റികളെല്ലാം ഒടുകൊണ്ടുള്ളവയായിരുന്നു.

സാക്ഷൃകൂടാരത്തില്‍ ബലിയര്‍പ്പണത്തിനു നേതൃത്വം നല്കേണ്ട പുരോഹിതര്‍ക്കായി അവര്‍ പൂജാവസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതാണ് അടുത്തഭാഗം:
“മോശയ്ക്കു കര്‍ത്താവു നലി‍കിയ കല്പനയനുസരിച്ച് അവര്‍ വിശുദ്ധ കൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി വര്‍ണ്ണപ്പകിട്ടാര്‍ന്ന നൂലുകളുപയോഗിച്ച് നേര്‍മ്മയുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. പിന്നെ, അഹറോനുവേണ്ടിയുള്ള പ്രത്യേക വിശുദ്ധവസ്ത്രങ്ങളുമുണ്ടാക്കി. 39, 2 സ്വര്‍ണ്ണം നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് പിന്നെ അവര്‍ എഫോദും ഉണ്ടാക്കി. സ്വര്‍ണ്ണം തല്ലിപ്പരത്തി നേരിയ നൂലുകളാക്കി, അത് വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളിലും, നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണികളിലും വിദഗ്ദ്ധമായി ഇണക്കിച്ചേര്‍ത്തു. എഫോദിന് തോള്‍ വാറുകളുണ്ടിക്കി, അതിന്‍റെ രണ്ടറ്റങ്ങളും യോജിപ്പിച്ചു. എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണ്ണം നീലം, ധൂമ്രം, കുടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ചേര്‍ത്ത്, മോശയോടു കര്‍ത്താവു കല്പിച്ച പ്രകാരമാണ് നിര്‍മ്മിച്ചത്.”

“ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ അവര്‍ കൊത്തിവച്ചു. പിന്നാ കല്ലുകള്‍ സ്വര്‍ണ്ണത്തകിടുകളില്‍ പതിച്ചു. കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിന്‍റെ തോള്‍‍ വാറുകളില്‍ പതിപ്പിച്ചു. അവര്‍ എഫോദിന്‍റേതുപോലെയുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിര്‍മ്മിച്ചത്. ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടു മടക്കുള്ളതായിരുന്നു. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വിതിയുമുണ്ടായിരുന്നു. അതിന്മേല്‍ അവര്‍ നാലുനിര രത്നങ്ങള്‍ പതിച്ചു.”
ഒരു നീണ്ട ചരിത്രകാലയളവില്‍ രൂപപ്പെട്ട സങ്കലനഗ്രന്ഥമാണ് പുറപ്പാടെന്ന് ഘടനയില്‍നിന്നും പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ലക്ഷൃത്തില്‍ അത് രക്ഷാകരചരിത്രത്തിന്‍റെ അടിത്തറയായി നില്ക്കുന്ന മൂലകൃതിയും പുതിയനിയമത്തില്‍ ക്രിസ്തുവോളം അനുവാചകരെ കൊണ്ടെത്തിക്കുന്ന ശ്രേഷ്ഠമായ രചനയുമാണെന്ന് ഇനിയും അടുത്ത പ്രക്ഷേപണത്തില്‍.
Prepared : nellikal, sedoc








All the contents on this site are copyrighted ©.