2013-12-17 16:34:44

ജന്മനാട്ടില്‍ നിന്ന് മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനാശംസകള്‍


17 ഡിസംബര്‍ 2013, ബ്യൂനസ് എയിരെസ്
77ാം പിറന്നാള്‍ ആഘോഷിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജന്മനാടൊരുക്കിയത് വ്യത്യസ്ഥമായ പിറന്നാളാഘോഷം. പാപ്പാ ഫ്രാന്‍സിസ് കുട്ടിക്കാലം ചിലവഴിച്ച ബ്യൂനസ് എയിരെസിലെ സാന്‍ ഹോസെ ദെ ഫ്ലോരെസ് ബസിലിക്കയാണ് പാപ്പായുടെ പിറന്നാളാഘോഷം പ്രാര്‍ത്ഥനാനിര്‍ഭരം കൊണ്ടാടിയത്. ഹോര്‍ഗെ ബെര്‍ഗോളിയോ ദൈവവിളി സ്വീകരിച്ചതും ഇവിടെവച്ചായിരുന്നു.
പാപ്പായുടെ ജന്‍മദിനം വലിയതോതില്‍ ആഘോഷിക്കണമെന്ന് ഇടവകക്കാര്‍ താല്‍പര്യപ്പെട്ടിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വതസിദ്ധമായ ലാളിത്യമാണ് ഇടവക സ്വീകരിച്ചിരിക്കുന്നതെന്ന് ഇടവക സെക്രട്ടറി ലൂയീസ് അവെലാനെദ വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. തന്നെ കാണാനെത്തുന്ന എല്ലാവരോടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിക്കാറുണ്ട്. അതുകൊണ്ട് പാപ്പായ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പായുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് ഏറ്റവും അഭികാമ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍പാപ്പയ്ക്കും പാപ്പായുടെ നിയോഗങ്ങള്‍ക്കും വേണ്ടി ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചതിനു പുറമേ നിരവധിപേര്‍ ദേവാലയത്തിലെത്തി പാപ്പായ്ക്കുവേണ്ടി മധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി. തങ്ങളുടെ പ്രിയപ്പെട്ട ബെര്‍ഗോളിയോ ശാരീരികമായി അങ്ങ് ദൂരെയാണെങ്കിലും പ്രാര്‍ത്ഥനയില്‍ തങ്ങള്‍ എല്ലായ്പ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടെന്ന് ഇടവക സെക്രട്ടറി ലൂയീസ് അവെലാനെദ പറഞ്ഞു.









All the contents on this site are copyrighted ©.