2013-12-17 16:14:33

ക്രിസ്തീയ ആനന്ദത്തിന്‍റെ രഹസ്യം: മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


16 ഡിസംബര്‍ 2013, വത്തിക്കാന്‍

ആനന്ദത്തിന്‍റെ ഞായര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആഗമനകാലത്തിലെ മൂന്നാം ഞായറാഴ്ച (15.12.13) ക്രിസ്തീയ ആനന്ദത്തെക്കുറിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം.

ആനന്ദത്തിന്‍റെ ഞായര്‍

ആഗമനകാലത്തിലെ മൂന്നാം ഞായറാഴ്ച്ചയെ ആനന്ദത്തിന്‍റെ ഞായര്‍ എന്നു വിളിക്കുന്നു. ആനന്ദിച്ചുല്ലസിക്കാനുള്ള ആഹ്വാനം ഈ ഞായറാഴ്ചയിലെ വചന ഭാഗങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതായി കാണുന്നു. എന്തിനാണ് നാം ആനന്ദിക്കുന്നത്? കാരണം, കര്‍ത്താവ് സമീപസ്ഥനാണ്. തിരുപ്പിറവി അടുത്തിരിക്കുന്നു. ഒരുക്കത്തിന്‍റെ ആത്മീയ യാത്ര വിശ്വാസപൂര്‍വ്വം പൂര്‍ത്തിയാക്കി, നവോന്മേഷത്തോടെ തിരുപ്പിറവി തിരുന്നാള്‍ ആഘോഷിക്കുവാനായി തിരുസഭ ഒരമ്മയെപ്പോലെ നമ്മെ നയിക്കുകയും നമുക്ക് പ്രോത്സാഹനം പകരുകയും ചെയ്യുന്നു.
ക്രിസ്തീയ സന്ദേശം “സുവിശേഷം” എന്നാണ് അറിയപ്പെടുന്നത്, അതായത് “സദ്വാര്‍ത്ത” സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്‍റെ സന്ദേശം. തിരുസഭ ദുഃഖിതരുടെ അഭയകേന്ദ്രമല്ല, ആനന്ദത്തിന്‍റെ ഭവനമാണ്. ദുഃഖാര്‍ത്തരായവര്‍ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തുന്ന ഇടമാണത്. സുവിശേഷം നല്‍കുന്ന സന്തോഷം ഏതെങ്കിലും തരത്തിലുള്ള സന്തോഷമല്ല, ദൈവം എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന ബോധ്യമാണ് ഈ സന്തോഷത്തിന്‍റെ അടിസ്ഥാനം. ദൈവം നമ്മുടെ രക്ഷയ്ക്കെത്തുന്നു (ഏശയ്യ 35,1-6a.8a.10), ഹൃദയം തകര്‍ന്നവരെ അവിടുന്ന് വീണ്ടെടുക്കുമെന്ന് ഏശയ്യാ പ്രവാചകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുണ്ട്. ദൈവം നമ്മുടെ പക്കലേക്ക് ആഗതനാകുമ്പോള്‍ നാം ശക്തിപ്രാപിക്കും, നമ്മുടെ പാദങ്ങള്‍ ഉറപ്പിച്ചു നിറുത്താന്‍ നമുക്കു സാധിക്കും.

മരുഭൂമിയിലെ വസന്തം

കര്‍ത്താവ് ആഗതനാകുമ്പോള്‍ മരുപ്രദേശങ്ങളില്‍ വസന്തം വിരിയുമെന്ന പ്രവാചക വചനത്തില്‍ സൂചിപ്പിക്കപ്പെടുന്നത് നമ്മുടെ ജീവിതത്തിലെ വരള്‍ച്ചയെക്കുറിച്ചാണ്. നമ്മുടെ ജീവിതം വരണ്ടുപോകുന്നതെപ്പോഴാണ്? ദൈവവചനത്തിന്‍റേയും ദൈവസ്നേഹത്തിന്‍റേയും നീര്‍ച്ചാലുകള്‍ അപ്രത്യക്ഷമാകുമ്പോള്‍. നമ്മുടെ ബലഹീനതകളും കഷ്ടനഷ്ടങ്ങളും എത്ര വലുതാണെങ്കിലും നാം നഷ്ടധൈര്യരായിക്കൂടാ. പ്രതിസന്ധികള്‍ക്കു മുന്നിലോ, നമ്മുടെ തന്നെ ബലഹീനതകള്‍ക്കു മുന്നിലോ നാം ചഞ്ചലപ്പെടരുത്. ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്താനും ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിച്ചു നിറുത്താനും ഭയം കൂടാതെ ധൈര്യം അവലംബിക്കുവാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കാരണം, കരുണാമയനാണ് നമ്മുടെ ദൈവം. പതറിനില്‍ക്കാതെ, മുന്നോട്ടു സഞ്ചരിക്കാനുള്ള കരുത്ത് അവിടുന്നു നമുക്കു നല്‍കുന്നു. നമ്മെ സഹായിക്കാനായി അവിടുന്ന് എല്ലായ്പ്പോഴും നമ്മുടെ ചാരെയുണ്ട്. അനന്ത സ്നേഹമായ ദൈവം നമ്മെ സഹായിക്കാനായി നമുക്കൊപ്പം സഞ്ചരിക്കുന്നു. അവിടുന്നു നമ്മെ ദൃഡപ്പെടുത്തി നവോന്മേഷത്തോടെ മുന്നോട്ടു നയിക്കുന്നു. ധൈര്യപൂര്‍വ്വം നാം മുന്നോട്ടു പോകണം!

പുതുജീവിതം ആരംഭിക്കാനുള്ള ക്ഷണം

കരുണാമയനായ ദൈവത്തിന്‍റെ സഹായത്താല്‍ നമ്മുടെ ജീവിതം പുനരാരംഭിക്കാന്‍ നമുക്കു സാധിക്കും. എല്ലാം പുനരാരംഭിക്കുവാന്‍ സാധിക്കുന്നതെങ്ങനെയാണ്? ഒരുവന്‍ ഇങ്ങനെ പറഞ്ഞേക്കാം:“ പിതാവേ, ഞാനൊരു മഹാപാപിയാണ്. ഒരുപാടു തെറ്റുകള്‍ ചെയ്ത ഒരു മഹാപാപി. ഇനിയുമൊരു തുടക്കം എനിക്കു സാധിക്കുകയില്ല”. അങ്ങനെ ചിന്തിക്കുന്നതു ശരിയല്ല. ഒരു പുതുജീവിതം ആരംഭിക്കാന്‍ നിനക്കു സാധിക്കുക തന്നെ ചെയ്യും. കാരണം, ദൈവം സ്നേഹപൂര്‍വ്വം നിന്നെ കാത്തിരിക്കുന്നു. അവിടുന്ന് നിന്‍റെ ചാരെയുണ്ട്. കരുണാമയനായ ദൈവം നിന്‍റെ പാപങ്ങള്‍ ക്ഷമിച്ച്, ജീവിതം പുനരാരംഭിക്കാന്‍ നിനക്കു കൃപയേകും. ദൈവം എല്ലാവരേയും സ്വീകരിക്കും. കണ്ണുകള്‍ തുറന്ന് നമുക്കവിടുത്തെ ദര്‍ശിക്കാം. ദുഃഖവും വിലാപ ഗീതവും മറന്ന് സന്തോഷത്തിന്‍റെ പുതിയ ഗാനങ്ങള്‍ നമുക്കാലപിക്കാം.

ശാശ്വതമായ ആനന്ദം, ദൈവിക ദാനം

ദൈവം നമുക്കു നല്‍കുന്ന ആനന്ദം ഒരിക്കലും ഇല്ലാതാകില്ല. പരീക്ഷണങ്ങളിലും സഹനങ്ങളിലുമെല്ലാം ഈ സന്തോഷം നമ്മുടെ ഉള്ളിലുണ്ടാകും. കാരണം ദൈവം നല്‍കുന്നത് ഉപരിപ്ലവമായ സന്തോഷമല്ല. മനുഷ്യാസ്ഥിത്വത്തിന്‍റെ ഉള്ളിലേക്ക് ഇറങ്ങിചെന്ന് ദൈവാശ്രയബോധത്തിലും ദൈവവിശ്വാസത്തിലും നമ്മെ വളര്‍ത്തുന്ന സന്തോഷമാണത്. ദൈവവിശ്വാസമാണ് ക്രിസ്തീയ ആനന്ദത്തിന്‍റേയും പ്രത്യാശയുടേയും അടിസ്ഥാനം, അതായത് ദൈവം തന്‍റെ വാഗ്ദാനം പാലിക്കുമെന്ന ഉറപ്പ്. വഴിതെറ്റിപ്പോയവരോടും നിരുത്സാഹപ്പെട്ടിരിക്കുന്നവരോടും ദൈവത്തിലാശ്രയിക്കാന്‍ ഏശയ്യാ പ്രവാചകന്‍ ആവശ്യപ്പെടുന്നുണ്ട്. കാരണം ദൈവം അവരെ രക്ഷിക്കാന്‍ വൈകുകയില്ല. അവിടുന്ന് അവരെ വീണ്ടെടുക്കും. ജീവിത വഴിത്താരില്‍ യേശുവിനെ കണ്ടെത്തിയവര്‍ തങ്ങളുടെ ഹൃദയത്തില്‍ അനുഭവിക്കുന്ന ശാന്തിയും സന്തോഷവും ഇല്ലാതാക്കാന്‍ ആര്‍ക്കും ഒന്നിനും കഴിയുകയില്ല. യേശുക്രിസ്തുവാണ് നമ്മുടെ യഥാര്‍ത്ഥ ആനന്ദം. അവിടുത്തെ വിശ്വസ്തമായ സ്നേഹം ഒരിക്കലും അസ്തമിക്കില്ല. അങ്ങനെയാണെങ്കില്‍, ഒരു ക്രിസ്ത്യാനി ദുഃഖിതനായി കാണപ്പെടുന്നത് അവന്‍ ക്രിസ്തുവില്‍ നിന്ന് അകന്നിരിക്കുന്നതിനാലാണ്. അങ്ങനെ സംഭവിച്ചാല്‍ ആ വ്യക്തിയെ നാം ഒരിക്കലും ഒറ്റപ്പെടുത്തരുത്. അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ക്രിസ്തീയ കൂട്ടായ്മയുടെ സ്നേഹം അനുഭവിച്ചറിയാന്‍ അയാളെ സഹായിക്കുകയും ചെയ്യണം.

ആശ്ചര്യകരമായ ദൈവിക ദാനം

ബെതെലേമിലേക്കുള്ള ഈ യാത്രയില്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. നമുക്കായി, നമ്മുടെ രക്ഷയ്ക്കായി, സകല മനുഷ്യര്‍ക്കും രക്ഷയും ആനന്ദവും നല്‍കാനായി ജനിച്ച ശിശുവിനെ ദര്‍ശിക്കാന്‍, പ.അമ്മയുടെ സഹായത്തോടെ ധ്രുതഗതിയില്‍ നമുക്കു യാത്രചെയ്യാം. പരിശുദ്ധ കന്യകാ മറിയത്തെ «ദൈവകൃപ നിറഞ്ഞവളേ ആനന്ദിച്ചാലും: കര്‍ത്താവ് നിന്നോടു കൂടെ» (ലൂക്ക 1,28) എന്നാണല്ലോ ദൈവദൂതന്‍ അഭിവാദ്യം ചെയ്തത്. നമ്മുടെ ഭവനങ്ങളിലും ജോലിസ്ഥലങ്ങളിലും ഇടവകളിലും മറ്റെല്ലാ മേഖലകളിലും സുവിശേഷത്തിന്‍റെ ആനന്ദത്തില്‍ ജീവിക്കാന്‍ വേണ്ട ദൈവകൃപ, പരിശുദ്ധ അമ്മ നമുക്കു നേടിത്തരട്ടെ. നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന ഈ ആനന്ദം നമ്മെ ആശ്ചര്യപ്പെടുത്തും. താന്‍ ജന്‍മം നല്‍കിയ കുഞ്ഞിനെ ആശ്ചര്യത്തോടെ നോക്കുന്ന അമ്മയുടെ വികാരമാണ് നമുക്ക് അനുഭവപ്പെടുക. ദൈവത്തിന്‍റെ സമ്മാനമായ ആ കുഞ്ഞിനെ പ്രതി അവള്‍ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നതുപോലെ, നന്ദിയോടെ സ്വീകരിക്കേണ്ട ഒരത്ഭുതമാണ് ദൈവം നമുക്ക് നല്‍കുന്ന സന്തോഷം.








All the contents on this site are copyrighted ©.