2013-12-17 16:34:57

കര്‍ദിനാള്‍ വ്വെല്ലെ മെത്രാന്‍മാര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടായി തുടരും


17 ഡിസംബര്‍ 2013, വത്തിക്കാന്‍
മെത്രാന്‍മാര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനായി കനേഡിയന്‍ കര്‍ദിനാള്‍ മാര്‍ക്ക് വെല്ലെയെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. ഡിസംബര്‍ 16നാണ് പാപ്പായുടെ സ്ഥിരീകരണ ഉത്തരവ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.
ക്യാനഡയിലെ ക്യുബെക് അതിരൂപതാധ്യക്ഷനും ക്യാനഡയുടെ പ്രൈമേറ്റുമായിരുന്നു ആര്‍ച്ചുബിഷപ്പ് മാര്‍ക്ക് വെല്ലെ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2003ല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയ അദ്ദേഹത്തെ 2010ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെത്രാന്‍മാര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടായി നിയമിച്ചു. മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റേയും അധ്യക്ഷനാണ് കര്‍ദിനാള്‍ വെല്ലെ.
കര്‍ദിനാള്‍ വ്വെല്ലെയുടെ സ്ഥാന സ്ഥിരീകരണത്തോടൊപ്പം, കര്‍ദിനാള്‍മാരായ റോബ്ലെസ് ഒര്‍ത്തെഗ (മെക്സിക്കോ), ഡൊനാള്‍ഡ് വിലൃം വേള്‍ (യു.എസ്.എ), റൂബെന്‍ സാല്‍സര്‍ ഗോമെസ് (കൊളംബിയ), കേര്‍ട്ട് കോക്ക്(സഭൈക്യ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍), ജ്യോവോ ബ്രാസ് ദെ ആവിസ് (സന്ന്യസ്ത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്) എന്നിവരേയും മെത്രാപ്പോലീത്താമാരായ പിയെത്രോ പരോളിന്‍ (വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി), ബെന്യാമിനോ സ്റ്റെല്ല (വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്) , ലൊറെന്‍സോ ബാല്‍ഡിസീറീ (മെത്രാന്‍മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി), വിന്‍സെന്‍റ് ജെറാര്‍ഡ് നിക്കോള്‍സ് (ബ്രിട്ടണ്‍), പൗളോ റാബിറ്റി (ഇറ്റലി), ഗുല്‍ത്തിയെറോ ബസാത്തി (ഇറ്റലി), എന്നിവരേയും ജര്‍മന്‍ ബിഷപ്പ് ഫെലിക്സ് ഗെനേയും മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തില്‍ അംഗങ്ങളായി മാര്‍പാപ്പ നിയമിച്ചു.








All the contents on this site are copyrighted ©.