2013-12-16 17:22:16

പ്രവാചക ദര്‍ശനമില്ലാത്തവര്‍
അധികാര പ്രമത്തരാകുമെന്ന് പാപ്പാ


16 ഡിസംബര്‍ 2013, വത്തിക്കാന്‍
പ്രവാചക ദര്‍ശനമില്ലാത്തവര്‍ അധികാര പ്രമത്തരാകുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ഡിസംബര്‍ 16-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദൈവികവാഗ്ദാനങ്ങളില്‍ ഊന്നിക്കൊണ്ട് ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ അനുദിനജീവിത സാഹചര്യങ്ങളുടെ വെല്ലുവിളികളിലൂടെ ജനങ്ങള്‍ക്ക് വഴികാട്ടുന്ന ആരും സത്യത്തിന്‍റെ പ്രയോക്തക്കളാണ് പ്രവാചകരെന്ന് പാപ്പാ തന്‍റെ വചനസമീക്ഷയില്‍ വ്യക്തമാക്കി.

മറിയത്തിന്‍റെ ഹൃദയത്തെ ഭേദിച്ച കുരിശിന്‍റെ വാളും, പ്രവചകന്‍ സ്വന്തം നാട്ടില്‍പ്പോലും പരിത്യക്തനാകുമെന്നും പൂര്‍വ്വികന്മാര്‍ പ്രവാചകന്മാരെ വധിച്ചിട്ടുണ്ടെന്നുമുള്ള വചനഭാഗങ്ങള്‍ കാലത്തിന്‍റെ കാലൊച്ചകേള്‍ക്കുന്ന പ്രാവചക ശബ്ദത്തിന്‍റെ പ്രസക്തി വിളിച്ചോതുന്നുവെന്ന് പാപ്പാ സമര്‍ത്ഥിച്ചു. പ്രവാചക വെളിച്ചമില്ലാത്തവരാണ് നിയമത്തിന്‍റെ ദണ്ഡെടുക്കുന്നതെന്നും അവര്‍ ശുശ്രൂഷയ്ക്കും സേവനത്തിനും പകരം ധാര്‍ഷ്ട്യത്തിന്‍റെ പൗരോഹിത്യ മേല്‍ക്കോയ്മ ജനങ്ങളോട് കാണിക്കുന്ന പെരുമാറുന്നതെന്നും പാപ്പാ സുവിശേഷ ചിന്തയില്‍ ചൂണ്ടിക്കാട്ടി.

എന്തധികാരത്തിലാണ്, ഏതു നിയമപ്രകാരമാണ് നീ ഇതൊക്കെ ചെയ്യുന്നതെന്ന (മത്തായി 21, 23-27) ധാര്‍ഷ്ട്യത്തിന്‍റെ ചോദ്യശരം ക്രിസ്തുവിനുനേരെ ഉയര്‍ത്തിയത്, പ്രവാചകശബ്ദവും ദൈവകവാഗ്ദാനങ്ങളും മറന്നു ജീവിച്ച അധികാര പ്രമത്തരാണെന്നും, ഇന്നു കാണുന്ന പൗരോഹിത്യധാര്‍ഷ്ട്യത്തിനു സമാന്തരമാണ് ക്രിസ്തുവിന്‍റെ കാലത്തുകണ്ട ദേവാലയപ്രമുഖരെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തുവില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ പ്രവാചദൗത്യം മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ദര്‍ശനവും വിശ്വസവും തരണമേ, ഞങ്ങളിലെ പൗരോഹിത്യ മേല്‍ക്കോയ്മാഭാവം വെടിഞ്ഞ്, സത്യത്തിന്‍റെ പ്രവാചകരാകാന്‍ ഈ ക്രിസ്മസ്സ്നാളില്‍ ഞങ്ങളെ സഹായിക്കണമേ, എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ തന്‍റെ വചനചിന്തകള്‍ സമാഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.