2013-12-16 18:41:26

പാപ്പായ്ക്ക് കുട്ടികളുടെ
പിറന്നാള്‍ ആശംസകള്‍


16 ഡിസംബര്‍ 2013, വത്തിക്കാന്‍
കുട്ടികള്‍ പാപ്പാ ഫ്രാന്‍സിസിന് പിറന്നാള്‍ ആശംസിച്ചു.
ഡിസംബര്‍ 14-ാം തിയതി ശനിഴാഴ്ച വത്തിക്കാനിലെ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളും അവരുടെ മാതാപിതാക്കളുമായി നടത്തിയ ക്രിസ്തുമസ്സ് കൂടിക്കാഴ്ചയുടെ മദ്ധ്യത്തിലാണ്, പാപ്പായെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പാവങ്ങളായ കുട്ടികള്‍ പാപ്പായ്ക്ക് ജനന്മദിന ആശംസകള്‍ നേര്‍ന്നത്. വത്തിക്കാന്‍റെ ശിശുപരിചരണകേന്ദ്രത്തിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ്സ് ആശംസകളര്‍പ്പിക്കാന്‍ പോള്‍ ആറാമന്‍ ശാലയില്‍ എത്തിയതാണ് പാപ്പാ ഫ്രാന്‍സിസ്. ഡിസംബര്‍ 17-ന് തന്‍റെ 77-ാം പിറന്നാള്‍ ആഘോഷിക്കുന്ന പാപ്പാ ഫ്രാന്‍സിസിനെ തെല്ലൊന്ന് അമ്പരപ്പിച്ചുകൊണ്ടാണ് കേക്കും തിരികളുമായി കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് പാപ്പായ്ക്ക് ജന്മദിനം ആശംസിച്ചത്. പാവങ്ങളായ കുട്ടികളെ ഓരോരുത്തരെയും കയ്യിലെടുത്ത് വാത്സല്യത്തോടെ ചുംബിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് ക്രിസ്തുമസ്സ് ആശംസകള്‍ ആര്‍പ്പിച്ചത്.

വിശുദ്ധ മാര്‍ത്തായുടെ ശുശുപരിചരണ കേന്ദ്രം ക്രിസ്തുസ്നേഹത്തിന്‍റെ സ്വരലയമാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. 1922-ല്‍ പതിനൊന്നാം പിയൂസ് പാപ്പാ സ്ഥാപിച്ച പാവപ്പെട്ട കുട്ടികള്‍ക്കായുള്ള പരിചരകേന്ദ്രമാണ് വത്തിക്കാന്‍റെ ഹൃദയഭാഗത്ത് ക്രിസ്തുവിന്‍റെ ആര്‍ദ്രമായ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകമായി ഉയര്‍ന്നു നില്ക്കുന്നതെന്ന്
90-വര്‍ഷം പഴക്കമുള്ള വത്തിക്കാന്‍റെ ശിശുപരിചരണകേന്ദ്രത്തെക്കുറിച്ച് പാപ്പായുടെ പരിപാടിയില്‍ സന്നിഹിതനായുന്ന വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി അഭിപ്രായപ്പെട്ടു. പാവങ്ങളായ കുട്ടികള്‍ക്ക് മാനസ്സികവും ശാരീരികവുമായ പരിചരണം, നല്‍കുന്നതുകൂടാതെ, വീല്‍ച്ചെയര്‍, ട്രോളി, പ്രാഥമിക ആവശ്യത്തിനുള്ള സാമഗ്രികള്‍, പാലു പോഷകാഹാരങ്ങളും, ഭക്ഷണം, വസ്ത്രം, കളിപ്പാട്ടങ്ങള്‍ എന്നിവയും വത്തിക്കാന്‍റെ ഈ സ്ഥാപനം സൗജന്യമായി നല്കുന്നുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

സേവനത്തിലും ശുശ്രൂഷയിലും താഴ്ന്നിറങ്ങുന്ന ക്രിസ്തു സ്നേഹത്തിന്‍റെ ദര്‍ശനമാണ് ഈ സ്ഥാപനത്തിലുടെ ദൃശ്യമാകുന്നതെന്നും, ആസന്നമാകുന്ന ക്രിസ്തുമസ് നല്കുന്ന സന്ദേശവും അതുതന്നെയാണെന്നും, പരിപാടിയില്‍ സന്നിഹതരായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ അഭിമുഖത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.