2013-12-16 17:34:54

ക്രിസ്തു വേദാന്തകാതലെന്ന്
ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍


16 ഡിസംബര്‍ 2013, വത്തിക്കാന്‍
വേദാന്തത്തിലെ ബഹുമുഖമായ സത്യത്തിന്‍റെ കാഴ്ചപ്പാടില്‍ ക്രിസ്തുവിന്‍റെ വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടെന്ന്, ഇറ്റലിയിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍, ബസന്ത് കെ. ഗുപ്ത പ്രസ്താവിച്ചു. ഡിസംബര്‍ 15-ാം തിയതി വൈകുന്നേരം റോമിലെ Chavara Institue for Indian & Interreligious Studies-ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ്സ് ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഇന്ത്യയുടെ അംബാസിഡര്‍ ഗുപ്ത ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സത്യം ഒന്നാണെന്നും സ്ഥായീഭാവമുള്ളതുമാണെന്നും അത് ലോകത്ത് വെളിപ്പെടുത്തപ്പെട്ട എല്ലാ മതങ്ങളിലും വൈവിധ്യമാര്‍ന്ന വിധത്തില്‍ തെളിഞ്ഞിരിക്കുന്നുവെന്നും ഗുപ്ത പ്രസ്താവിച്ചു. ലോകത്തുള്ള മതങ്ങളുടെയും മതവിശ്വാസങ്ങളുടെയും അന്തര്‍ധാര ഏകമായ സത്യമാണെന്നും, അത് സകല മതങ്ങളെയും ഈശ്വരവിശ്വാസികളെയും സാഹോദര്യത്തിലേയ്ക്കും നന്മയിലേയ്ക്കും നയിക്കണെന്നും ഗുപ്ത തന്‍റെ ക്രിസ്തുമസ് സന്ദേശത്തില്‍ സമര്‍ത്ഥിച്ചു. ചാവറ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ഫാദര്‍ ഐസക്ക് ആരിക്കാപ്പള്ളില്‍ സിഎംഐ സ്വാഗതമാശംസിച്ച ക്രിസ്തുമസ് കൂട്ടായ്മ, ‘ബൃഹതാരണ്യക ഉപനിഷാദിക്ക്’ ‘അസത്തോമാ സദ്ഗമയഃ’ ആന്‍റോ നായങ്കരയുടെ ആലാപനത്തോടെ ആരംഭിച്ചത് ചാവറ കേന്ദ്രത്തിന്‍റെ ഭാരതിയ ദര്‍ശനം വെളിപ്പെടുത്തുന്നതായിരുന്നു. മനോഹരമായ കാരോള്‍ ഗീതങ്ങളും ക്രിസ്തുമസ് സന്ദേശങ്ങളും അനുവര്‍ഷമുള്ള കൂട്ടായ്മയ്ക്ക് പൊലിമനല്കി. ക്രിസ്മസ്സ് കേക്ക് മുറിക്കലും, ചായ സല്‍ക്കാരവും മുന്‍കൂട്ടിയുള്ള ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് സമാപ്തി കുറിച്ചു.
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.