2013-12-14 09:21:24

ജീവിതത്തില്‍ വഴിവിളക്കാകുന്നവര്‍
ആഗമനകാലം മൂന്നാം വാരം


വി. മത്തായി 11, 2-11
യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ച് ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവിടുത്തോടു ചോദിച്ചു. വരാനിരിക്കുന്നവന്‍ അങ്ങുതന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു. നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ചപ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു. ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍.

അവര്‍ പോയതിനുശേഷം ക്രിസ്തു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. എന്തു കാണാനാണു നിങ്ങള്‍ മരൂഭൂമിയിലേയ്ക്കു പോയത്. കാറ്റത്തുലയുന്ന ഞാങ്ങണയോ അല്ലെങ്കില്‍ വേറെ എന്തു കാണാനാണു നിങ്ങള്‍ പോയത്. മൃദുല വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണുള്ളത്. അല്ലെങ്കില്‍, പിന്നെ എന്തിനാണു നിങ്ങള്‍ പോയത്. പ്രവാചകനെ കാണോനോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രാവചകനെക്കാള്‍ വലിയവനെത്തന്നെ! ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്ത്. ഇതാ, നിനക്കുമുന്‍പേ എന്‍റെ ദൂതനെ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്‍റെ മുമ്പേ പോയി നിനക്കു വഴി ഒരുക്കും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്. സ്നാപകയോഹന്നാന്‍റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗ്ഗരാജ്യം ബലവാന്മാര്‍ അതു പിടിച്ചടക്കുന്നു.

കുടവാങ്ങാന്‍ പാങ്ങില്ലാത്ത പയ്യന്‍ നനഞ്ഞൊലിച്ച് ക്ലാസ്സില്‍ വൈകിയെത്തി. ശകാരം പ്രതീക്ഷിച്ച് ക്ലാസ്സുമുറിയുടെ വാതില്‍ക്കല്‍ അവന്‍ പമ്മിനില്‍ക്കുമ്പോള്‍, അദ്ധ്യാപകന്‍ പറഞ്ഞു. “വരൂ, അലക്സാണ്ടര്‍ ചക്രവര്‍ത്തീ, അകത്തേയ്ക്കു വരൂ.” അദ്ധ്യാപകന്‍ തന്നെ പരിഹസിക്കുകയാണെന്ന്
ആ കുട്ടി കരുതി. എന്നാല്‍ അങ്ങനെയല്ല. അല്കസാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് അദ്ധ്യാപകന്‍ രൂപകം തയ്യാറാക്കുകയായിരുന്നു. ബാക്കി കഥാപാത്രങ്ങളെയൊക്കെ നിശ്ചയിച്ചു കഴിഞ്ഞിരുന്നു... നായകന്‍ ഒഴികെ. ഇവനായിരിക്കണം നായകനെന്ന് അദ്ധ്യപകന്‍ മനസ്സില്‍ നിനച്ചിരുന്നു. ആരും ശ്രദ്ധിക്കാത്ത ദരിദ്രനായ നീണ്ടു മെലിഞ്ഞ ഈ പയ്യന്‍നായിരുന്നു അദ്ധ്യാപകന്‍റെ മനസ്സിലെ അലക്സാണ്ടര്‍‍.
അങ്ങനെ ആ പ്രഭാതത്തില്‍ ആത്മവിശ്വസത്തിന്‍റെയും കലയുടെയും വിത്ത് അവന്‍റെ ഉള്ളത്തില്‍ അദ്ധ്യാപകന്‍ പാകി. അലക്സാണ്ടറായി അന്ന് അഭിനയിച്ച പയ്യന്‍ ഇന്ന് അറിയപ്പെടുന്ന നടനാണ്.

അങ്ങനെ ജീവിതത്തില്‍ വിളക്കുകാട്ടി കൊടുക്കുന്നവരുടെ പരമ്പരയ്ക്ക് അവസാനമില്ല. ലോകരക്ഷകനായ ക്രിസ്തുവിന് വഴിയൊരുക്കുന്ന യോഹന്നാനാണ് ആഗമനകാലത്തിലെ മൂന്നാം വാരത്തില്‍ ശ്രദ്ധേയനാകുന്നത്. ക്രിസ്തുവിന്‍റെ ദൈവികപ്രകാശം ആദ്യമായി തിരിച്ചറിഞ്ഞതും, ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തതും യോഹന്നാനാണ്. യോര്‍ദ്ദാന്‍ നദിക്കരയിലൂടെ നീങ്ങിയ ക്രിസ്തുവിനെ, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്,”എന്നു പറഞ്ഞ് ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് യോഹന്നാനാണ്. പിന്നീട് കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ട യോഹന്നാന്‍ മനസ്സില്‍ ഉയര്‍ന്ന ആശങ്കകളുമായി തിന്‍റെ ശിഷ്യന്മാരെ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് പറഞ്ഞയക്കുന്നതാണ് ഇന്നത്തെ സുവിശേഷ രംഗം.
യോഹന്നാന്‍ ക്രിസ്തുവിനെ മനസ്സിലാക്കിയത് ഇങ്ങനെയാണ്. അവന്‍റെ കയ്യില്‍ കോടാലിയുണ്ട്, കയ്യില്‍ പാറ്റുമുറമുണ്ട്. നല്ലഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിടാനാണ് കോടാലി. നെല്ലും പതിരും, നന്മയും തിന്മയും വേര്‍തിരിക്കാനാണ് പാറ്റുമുറം (മത്തായി 3, 7-14). ക്രിസ്തു
വരുമ്പോള്‍ ഉടനെതന്നെ ന്യായവിധിയുണ്ടാകും എന്ന് യോഹന്നാന്‍ കരുതി. നന്മയും തിന്മയും തമ്മില്‍ വേര്‍തിരിവുണ്ടാകും... നെല്ലും പതിരും തമ്മില്‍, നല്ല വൃക്ഷവും ചീത്ത വൃക്ഷവും തമ്മില്‍ വകതിരിവുണ്ടാകും, ഫലം നല്കുന്നവയും ഫലം നല്കാത്തവയും തമ്മില്‍ വേര്‍തിരിക്കുക മാത്രമല്ല, അവിടുന്ന് തിന്മയെ തീയിലിട്ടു നശിപ്പിക്കുമെന്നും യോഹന്നാന്‍ വിശ്വസിച്ചിരുന്നു.

മറുപടിയായുള്ള ക്രിസ്തുവിന്‍റെ പ്രതികരണം ശ്രദ്ധേയമാണ്. അവിടുന്ന് അന്ധര്‍ക്കു കാഴ്ച കൊടുത്തു. മുടന്തരെ നടത്തി, കുഷ്ഠരോഗികള്‍ക്കു സൗഖ്യംനല്കി. ബധിരര്‍ക്ക് കേള്‍വി നല്കി. ദരിദ്രരോട് സുവിശേഷം പ്രസംഗിച്ചു. അതായത്, കാരുണ്യത്തിന്‍റെ പ്രവൃത്തികള്‍ ചെയ്തുകൊണ്ട് അവിടുന്നു ജനമദ്ധ്യേ നീങ്ങുകയാണ്. വിധിയും ന്യായവിധിയും വേര്‍തിരിവും വെട്ടിവീഴ്ത്തലൊന്നും അവിടെ കാണുന്നില്ല.. ദൈവത്തിന്‍റെ തീരാകാരുണ്യത്തിന്‍റെ പ്രകാശനമാണ് ക്രിസ്തുവിന്‍റെ മുഖരാഗം.
മാത്രമല്ല, ‘കളകള്‍ വിളയോടൊപ്പം വളരട്ടെ’ എന്നു മറ്റൊരിടത്ത് അവിടുന്നു പ്രഖ്യാപിച്ചു. അതായത്, തിന്മയും വളരട്ടെ, നന്മയും വളരട്ടെ എന്ന്! സ്വാഭിവകമായും യോഹന്നാന്‍ കണക്കുകൂട്ടിയ വിധിയാളനില്‍നിന്നും വ്യത്യസ്തനായ രക്ഷകനാണ് ക്രിസ്തു എന്ന തിരിച്ചറിവാണ് നമുക്കു ഇവിടെ ലഭിക്കുന്നത്!
തീര്‍ച്ചയായും, ഇതായിരിക്കണം സ്നാപകനില്‍ സംശയമുണര്‍ത്തിയത്. അതുകൊണ്ടാണ് തന്‍റെ ശിഷ്യന്മാരെ യോഹന്നാന്‍ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് വിവരങ്ങള്‍ നേരിട്ട് അറിയാന്‍ ഉടനെ പറഞ്ഞയച്ചത്. “വരാനിരിക്കുന്ന രക്ഷകന്‍ അങ്ങുതന്നയോ, അതോ ഞങ്ങള്‍ മറ്റൊരാള്‍ക്കായ് കാത്തിരിക്കണമോ?” സംശയ നിവാരണം നടത്താനായി വന്ന ശിഷ്യന്മാര്‍ക്ക്, തന്‍റെ നിലപാടിനെക്കുറിച്ചുള്ള വ്യാഖ്യാനത്തോടൊപ്പം, മുന്നറിയിപ്പു നല്കാനും ക്രിസ്തു മറന്നില്ല. “എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍.” ഇന്നത്തെ വിചനഭാഗത്തു നാം ശ്രവിച്ചതാണ്, “എന്നെ തെറ്റിദ്ധരിക്കാത്തവന്‍ അനുഗ്രഹീതനത്രേ.”
നാം വിഭാവനംചെയ്യുന്നതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നു കരുതി ക്രിസ്തുവിനെ വ്യത്യസ്തമായി കാണുന്നത് ശരിയായ മനോഭാവമല്ല.
മറ്റുള്ളവരെ വിധിക്കാനും തിന്മയെ, അല്ലെങ്കില്‍ പ്രതിയോഗികളെ തീയിലിട്ടു നശിപ്പിക്കാനും വെമ്പല്‍കൊള്ളുന്നവരാണ് നാം. എന്നാല്‍, ക്രിസ്തു വന്നത് പിതാവിന്‍റെ കാരുണ്യവും സ്നേഹവും വെളിപ്പെടുത്തുവാനാണ്, ലോകത്തില്‍ ലഭ്യമാക്കാനാണ്.
ഭൂമിയില്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കര്‍മ്മങ്ങളില്‍ കുരിശുമരണംവരെ ക്രിസ്തു വ്യാപൃതനായിരുന്നു. അവിടുത്തെ തീരാകാരുണ്യത്തിന്‍റെ വാഹകരാകുക എന്നതാണ് അസന്നമാകുന്ന ക്രിസ്തുമസ്സിനുള്ള ഏറ്റവും നല്ല ഒരുക്കം. ക്രിസ്തുവിന് മുന്‍പും പിന്‍പും വന്ന് മനുഷ്യരുടെ ഉള്ളടരുകളെ ദീപ്തമാക്കിയ എണ്ണിയാലൊടുങ്ങാത്ത ഗുരുക്കന്മാരുണ്ട്. യോഹന്നാനെക്കുറിച്ചുള്ള സുവിശേഷത്തിന്‍റെ കണ്ടെത്തല്‍ അവര്‍ക്കു ചേരും, “ദൈവം അയച്ച മനുഷ്യര്‍,” വെളിച്ചത്തിനു സാക്ഷൃംനല്കാന്‍ വന്നവര്‍! അവരില്‍ത്തന്നെ വെളിച്ചം പൂര്‍ണ്ണമായിരുന്നില്ല. കാരണം എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ പ്രകാശം ലോകത്തിലേയ്ക്ക് വന്നുകഴിഞ്ഞിരുന്നു (യോഹ. 1, 6-8).

വെളിച്ചത്തിനുവേണ്ടിയുള്ള നിറയെ പ്രാര്‍ത്ഥനകള്‍ വേദങ്ങളില്‍ നിറയെയുണ്ട്. അവന്‍റെ വീഥികളിലേയ്ക്ക് വന്ന ഓരോ മനുഷ്യനും വെളിച്ചത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്.
“കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എനിക്ക്, ഞങ്ങള്‍ക്ക് കണ്ണു തുറന്നുകിട്ടണം.” (മത്തായി 20, 30, 32). കാഴ്ചലഭിക്കാന്‍വേണ്ടി അവിടുന്ന് നമ്മുടെ മിഴികളിലെഴുതാന്‍ പോകുന്ന അഞ്ജനത്തെക്കുറിച്ച് വെളിപാട് പുസ്തകം രേഖപ്പെടുത്തുന്നുണ്ട് (വെളിപാട് 3, 18).

എന്നാല്‍ ഈ വിളക്ക് കെട്ടുപോകുമോ, ആവോ? അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു. ഒമ്പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു (ലൂക്കാ 23, 44-45). അവിടുന്ന് കടന്നുപോകുമ്പോള്‍ ജീവിതത്തിന്‍റെ മദ്ധ്യാഹ്നങ്ങളിലും എന്‍റെ സൂര്യന്‍ കെട്ടുപോകുന്നു – ഇരുട്ടിനെക്കാള്‍ ഇരുട്ടാകുന്നു എന്‍റെ ജീവിതമിപ്പോള്‍ .... ഉള്ളിലെ ചെരാതുകളെ കണ്ടെത്തി, തെളിയിച്ചിട്ടുവേണം ഒരാള്‍ വെളിച്ചത്തിന്‍റെ ഈ മഹാഗുരുവിനെ പ്രണമിക്കാന്‍. ക്രിസ്തുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ‘പറയുടെ കീഴില്‍ ഒളിപ്പിച്ചുവച്ച വിളക്കുകള്‍ നമ്മിലുണ്ട്. അവയെ കണ്ടെത്തി മൂര്‍ദ്ധാവെന്ന ദീപപിഠത്തില്‍ പ്രതിഷ്ഠിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
രോഗിണിയായിരിക്കുമ്പോള്‍ തന്‍റെ അടുക്കലെത്തിയ സന്ദര്‍ശകരില്‍നിന്ന് മുറിതിരികള്‍ ചോദിച്ചു വാങ്ങുമായിരുന്നു ഒരു കന്യാസ്ത്രീ. രാത്രിയില്‍ അവളത് ഇടനാഴികളിലും വഴിയോരത്തുമൊക്കെ മറ്റുള്ളവര്‍ക്കുവേണ്ടി തെളിച്ചുവയ്ക്കുമായിരുന്നു. ഇപ്പോള്‍ അവളുടെ മുമ്പില്‍ തിരിനാളങ്ങള്‍ അണഞ്ഞ നേരമില്ല, ഭരണങ്ങാനത്തെ വിശുദ്ധ, അല്‍ഫോന്‍സാമ്മാ...!!

പ്രപഞ്ചത്തിന്‍റെ ദീപാവലിയാണ് ക്രിസ്തുമസ്സ്. ആസാധാരണമായൊരു നക്ഷത്രത്തിന്‍റെ അടയാളമായിട്ടായിരുന്നു വിശ്വപ്രകൃതി അതിനെ ഘോഷിച്ചത്.
ചെറിയ അതിരുകളുടെ പറയ്ക്കു കീഴില്‍ ആ പ്രകാശത്തെ പരിമിതപ്പെടുത്തുക എന്ന അപരാധം നാം ചെയ്യാതിരിക്കാന്‍, യോഹന്നാന്‍ അതിനെ വിശേഷപ്പിച്ചത്, ‘മനുഷ്യരുടെ വെളിച്ച’മെന്നാണ്. ക്രിസ്തു മനുഷ്യരുടെ വെളിച്ചമാണ്. അവിടുന്ന് വിശ്വപ്രകാശമാണ്. മഹാരാഷ്ട്രയിലെ വാര്‍ധായിലാണല്ലോ, സ്വാതന്ത്ര്യസേനാനിയും ഭാരതത്തിന്‍റെ ആത്മീയചാര്യനുമായ വിനോബാ ഭാവേയുടെ ആശ്രമം. ധ്യാനസ്ഥലത്തേയ്ക്കുള്ള വഴിയെ ത്യാഗവീഥിയെന്നാണ് പേരിട്ടിരിക്കുന്നത്. ധ്യാനസ്ഥലത്ത് ക്രിസ്തുവിന്‍റെ ക്രൂശിതരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത് ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. അവിടെനിന്നും അത് ഒഴിവാക്കാന്‍ പലരും ശഠിച്ചിരുന്നു. ആചാര്യന്‍ വഴങ്ങിയില്ല. അതിപുരാതനമായ പ്രാര്‍ത്ഥനയുടെയും ഉത്തരമാണ് ക്രിസ്തു... തമഃസ്സോമഃ ജ്യോതിര്‍ഗഗമയാഃ ദൈവമേ, തമസ്സില്‍നിന്ന്, തിന്മയുടെ ഇരുട്ടില്‍നിന്ന്
ഞങ്ങളെ അങ്ങേ ദിവ്യജ്യോതിസ്സിലേയ്ക്കു നയിക്കണമേ.
Prepared by Nellikal, Radio Vatican







All the contents on this site are copyrighted ©.