2013-12-04 17:49:44

നവീകരണപദ്ധതിയുമായി
എട്ട് അംഗ കര്‍ദ്ദിനാള്‍ സംഘം


4 ഡിസംബര്‍ 2013, വത്തിക്കാന്‍
സഭാ നവീകരണ പദ്ധതിയുമായി കര്‍ദ്ദിനാളന്മാരുടെ കമ്മിഷന്‍ വീണ്ടും വത്തിക്കാനില്‍ സമ്മേളിച്ചു.
പാപ്പാ തിരഞ്ഞെടുത്ത കര്‍ദ്ദിനാളന്മാരുടെ 8-അംഗ സംഘം ഡിസംബര്‍ 3-ാം തിയതി മുതലാണ് വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്നത്. ആഗോള സഭാ നവീകരണത്തില്‍ സഹായിക്കുക എന്നതാണ് പാപ്പായുടെ അദ്ധ്യക്ഷതയിലുള്ള കമ്മിഷന്‍റെ പ്രവര്‍ത്തന ലക്ഷൃമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

വത്തിക്കാന്‍റെ വിവിധ ഭരണസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനര്‍പരിശോധിച്ചുകൊണ്ട് സഭയുടെ നവീകരണം യാഥാര്‍ത്ഥ്യമാക്കുകയാണ് കമ്മിഷന്‍റെ കര്‍മ്മപദ്ധതി. വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങള്‍ക്ക് ഇന്നുവരെ മാര്‍ഗ്ഗരേഖയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്രോഡീകരിച്ച Pastor Bonus നല്ലിടയന്‍, എന്ന അപ്പസ്തോലിക പ്രബോധനം സൂക്ഷ്മമായി പഠിച്ച്, അതിന്‍റെ വെളിച്ചത്തില്‍ വത്തിക്കാന്‍ ഭരണസംവിധാനത്തിന്‍റെ നവീകരണത്തിനുള്ള പുതിയൊരു പ്രബോധനം തയ്യാറാക്കുകയാണ് കമ്മിഷന്‍റെ പ്രവര്‍ത്തനരീതെയെന്നും ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഇറ്റലിയിലെ അല്‍ബാനോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മര്‍സേല്ലോ സെമെറാറോ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍ ഡിസംബര്‍ 5-വരെ സമ്മേളിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമങ്ങളെ അറിയിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.