2013-12-04 17:36:35

ആഗമനകാലം – പ്രത്യാശയുടെ
ആത്മീയയാത്ര


2 ഡിസംബര്‍ 2013, വത്തിക്കാന്‍
ആഗമനകാലം ആദ്യവാരത്തിലെ ഞായറാഴ്ചയോടെ നാം പുതിയൊരു ആരാധനക്രമവത്സരം ആരംഭിക്കുകയാണ്. ദൈവരാജ്യത്തിന്‍റെ നിറവിലേയ്ക്ക് ചരിത്രത്തില്‍ നമ്മെ നയിക്കുന്ന നല്ലിടയനായ ക്രിസ്തുവിന്‍റെകൂടെയുള്ള ദൈവജനത്തിന്‍റെ ആത്മീയതീര്‍ത്ഥാടനമാണ് ആഗോളസഭയില്‍ ഇന്നേദിവസം ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ
ഈ ദിനങ്ങള്‍ക്ക് പ്രത്യേക ഭംഗിയും മനസ്സുകളില്‍ ആഴമായ ചരിത്രബോധമുണര്‍ത്താനും കഴിവുണ്ട്.
മനുഷ്യകുലം മുഴുവനും - ജനതകളും, സംസ്ക്കാരങ്ങളും, രാജ്യങ്ങളും സഭയോടു ചേര്‍ന്ന് നവമായൊരു പാന്ഥാവിലൂടെ തങ്ങളുടെ വിളിയും ജീവിതദൗത്യവും പുനരാവിഷ്ക്കരിക്കുന്ന ജീവിതയാത്രയുടെ സവിശേഷ ഘട്ടമാണ് ആഗമനകാലം.

1. എന്നാല്‍ എങ്ങോട്ടാണീ യാത്ര? യാത്രയുടെ ലക്ഷൃം ഒന്നാണോ?
അങ്ങനെയെങ്കില്‍ എന്താണീ ലക്ഷൃം?
ഏശയാ പ്രവാചകന്‍വഴിയാണ് കര്‍ത്താവ് നമുക്ക് ഉത്തരംനല്കുന്നത്. അതിങ്ങനെയാണ്: “അവസാന നാളുകളില്‍ കര്‍ത്താവിന്‍റെ ആലയം സ്ഥിതിചെയ്യുന്ന പര്‍വ്വതം എല്ലാ പര്‍വ്വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നുനില്‍ക്കും. എല്ലാ ജനതകളും അതിലേയ്ക്ക് ഒഴുകും. അന്ന് അവര്‍ പറയും. വരുവിന്‍, നമുക്ക് കര്‍ത്താവിന്‍റെ ഗിരിയിലേയ്ക്ക്, യാക്കോബിന്‍റെ ദൈവത്തിന്‍റെ ഭവനത്തിലേയ്ക്ക് പോകാം. തന്‍റെ മാര്‍ഗ്ഗങ്ങള്‍ അവിടുന്ന് നമ്മെ പഠിപ്പിക്കും.
ആ പാതകളില്‍ നാം ചരിക്കും” (ഏശയ്യ 2, 2-3). നാം ഉന്നംവയ്ക്കുന്ന ലക്ഷൃത്തെക്കുറിച്ച് ഏശയ്യാ പറയുന്നത് ഇപ്രകാരമാണ്.

ജരൂസലേമിലേയ്ക്കുള്ള പ്രയാണം ജനതകളുടെ ആഗോള തീര്‍ത്ഥാടനമാണ്. കാരണം ജരൂസലേമിലാണ്, ജരൂസലേമാണ് കര്‍ത്താവിന്‍റെ ആലയം. മാത്രമല്ല അവിടെനിന്നുമാണ് അവിടുത്തെ ദൈവിക മുഖകാന്തിയും കല്പനകളും മനുഷ്യര്‍ക്കു വെളിപ്പെട്ടുകിട്ടിയത്. വെളിപാടിന്‍റെ പൂര്‍ത്തീകരണം ക്രിസ്തുവാണ്. അവിടുന്നു തന്നെയാണ് ദൈവമായ കര്‍ത്താവിന്‍റെ ആലയം. അവിടുന്നാണ് മാംസംധരിച്ച വചനം. ദൈവജനത്തിന്‍റെ ജീവിതത്തിലെ തീര്‍ത്ഥാടന ലക്ഷൃവും, ഒപ്പം മാര്‍ഗ്ഗവും ക്രിസ്തുവാണ്. അവിടുന്നു തെളിയിക്കുന്ന
പ്രകാശധാരയില്‍ സകലജനങ്ങള്‍ക്കും ദൈവരാജ്യത്തിന്‍റെ നീതിയുടെയും സമാധാനത്തിന്‍റെയും പാതയില്‍ ചരിക്കാനാവും. അതിനെക്കുറിച്ച് ഏശയ്യാ വീണ്ടും ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “അവിടുന്ന് ജനതകളുടെ മദ്ധ്യത്തില്‍ വിധികര്‍ത്താവായിരിക്കും. ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവിടുന്ന് അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും, അവരുടെ കുന്തം വാക്കത്തിയുമായി കര്‍ത്താവ് അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ പിന്നെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയുമില്ല” (ഏശയ്യ 2, 4).

പ്രാവചക ചിന്തകള്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ. ‘നിങ്ങളുടെ വാളും പരിചയും കുന്തവുമെല്ലാം ഇല്ലാതാക്കപ്പെടും. ഇനി യുദ്ധമുണ്ടാവില്ലെന്ന്.’ എന്നാല്‍ എന്നാണ് ഇതെല്ലാം സംഭവിക്കുക. നമ്മുടെ ആയുധങ്ങള്‍ അടിയറവച്ച്, നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കുന്ന ദിനങ്ങള്‍ എത്ര സന്ദരമായിരിക്കും! ഇതു സാധ്യമാണ്. നാം പ്രത്യാശ കൈവെടിയരുത്. സമാധാനത്തിനായുള്ള പ്രത്യാശയുടെ ദിനങ്ങളാണിത്!

2. ആത്മീയതയുടെ ചക്രവാളങ്ങളിലേയ്ക്കുള്ള
ഒരിക്കലും അവസാനിക്കാത്ത യാത്ര
ആത്മീയതയുടെ ചക്രവാളങ്ങളിലേയ്ക്കുള്ള യാത്ര അവസാനിക്കാത്തതാണ്. അതിനാല്‍ നാം ഓരോരുത്തരും ജീവിതത്തില്‍ നമ്മുടെ അസ്തിത്വത്തിന്‍റെ ലക്ഷൃങ്ങള്‍ രൂപപ്പെടുത്തുകയും പങ്കുവയ്ക്കുകയും നേടേണ്ടിയുമിരിക്കുന്നു. മാത്രമല്ല ഈ ചക്രവാളത്തിനായുള്ള മനുഷ്യകുലത്തിന്‍റെ തിരച്ചില്‍ കാലക്രമത്തില്‍ നവീകരിക്കേണ്ടിയുമിരിക്കുന്നു. നാം ചരിക്കുന്നത് പ്രത്യാശയുടെ ചക്രവാളങ്ങളിലേയ്ക്കാണ്. നാം അനുയാത്രചെയ്യേണ്ട ചക്രവാളമിതാണ്. നാം ആരംഭിച്ചിരിക്കുന്ന ആഗമനകാലം നമ്മെ നയിക്കുന്നത് പ്രത്യാശയുടെ ചക്രവാളത്തിലേയ്ക്കാണ്. നമ്മെ ഒരിക്കലും ഭഗ്നാശരാക്കാത്ത, നിരാശപ്പെടുത്താത്ത ദൈവികതയുടെ അല്ലെങ്കില്‍ ദൈവവചനത്തിന്‍റെ അനശ്വര ചക്രവാളത്തിലേയ്ക്കാണ് വിശുദ്ധമായ ഈ ദിനങ്ങള്‍ നമ്മെ വിളിക്കുന്നത്. വിളിക്കുന്നവന്‍ വിശ്വസ്തനാണ്. നമ്മെ അവിടുന്ന് നിരാശനാക്കുകയിലല്ല, എന്ന സത്യവും ആനന്ദദായകമാണ്.

3. ആത്മീയ തീരങ്ങളിലേയ്ക്കുള്ള യാത്രയ്ക്ക്
മാതൃകയായി നമുക്കൊരു സഹയാത്രികയുണ്ട്
ജീവിതയാത്രയില്‍ നമ്മോടൊത്തു ചരിക്കുന്ന ആത്മീയ അമ്മ, പരിശുദ്ധ കന്യകാ മറിയമാണ്. നസ്രത്തിലെ ആ ഗ്രാമീണ കന്യക തന്‍റെ ഹൃദയത്തില്‍ മനുഷ്യകുലത്തിന്‍റെ ദൈവത്തിനായുള്ള പ്രത്യാശ വഹിച്ചവളാണ്! ദൈവത്തിനായുള്ള മനുഷ്യരുടെ പ്രത്യാശ പൂവണിഞ്ഞത് ഈ അമ്മയുടെ ഉദരത്തിലാണ്. ചരിത്രത്തില്‍ ദൈവം മനുഷ്യനായി അവതരിച്ചത് ഈ കന്യകയിലൂടെയാണ് – ലോക രക്ഷകനായ ക്രിസ്തു! ജീവിതതീര്‍ത്ഥാടനത്തില്‍ എന്നും ദൈവികകാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്ന മനുഷ്യകുലം – എല്ലാ സ്ത്രീ പുരുഷന്മാരും - ആവര്‍ത്തിക്കേണ്ട രക്ഷാഗാനമാണ് മറിയത്തിന്‍റെ സ്തോത്രഗീതം. രക്ഷയുടെ വാഗ്ദാനങ്ങള്‍ക്കായുള്ള സജീവമായ കാത്തിരിപ്പിന്‍റെയും ജാഗ്രതയുടെയും ഇക്കാലയളവില്‍, ജീവിതവഴികള്‍ നന്നായി അറിയുന്ന പരിശുദ്ധ അമ്മ നമുക്ക് തുണയായിരിക്കട്ടെ.
Translated by nellikal, Radio Vatican








All the contents on this site are copyrighted ©.